കോഴിക്കോട്: ചാനല്‍ ചര്‍ച്ചയ്ക്കിടെ കേരളത്തെയും മലയാളികളെയും അപമാനിച്ച അര്‍ണാബ് ഗോ സ്വാമിക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.സ്വരാജ്. ശമ്പളം തരുന്ന മുതലാളി മലയാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി അയാള്‍ക്ക് പരിചയം കാണൂവെന്നും ആ അനുഭവം വെച്ച് പറഞ്ഞതാവുമെന്നുമാണ് സ്വരാജ് പറഞ്ഞത്.
“സത്യത്തില്‍ ഈ മറുപടികളും പ്രതികരണവും അനാവശ്യമാണ്. പൊതുവഴിയാണ്, മനുഷ്യര്‍ മാത്രമല്ലല്ലോ നടക്കുന്നത്. ചിലയിടത്ത് മാലിന്യങ്ങള്‍ കണ്ടേക്കാം. മാലിന്യത്തില്‍ തട്ടാതെ ഇത്തിരി മാറി നടക്കുന്നതാണ് അഭികാമ്യം” സ്വരാജ് പറഞ്ഞു.
Read Also : “മോനെ ഗോസ്വാമി നീ തീര്‍ന്നു”; മലയാളികളെ അപമാനിച്ച അര്‍ണാബ് ഗോസ്വാമിക്കെതിരെ അജുവര്‍ഗീസ്
പശു മനുഷ്യനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അയാള്‍ സത്യസന്ധമായി അഭിപ്രായം പറഞ്ഞതാവാമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം അര്‍ണാബിന്റെ ചാനലായ റിപ്പബ്ലിക്കില്‍ നടത്തിയ ചര്‍ച്ചയിക്കിടെയായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന.
നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് മലയാളികള്‍ എന്നായിരുന്നു അര്‍ണാബിന്റെ പ്രതികരണം. യു.എ.ഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു അര്‍ണാബ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്. താന്‍ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണാബിന്റെ പ്രസ്താവന.
യു.എ.ഇ സഹായം കെട്ടുകഥയാണെന്നും കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാനാണ് ശ്രമമെന്നുമായിരുന്നു അര്‍ണാബിന്റെ പ്രതികരണം. രാജ്യദ്രോഹമനോഭാവമുള്ളവരാണ് ഇത്തരം പ്രചരണത്തിന് പിന്നിലെന്നും അര്‍ണാബ് പറഞ്ഞിരുന്നു.
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും വ്യാജപ്രചരണം നടത്തുകയാണെന്നും അവര്‍ക്ക് പണം ലഭിക്കുന്നുണ്ടോ എന്നും ചര്‍ച്ചയ്ക്കിടെ അര്‍ണാബ് ചോദിച്ചിരുന്നു. എന്നാല്‍ അര്‍ണാബിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.