Advertisement
national new
ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; രാജിവെച്ച് ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 10, 09:30 am
Monday, 10th July 2023, 3:00 pm

ഭോപാല്‍: ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച സംഭവത്തില്‍ സിദ്ധി ജില്ലയിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറി വിവേക് കോള്‍ രാജി വെച്ചു. രാജിക്കത്ത് മധ്യപ്രദേശ് ബി.ജെ.പി പ്രസിഡന്റ് വി.ഡി ശര്‍മ്മക്ക് അയച്ചിട്ടുണ്ടെന്ന് വിവേക് അറിയിച്ചു.

മൂന്ന് മാസം മുമ്പായിരുന്നു പ്രവേശ് ശുക്ല എന്ന ബി.ജെ.പി നേതാവ് ദശ്മത് റാവത്തിന്റെ മുഖത്ത് മൂത്രമൊഴിച്ചത്. ഇത് വൈറലായതോടെ മധ്യപ്രദേശ് സര്‍ക്കാറിന് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ദശ്മത് റാവത്തിനെ തന്റെ വസതിയില്‍ എത്തിച്ച് കാല്‍കഴുകി ആദരിച്ചിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രി പങ്കുവെക്കുകയും ചെയ്തു. സിദ്ധിയില്‍ നേരിട്ട അപമാനത്തിന് മുഖ്യമന്ത്രി അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

മധ്യപ്രദേശ് ബി.ജെ.പി പ്രസിഡന്റ് വി.ഡി ശര്‍മ്മക്ക് ഇ.മെയില്‍ വഴിയാണ് രാജിക്കത്ത് അയച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് വിവേക് പറഞ്ഞു. രാജിയെ കുറിച്ചുള്ള തന്റെ തീരുമാനം അന്തിമമാണെന്നും രാജി പിന്‍വലിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ രാജിയെ കുറിച്ചുള്ള എന്റെ തീരുമാനം അന്തിമമാണ്. രണ്ട് ദിവസം മുന്‍പ് രാജിക്കത്ത് ഇമെയില്‍ വഴി മധ്യപ്രദേശ് ബി.ജെ.പി പ്രസിഡന്റ് വി.ഡി ശര്‍മ്മക്ക് അയച്ചിട്ടുണ്ട്. ബി.ജെ.പി ഭാരവാഹികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലും ഞാനത് പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജി പിന്‍വലിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല,’ അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.

സിദ്ധി ബി.ജെ.പി എം.എല്‍.എ കേദാര്‍നാഥ് ശുക്ലക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് രാജിക്കത്തില്‍ വിവേക് ഉന്നയിക്കുന്നത്. കേദാര്‍നാഥിന്റെ ആദിവാസി ഭൂമി കയ്യേറ്റവും മറ്റ് പ്രവര്‍ത്തികളും തന്നെ വേദനിപ്പിച്ചെന്ന് വിവേക് കത്തില്‍ പറയുന്നു.

കേദാര്‍നാഥിന്റെ അനുയായി ആയ ഒരാള്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച നടപടി തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിക്ക് കേദാര്‍നാഥ് ശുക്ലയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ബി.ജെ.പി തള്ളി.

പ്രതിയായ പ്രവേശ് ശുക്ലയെ ജൂലൈ അഞ്ചിന് സിദ്ധി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റേവ സെന്‍ട്രല്‍ ജയിലിലാണ് ശുക്ലയിപ്പോള്‍ ഉള്ളത്. ഇയാളുടെ അനധികൃത കെട്ടിടങ്ങള്‍ സര്‍ക്കാര്‍ പൊളിക്കുകയും ചെയ്തിരുന്നു.

ദളിത് യുവാവ് ദശ്മത് റാവത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ 6.5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ധനസഹായമായി 6.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Content Highlight: Madhyapradesh bjp leader resign from party over urination incident