അല്‍പത്തരത്തിന്റെ വികൃതരൂപങ്ങളാണ് ഇന്നത്തെ ചാനല്‍ ചര്‍ച്ചകള്‍, പങ്കെടുക്കാന്‍ ലവലേശം താത്പര്യമില്ല: എം.സ്വരാജ്
Kerala News
അല്‍പത്തരത്തിന്റെ വികൃതരൂപങ്ങളാണ് ഇന്നത്തെ ചാനല്‍ ചര്‍ച്ചകള്‍, പങ്കെടുക്കാന്‍ ലവലേശം താത്പര്യമില്ല: എം.സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th December 2024, 12:08 pm

കോഴിക്കോട്: മലയാളത്തിലെ ഇന്നത്തെ ചാനല്‍ ചര്‍ച്ചകള്‍ അല്‍പത്തരത്തിന്റെ വികൃതരൂപങ്ങളാണെന്നും അവയില്‍ പങ്കെടുക്കാന്‍ തനിക്ക് ലവലേശം താത്പര്യമില്ലെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ എം.സ്വരാജ്. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.സി.ആറിന് മേല്‍ അധികാരമുള്ളത് കൊണ്ട് താന്‍ നയിക്കുന്ന ചര്‍ച്ചയില്‍ താന്‍ തന്നെ ജയിക്കണമെന്ന ധാരണയാണ് ഇന്നത്തെ ചര്‍ച്ചകള്‍ നയിക്കുന്ന അവതാരകര്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നിശ്ചയിച്ച മറ്റു ചുമതലകളുള്ളതിനാല്‍ അത് ചര്‍ച്ചകളില്‍ പങ്കെടുക്കാതിരിക്കാനുള്ള സൗകര്യമായി താന്‍ കാണുന്നതായും എന്നാല്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ താന്‍ ഇനിയും ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്കും അത് കാണുന്നവര്‍ക്കും സമയം നഷ്ടമാകുന്നു എന്നല്ലാതെ അറിവിനെയും ധാരണകളെയും മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും എം.സ്വരാജ് അഭിമുഖത്തില്‍ പറഞ്ഞു. ഇന്നത്തെ അവതാരകരില്‍ മഹാഭൂരിഭാഗവും ജനാധിപത്യ വിരുദ്ധരും സ്വേച്ഛാധിപത്യ മനോഭാവം വെച്ചുപുലര്‍ത്തുന്നവരുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘2003ലാണ് ഞാന്‍ ആദ്യമായി ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്ത അവതാരകരൊന്നും അന്ന് ഈ രംഗത്ത് എത്തിയിട്ടില്ല എന്നാണ് തോന്നുന്നത്. ടെലിവിഷന്‍ ചര്‍ച്ചകളെ മാത്രമല്ല, പൊതുവായ ചര്‍ച്ചകളെയും സംവാദങ്ങളെയും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. രാഷ്ട്രീയ സംവാദങ്ങളോടും ചര്‍ച്ചകളോടും താത്പര്യമുള്ള വ്യക്തിയുമാണ്. പക്ഷേ, എന്റെ അഭിപ്രായത്തില്‍ ഇന്ന് ടെലിവിഷന്‍ ചാനലുകളില്‍ ചര്‍ച്ചകളേ ഇല്ല. മറിച്ച് ഇന്ന് നടക്കുന്നത് എന്റര്‍ടെയ്ന്‍മെന്റ് ഷോകളാണ്. അത് അങ്ങേയറ്റം നിരാശാജനകവുമാണ്.

ബഹളമയമായി, വിവാദങ്ങളായി, തര്‍ക്കങ്ങളായി, തെറിവിളികളും അധിക്ഷേപങ്ങളുമായി കയ്യാങ്കളിയുടെ വക്കോളമെത്തുന്ന രീതിയില്‍ സ്‌തോഭജനകമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം ഒരു ഷോ ആയി മാറിയിരിക്കുന്നു. കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കണമെങ്കില്‍ അസാധാരണമായ എന്തെങ്കിലും പ്രശ്‌നങ്ങളും ബഹളങ്ങളും ഉണ്ടാകണമെന്ന നിലയിലെത്തി. എന്നാല്‍ 2003ല്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ അങ്ങനെയായിട്ടില്ല കാര്യങ്ങള്‍.

