2024 ഐ.പി.എല്‍ സീസണില്‍ പഞ്ചാബ് കിങ്‌സില്‍ എത്തിയ സൂപ്പര്‍ താരമാണ് ശശാങ്ക് സിങ്. ടീമിന് വേണ്ടി സീസണില്‍ മിന്നും പ്രടകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം 14 മത്സരങ്ങളില്‍ നിന്ന് 44.25 ശരാശരിയില്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 354 റണ്‍സ് നേടി ശശാങ്ക് ശ്രദ്ധേയനായിരുന്നു. തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ 2025ന് ഐ.പി.എല്ലിന് മുന്നോടിയായി പഞ്ചാബ് 5.5 കോടിക്ക് ശശാങ്കിനെ നിലനിര്‍ത്തിയിരുന്നു.
ഇപ്പോള്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എം.എസ്. ധോണിയുമായി സംസാരിച്ചതിനെക്കുറിച്ച് പറയുകയാണ് ശശാങ്ക്. മികച്ച ഫിനിഷറാകാന്‍ ടീമിനായി പത്ത് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങള്‍ മാത്രം നേടിയാല്‍ മതിയെന്ന് ധോണി തനിക്ക് ഉപദേശം നല്‍കിയെന്നും ശശാങ്ക് പറഞ്ഞു.
‘മഹി ഭായിയുമായി (എം.എസ്. ധോണി) സംസാരിക്കുമ്പോള്‍ ഒരു ഫിനിഷര്‍ ആകുന്നതിനെക്കുറിച്ച് അദ്ദേഹം എനിക്ക് വിലപ്പെട്ട ഉപദേശം നല്‍കിയിരുന്നു. ആഗോളതലത്തില്‍ മികച്ച അഞ്ചോ പത്തോ കളിക്കാരുടെ കൂട്ടത്തില്‍ നിങ്ങളെ റാങ്ക് ചെയ്യാന്‍ നിങ്ങളുടെ ടീമിനായി പത്ത് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങള്‍ മാത്രം മതിയെന്ന് അദ്ദേഹം സൂചിപ്പിച്ചു,
ഈ മാര്‍ഗനിര്‍ദേശം എന്റെ ആത്മവിശ്വാസം ഗണ്യമായി വര്‍ദ്ധിപ്പിച്ചു. എനിക്ക് നന്നായി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ചെയ്ത തെറ്റുകളില്‍ നിന്നോ മോശം തീരുമാനങ്ങളില്‍ നിന്നോ പഠിക്കാനും ഞാന്‍ ശ്രമിക്കുന്നു, ശശാങ്ക് സിങ് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.
2024ലെ ഐ.പി.എല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 200 റണ്‍സ് എന്ന വെല്ലുവിളി നിറഞ്ഞ വിജയലക്ഷ്യം 19.5 ഓവറില്‍ മറികടക്കാന്‍ ശശാങ്ക് പഞ്ചാബിനെ സഹായിച്ചിരുന്നു. 29 പന്തില്‍ 61* റണ്‍സ് നേടി പുറത്താകാതെ നിന്ന ശശാങ്ക് ക്രിക്കറ്റ് ലോകത്തെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Content Highlight: M.S Dhoni Give Valuable Advice For Shashank Singh