'ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷംസീറും സ്വരാജും
Kerala
'ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷംസീറും സ്വരാജും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th May 2022, 10:51 am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം നേതാക്കള്‍.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മഹാന്‍മാരായ പല പ്രസിഡന്റുമാരുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവമുള്ള വ്യക്തിയാണ് ഇന്നത്തെ കെ.പി.സി.സി പ്രസിഡന്റ് എന്നായിരുന്നു എം.എല്‍.എ എ.എന്‍. ഷംസീറിന്റെ പ്രതികരണം.

മുഖ്യമന്ത്രിക്കെതിരായ ഇത്തരമൊരു ആക്ഷേപം ശരിയല്ലെന്നാണ് കേരളത്തിന്റെ പൊതുവികാരം. സംസാരിക്കുമ്പോള്‍ മാന്യത പുലര്‍ത്തണം. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചിന്തന്‍ ശിബിരമൊന്നും നടത്തിയതുകൊണ്ട് കാര്യമില്ല. കെ.പി.സി.സി പ്രസിഡന്റുമാര്‍ക്ക് എങ്ങനെ മാന്യമായി സംസാരിക്കാമെന്ന ക്ലാസാണ് നല്‍കേണ്ടതെന്നും ഷംസീര്‍ പരിഹസിച്ചു.

സുധാകരന്‍ നടത്തുന്ന പ്രസ്താവന കെ.പി.സി.സിക്ക് തന്നെ ബാധ്യതയാവുകയാണെന്നും ഇതിനെതിരേ ശക്തമായ ജനവികാരം ഉയര്‍ന്നുവരണമെന്നും ഷംസീര്‍ തൃക്കാക്കരയില്‍ പറഞ്ഞു.

സുധാകരന്‍ ബി.ജെ.പിയിലേക്ക് പോകുന്നതിന് സമയംനോക്കി കാത്തിരിക്കുന്ന നേതാവാണെന്നും ഗൗരവമുള്ള പരിശോധനയ്‌ക്കോ ചര്‍ച്ചയ്‌ക്കോ പോലും വിധേയമാക്കാന്‍ കഴിയാത്ത വ്യക്തിത്വവും പെരുമാറ്റവുമാണ് അദ്ദേഹത്തിന്റെതെന്നും എം. സ്വരാജ് വിമര്‍ശിച്ചു.

മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മുഖ്യമന്ത്രിയെ പുലഭ്യം പറയാന്‍ സുധാകരന് ആരാണ് അവകാശം കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായ കണക്കെ എന്ന് വിളിച്ച സുധാകരന്റെ പരാമര്‍ശം തൃക്കാക്കര പ്രചാരണത്തില്‍ മുഖ്യ വിഷയമായി ഉയര്‍ത്താനാണ് ഇടത് മുന്നണിയുടെ തീരുമാനം.

കെ.പി.സി.സി അധ്യക്ഷനെതിരെ സി.പി.ഐ.എം ഇന്ന് പരാതി നല്‍കിയേക്കും. ബൂത്ത് തലത്തില്‍ പ്രതിഷേധത്തിന് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ മുഖ്യമന്ത്രിയെ മോശമായി പരാമര്‍ശിച്ചിട്ടില്ലെന്നും അങ്ങനെ തോന്നുന്നെങ്കില്‍ അത് പിന്‍വലിക്കുന്നുവെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്നതിനെയാണ് വിമര്‍ശിച്ചതെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയില്‍ സര്‍ക്കാര്‍ ചെലവില്‍ പണിയെടുക്കുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും സുധാകരന്‍ വിശദീകരണം നല്‍കിയിരുന്നു.

Content Highlight: M Swaraj and AM Shamseer against K Sudhakatan Comment on Pinarayi Vijayan