ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ എല്‍.ഡി.എഫിനെ നയിക്കുമെന്ന് സി.പി.ഐ.എം നേതാവ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകളിലും ഫ്‌ളക്‌സുകളിലും മറ്റും മുഖ്യമന്ത്രിയുടേയോ നേതാക്കന്‍മാരുടെയോ ചിത്രങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പോസ്റ്ററില്‍ അവിടെ കാണുന്നില്ല, ഇവിടെ കാണുന്നില്ല, നായകത്വമില്ല എന്നൊക്കെ പറയുന്നു. ഇവിടെ വളരെ വ്യക്തമായിട്ട് സര്‍ക്കാരിനെയും എല്‍.ഡി.എഫിനെയും നയിക്കുന്നത് പിണറായി വിജയനെന്ന കരുത്തുള്ള കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരിക്കും,’ ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫോട്ടോയും സാന്നിധ്യവുമൊന്നുമല്ല, അദ്ദേഹത്തിന്റെ ഊര്‍ജം തന്നെയാണ് തെരഞ്ഞെടുപ്പിന്റെ കരുത്തെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടിറി സിഎന്‍ രവീന്ദ്രനെയല്ല, ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ. ഇ. ഡി അന്വേഷണത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തിട്ടുണ്ട്. ഇതൊന്നും സര്‍ക്കാരിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.
ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ല. സുപ്രീം കോടതി ഇപ്പോള്‍ പരിഗണിക്കുന്നത് അപ്പീല്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.