തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ച, അഴിമതി തൊണ്ടുതീണ്ടാത്ത എല്‍.ഡി.എഫ് സര്‍ക്കാരിനും അതിന്റെ നേതൃത്വത്തിനുമെതിരെ നടത്തുന്ന കള്ളപ്രചാരവേല ജനങ്ങള്‍ തള്ളിക്കളയുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കള്ളക്കഥകള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും സി.പി.ഐ.എമ്മിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ എം.വി. ഗോവിന്ദന്‍ പറഞ്ഞു.
മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളും സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങളും കൂടി ഏറ്റെടുത്താണ് സി.പി.ഐ.എം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കള്ളക്കഥകള്‍ ഓരോന്നായി മെനയുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയിലും അതിനുമുമ്പും ഇതായിരുന്നു സ്ഥിതി.
അതൊന്നും ജനങ്ങള്‍ മുഖവിലക്കെടുത്തിട്ടില്ല. ജനോപകാരപ്രദമായ നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി കേരളത്തിന്റെ വികസനത്തെ തടയാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ജനങ്ങളാകെ അണിനിരക്കണം. തെളിനീരൊഴുകുന്ന കേരളമെന്ന നദിയില്‍ വിഷം കലക്കാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. വര്‍ഗീയ കലാപത്തിനു കേരളത്തിലും ഈ ശക്തികള്‍ ശ്രമിച്ചു. എന്നാല്‍, അതിനെ ഫലപ്രദമായി തടയാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനു കഴിഞ്ഞു.