മുസ്‌ലിം ലീഗിന്റെ ചെലവിൽ ശശി തരൂർ നടത്തിയത് ഇസ്രഈൽ ഐക്യദാർഢ്യ സമ്മേളനം: എം. സ്വരാജ്
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ചെലവിൽ ശശി തരൂർ ഇസ്രഈൽ ഐക്യദാർഢ്യ സമ്മേളനമാണ് നടത്തിയതെന്ന് സി.പി.ഐ.എം നേതാവ് എം. സ്വരാജ്.
ഫലസ്തീന്റെ ഭാഗത്ത് നിന്നുണ്ടായത് ഭീകരവാദികളുടെ ആക്രമണമാണെന്ന് പറഞ്ഞ ശശി തരൂർ ഇസ്രഈലിന്റേത് മറുപടിയാണെന്ന് പറഞ്ഞത് വാക്കുകൾക്ക് അർത്ഥമുണ്ടെന്ന് അറിയാഞ്ഞിട്ടല്ലെന്ന് സ്വരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
ഒക്ടോബർ ഏഴാം തീയ്യതിയല്ല ചരിത്രം ആരംഭിച്ചതെന്ന് അദ്ദേഹത്തിന് അറിയാതിരിക്കില്ലെന്നും ഇസ്രഈൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ലെന്നും സ്വരാജ് വിമർശിച്ചു.
‘ഫലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് “ഭീകരവാദികളുടെ അക്രമ”ണമാണെന്ന് ഡോ.ശശി തരൂർ ഉറപ്പിക്കുന്നു.
ഒപ്പം ഇസ്രഈലിന്റേത് “മറുപടി ” യും ആണത്രെ! വാക്കുകൾക്ക് അർത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം,’ സ്വരാജ് പറഞ്ഞു.
2009ൽ ഇസ്രഈലിനെ പ്രശംസിച്ചുകൊണ്ട് ലേഖനം എഴുതിയ തരൂർ മുസ്‌ലിം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കുന്നത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഹമാസിനെ ഭീകരവാദികൾ എന്ന് സമ്മേളനത്തിൽ വിശേഷിപ്പിച്ച തരൂരിന് പരോക്ഷ മറുപടിയായി പ്രതിരോധവും ഭീകരവാദവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണമെന്ന് മുനീർ മറുപടി നൽകിയിരുന്നു.
സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിം ലീഗിന്റെ ചെലവിൽ ഡോ.ശശി തരൂർ ഇസ്രഈൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയിരിക്കുന്നു.
രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും
ഫലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് “ഭീകരവാദികളുടെ അക്രമ”ണമാണെന്ന് ഡോ.ശശി തരൂർ ഉറപ്പിക്കുന്നു.
ഒപ്പം ഇസ്രഈലിന്റേത് “മറുപടി ” യും ആണത്രെ …..!
വാക്കുകൾക്ക് അർത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം.
ഒക്ടോബർ ഏഴാം തീയ്യതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല.
എന്നിട്ടും ഇസ്രഈൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല.
തെൽ അവീവിൽ നിന്ന് ഇസ്രഈലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്നും ഡോ. ശശി തരൂരും ഫലസ്തീനെ അക്രമിക്കുമ്പോൾ മുസ്‌ലിം ലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ച ആഹ്ലാദത്തിലാണ്.
Content highlight: M Swaraj says Shashi tharoor conducted israel Solidarity conference in Muslim League platform