Sports News
ഇടിമിന്നലായി വീണ്ടും ധോണി; സ്‌കൈയെ പറഞ്ഞയച്ച് തൂക്കിയത് തകര്‍പ്പന്‍ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Monday, 24th March 2025, 9:32 am

 

ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ മത്സരത്തില്‍ മുംബൈക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155ന് തളയ്ക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചു.

ആവേശം നിറഞ്ഞ മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

മുന്‍ നായകന്‍ രോഹിത് ശര്‍മയെ പൂജ്യത്തിന് പുറത്താക്കിയാണ് ചെന്നൈ തുടങ്ങിയത്. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിവം ദുബെയ്ക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. ടീമിന് വേണ്ടി മികവ് പുലര്‍ത്താന്‍ സാധിച്ചത് സൂര്യകുമാര്‍ യാദവിനും തിലക് വര്‍മയ്ക്കുമാണ്. തിലക് 31 റണ്‍സും നേടിയാണ് കൂടാരം കയറിയത്.

വിക്കറ്റിന് പിന്നില്‍ എം.എസ്. ധോണി ഒരിക്കല്‍ക്കൂടി ഇടിമിന്നലായപ്പോള്‍ സ്‌കൈ 26 പന്തില്‍ 29 റണ്‍സുമായി മടങ്ങി. 10ാം ഓവറിലെ മൂന്നാം പന്തില്‍ നൂര്‍ അഹമ്മദിന്റെ ട്രിക്കി ബോള്‍ മിസ്സായപ്പോള്‍ ധോണിയുടെ അതിവേഗ സ്റ്റംപിങ്ങിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു സൂര്യ. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എം.എസ്. ധോണി. ടി-20സില്‍ ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപ്ഡ് വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമാകാനാണ് ധോണിക്ക് സാധിച്ചത്.

ടി-20സില്‍ ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപ്ഡ് വിക്കറ്റ് നേടുന്ന താരം, വേദി, വിക്കറ്റ്

നൂറുല്‍ ഹസന്‍ (ബംഗ്ലാദേശ്) – മിര്‍പൂര്‍ – 30

മുഷ്ഫിക്കര്‍ റഹീം (ബംഗ്ലാദേശ് – മിര്‍പൂര്‍ – 22

എം.എസ്. ധോണി (ഇന്ത്യ) – ചെന്നൈ

ലിട്ടണ്‍ ദാസ് (ബംഗ്ലാദേശ്) – മിര്‍പൂര്‍ – 20

മത്സരത്തില്‍ അവസാന ഓവറുകളില്‍ ദീപക് ചഹറിന്റെ ചെറുത്തുനില്‍പ്പാണ് മുംബൈയെ 150 കടത്തിയത്. 18 പന്തില്‍ പുറത്താകാതെ 28 റണ്‍സാണ് താരം നേടിയത്. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടി നൂര്‍ അഹമ്മദാണ് ചെന്നൈക്ക് വേണ്ടി തിളങ്ങിയത്. റിയാന്‍ റിക്കല്‍ടണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റോബിന്‍ മിന്‍സ് എന്നിവരെയാണ് താരം മടക്കിയത്.

താരത്തിന് പുറമെ ഖലീല്‍ അഹമ്മദ് നാല് ഓവര്‍ പന്തെറിഞ്ഞ് 29 റണ്‍സിന് മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ആര്‍. അശ്വിനും നഥാന്‍ എല്ലിസും ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് രചിന്‍ രവീന്ദ്രയാണ് 45 പന്തില്‍ പുറത്താകാതെ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 65 റണ്‍സ് നേടിയാണ് താരം പുറത്താകാതെ നിന്നത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 53 റണ്‍സും നേടി അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയാണ് ഗെയ്ക്വാദ് മിന്നും പ്രകടനം കാഴ്ചവെച്ചത്.

മുംബൈയുടെ വിഘ്‌നേശ് പുത്തൂര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ദീപക് ചാഹര്‍, വില്‍ ജാക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: M.S. Dhoni In Great Record Achievement In T’20 Cricket