വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലങ്ങുവീഴുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ച; രാഹുലിന് പിന്തുണയുമായി എം. സ്വരാജ്
Kerala News
വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലങ്ങുവീഴുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ച; രാഹുലിന് പിന്തുണയുമായി എം. സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th March 2023, 3:22 pm

തിരുവനന്തപുരം: മാനനഷ്ടക്കേസില്‍ പ്രതിയാണെന്ന കോടതി വിധിക്ക് പിന്നാലെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലങ്ങുവീഴുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ചെയാണെന്ന് എം. സ്വരാജ് പറഞ്ഞു.

രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയര്‍ത്തേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു സ്വരാജിന്റെ പ്രതികരണം.

‘ജനാധിപത്യം കേവലം ഒരു വാക്കു മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നു.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രിയെയും അഴിമതിയെയും വിമര്‍ശിക്കുക എന്ന ലക്ഷ്യമാണ് ആ പ്രസംഗത്തിനുള്ളതെന്നും പകലു പോലെ വ്യക്തമാണ്.
വിയോജിപ്പുകള്‍ക്കും
വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും
വിലങ്ങു വീഴുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം ഫാസിസത്തിന്റെ കാലൊച്ച തന്നെയാണ്.
കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെയാണ്.

രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ആഴം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് മനസിലായാലും ഇല്ലെങ്കിലും എല്ലാ ജനാധിപത്യവാദികളും പ്രതിഷേധമുയര്‍ത്തേണ്ട സന്ദര്‍ഭമാണിത്,’ സ്വരാജ് ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, മാനനഷ്ടക്കേസില്‍ അയോഗ്യനാക്കിയുള്ള സൂറത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെതിരായ നടപടി. ലോക്സഭാ സെക്രട്ടേറിയേറ്റാണ് അയോഗ്യനായിക്കിയ വിജ്ഞാപനം പുറത്തിറക്കിയത്.

2019ല്‍ നടന്ന റാലിക്കിടെ മോദി എന്ന പേരിനെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയുള്ള സൂറത് കോടതി വിധി വന്നത്.