പിന്നീട് ഒരു കാലത്ത് പാര്‍ട്ടി നിര്‍ദേശ പ്രകാരം ചാനല്‍ ചര്‍ച്ചകളില്‍ ഞാന്‍ സജീവമായി പങ്കെടുത്തിരുന്നു. അക്കാലത്ത് ഓരോ സന്ദര്‍ഭങ്ങളിലും ചര്‍ച്ചകളുടെ സ്വഭാവം മാറിവന്നിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഏറ്റവും പ്രതിലോമകരമായി ഈ ചര്‍ച്ചകള്‍ മാറി. ചര്‍ച്ചകള്‍ നയിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ തന്നെ ആ നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. സൃഷ്ടിപരമായി ചര്‍ച്ചകള്‍ നടത്താന്‍ ചാനലുകള്‍ ആഗ്രഹിക്കുന്നില്ല.

വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് ചര്‍ച്ചകള്‍ എന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുള്ളത്. ഒരു വിഷയത്തിന്റെ വിവിധ വശങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ചര്‍ച്ചയുടെ ലക്ഷ്യം. ഇന്ന് ഏതെങ്കിലുമൊരു ചര്‍ച്ചയില്‍ അങ്ങനെയാണോ നടക്കുന്നത്?
അവതാരകര്‍ക്കിപ്പോള്‍ ഭാരിച്ച പണിയാണ്. സംഘര്‍ഷഭരിതമായി പ്രേക്ഷകരെ പിടിച്ചിരിത്തുക എന്ന അവരുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമായി ചര്‍ച്ചകള്‍ ഇന്ന് മറ്റെന്തോ ആയി മാറിയിരിക്കുന്നു.

ഏറ്റവും കടുത്ത ജനാധിപത്യ വിരുദ്ധത, പരസ്പര ബഹുമാനമില്ലായ്മ, ചര്‍ച്ച ചെയ്യുന്ന വിഷയത്തോട് യാതൊരു വിധത്തിലും നീതി പുലര്‍ത്താതിരിക്കുക, നിക്ഷിപ്തമായ രാഷ്ട്രീയ താത്പര്യങ്ങളും അജണ്ടകളും കടന്നു കൂടുകയും ചെയ്യുന്നു. ഈ രീതിയില്‍ ഒരു ദൃശ്യപാതകമായി ടെലിവിഷന്‍ ചര്‍ച്ചകള്‍ മാറി. മാധ്യമ രംഗത്തെ മാലിന്യമായി ചര്‍ച്ചകളെ മാറ്റിയെടുക്കുന്നതിനാണ് ഇക്കൂട്ടര്‍ക്ക് താത്പര്യമെന്നാണ് തോന്നുന്നത്.

ഒരു ചര്‍ച്ച സൃഷ്ടിപരമായി മുന്നോട്ട് നയിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്ക് അവതാരകര്‍ക്കാണ്. എന്നാല്‍ ഇന്ന് അവതാരകാരായുള്ള ഏതാണ്ടെല്ലാവരും ഏറ്റവും കടുന്ന ജനാധിപത്യ വിരുദ്ധരും സ്വേച്ഛാധിപത്യ പ്രവണതയുള്ളവരുമാണ്. ഒരു മണിക്കൂര്‍ നേരത്തേക്ക് ഒരു ചര്‍ച്ചയുടെ മേലില്‍ ലഭിക്കുന്ന സാന്ദര്‍ഭിക അധികാരം മാത്രമാണ് അവതാരകരുടെ അധികാരം. അതിനപ്പുറത്തേക്ക് ഒന്നുമില്ല. അവര്‍ ചര്‍ച്ചചെയ്യുന്ന വിഷയത്തിന്റെ വിവിധ തലങ്ങളെ ശരിയായ രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനാണ് ശ്രമിക്കേണ്ടത്.

എന്നാല്‍ അരോചകമാം വിധം പക്ഷം പിടിച്ചുള്ള ആക്ഷേപങ്ങളാണ് അവരില്‍ നിന്നുണ്ടാകുന്നത്. ഓരോ അവതാരകരും ഓരോ അജണ്ടയോടുകൂടിയാണ് ചര്‍ച്ചയെ നയിക്കാന്‍ വരുന്നത്. അവരൊരു പക്ഷത്ത് നില്‍ക്കുകയാണ്. അവരുടെ വാദമുഖങ്ങള്‍ പൊളിഞ്ഞുപോകുന്നു എന്ന ഒരു ഘട്ടം വരുമ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ ചര്‍ച്ച തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്തൊരു അപര്യാദയാണത്.

സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. വേണമെങ്കില്‍ സമയം നിശ്ചയിക്കാം. രണ്ട് മിനിറ്റ് സംസാരിക്കമെന്ന് പറഞ്ഞാല്‍ രണ്ട് മിനിറ്റ് സംസാരിക്കും. അത് അസ്വീകാര്യമായിരിക്കാം, ചിലപ്പോള്‍ വസ്തുതകള്‍ക്ക് ചേരാത്തതുമായിരിക്കാം. പക്ഷെ, അത് അതിന് ശേഷം ചൂണ്ടിക്കാണിക്കേണ്ടതോ, പ്രേക്ഷകര്‍ വിലയിരുത്തേണ്ടതോ ആണ്.

നിങ്ങളോട് ഒരു ചോദ്യം ചോദിക്കുകയും ആ ചോദ്യത്തിന് മറുപടി പറയുമ്പോള്‍ അതിന്റെ ആദ്യ വാചകത്തിന്റെ ആദ്യ അക്ഷരത്തില്‍ തന്നെ അടുത്ത ചോദ്യം ചോദിച്ചാല്‍ അത് എത്രമാത്രം അപഹാസ്യമാണ്. തുടരെ തടസ്സപ്പെടുത്തുന്നു, മൈക്കിന്റെ ശബ്ദം കുറച്ചുവെക്കുന്നു, ചില നേരങ്ങളില്‍ മൈക്ക് ഓഫാകുന്നു, മറുപടി പറയുന്നതിന് മുമ്പ് തന്നെ മറ്റൊരാളോട് ചോദ്യം ചോദിക്കുന്നു.

നിങ്ങളുടെ അഭിപ്രോയത്തോട് വിയോജിപ്പുള്ള നാല് പേരെ കൊണ്ടിരുത്തി അവതാരകരും അതിനോടൊപ്പം ചേര്‍ന്ന് നിങ്ങള്‍ പറയുന്നതിന്റെ മറുപടി അഞ്ച് പേരെ കൊണ്ട് പറയിക്കുന്നു. ഇതൊക്കെ തീര്‍ത്തും മോശമായ ഒരു മലയാളം വാക്ക് കൊണ്ട് ഞാന്‍ വിലയിരുത്തിയതായി കണക്കാക്കുക.



പലപ്പോഴും അവതാരകരുടെ പ്രകടനം കാണുമ്പോള്‍ തോന്നാറുള്ളത്, യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ ഒരു സര്‍ക്കാര്‍ ഓഫീസിലെ പ്യൂണോ, കളക്ടറോ, മന്ത്രിയോ തുടങ്ങി ജനങ്ങളുമായി ബന്ധപ്പെടുന്ന ഏതെങ്കിലുമൊരു ചുമതലയില്‍ നിയോഗിക്കപ്പെട്ടിരുന്നെങ്കില്‍ അവര്‍ എത്രമാത്രം അപകടകാരിളായ ഏകാധിപതികളും ജനാധിപത്യ വിരുദ്ധരുമായി മാറുമെന്നാണ്.

അഹന്തയും പരപുച്ഛവും പി.സി.ആറിന്റെ മേല്‍ നിയന്ത്രണമുണ്ട് എന്ന ഒറ്റക്കാരണത്താല്‍ നിങ്ങള്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ നിങ്ങള്‍ തന്നെ ജയിക്കും എന്ന് ചിന്തിക്കുകയും ചെയ്യുന്ന അല്‍പ്പത്തരത്തിന്റെ വികൃതരൂപമായിട്ടാണ് ഇന്നത്തെ ചര്‍ച്ചകള്‍ മാറിക്കൊണ്ടിരിക്കുന്നത്.
അത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ലവലേശം താത്പര്യം ഇന്നെനിക്കില്ല.

പാര്‍ട്ടി നിശ്ചയിച്ച മറ്റു ചുമതലകളുടെ തിരക്കുകളുള്ളതിനാല്‍ അത് ഞാനൊരു സൗകര്യമായി എടുക്കുകയും ചെയ്യുന്നു. നാളെ പാര്‍ട്ടി കര്‍ശനമായി ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്ന് പറഞ്ഞാല്‍ ഞാന്‍ പങ്കെടുക്കേണ്ടി വരും. അപ്പോഴും ചര്‍ച്ചകളെ കുറിച്ചുള്ള നിലപാട് ഇതുതന്നെയായിരിക്കാം, ‘ എം. സ്വരാജ് പറഞ്ഞു.

content highlights: M. Swaraj about not participating in channel discussions