മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് എം.എം. നിഷാദ്. അദ്ദേഹം പുതുതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യര്‍ ഇന്‍ അറേബ്യ. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, ഉർവശി, മുകേഷ്, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഷൂട്ടിങ് സമയത്തുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ.
ഷൈൻ ടോം ചാക്കോയുടെ കുസൃതികളെക്കുറിച്ചാണ് നിഷാദ് അഭിമുഖത്തിൽ പറയുന്നത്. ഷോട്ട് റെഡിയാകുമ്പോൾ എല്ലാ ആർട്ടിസ്റ്റുകളും വന്നതുകഴിഞ്ഞാൽ ഒരാളെ മാത്രം കാണാതാകുമെന്നും എന്നാൽ ആക്ഷൻ പറയുന്ന സമയത്ത് തൊപ്പിയും കൂളിങ് ഗ്ലാസ്സുമിട്ട്( ഷൈൻ ടോം ചാക്കോ) വരുമെന്നും നിഷാദ് കൂട്ടിച്ചേർത്തു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു പത്തുമണിക്ക് ഷോട്ട് റെഡിയാകുമ്പോൾ ഒരാളെ മാത്രം കാണാനില്ലാതാകും. രണ്ടുദിവസം ഞാനല്പം ടെൻഷനടിച്ചുപോയി. 10 മണിക്ക് ആക്ഷൻ പറയുന്നതിനു മുമ്പ് ആൾ അവിടെ തൊപ്പിയൊക്കെ വെച്ച് കൂളിങ് ഗ്ലാസും വെച്ച് വരും. രണ്ടുദിവസം കഴിഞ്ഞപ്പോൾ എനിക്ക് അത് ശീലമായി കൃത്യസമയത്ത് ആൾ എത്തിക്കോളും.
ക്ലൈമാക്സിന്റെ സമയമായപ്പോൾ ഒരു ബസ്സിന്റെ ഷോട്ട് ഉണ്ട്. എല്ലാ ആർട്ടിസ്റ്റുകൾ ഉണ്ട്. ഈ തൊപ്പി വെച്ച ആളെ കാണുന്നില്ല. പ്രൊഡക്ഷൻ കൺട്രോൾ ഓടിപ്പിടിച്ച് എന്റെ അടുത്ത് വന്നു. ദുബായിൽ സിറ്റി ബസിലാണ് ഷൂട്ട്, ബിഗ് ബസ് എന്ന് പറയും അത് കുറച്ച് സമയമേ നമുക്ക് കിട്ടിയിട്ടുള്ളൂ. ഒരാളൊഴിച്ച് ബാക്കി എല്ലാ ആർട്ടിസ്റ്റുകളും വന്നു.
എനിക്ക് കോൺഫിഡൻസ് ഉണ്ടായിരുന്നു സമയമാകുമ്പോൾ ആള് വരും എന്ന്. ആദ്യം മുകേഷേട്ടൻ വരുന്ന ഷോട്ട് എടുക്കാം അപ്പോഴേക്കും അയാൾ വന്നോളും എന്ന് ഞാൻ പറഞ്ഞു. ബസ് സ്റ്റാർട്ട് ചെയ്യുമ്പോൾ ബസ്സിന്റെ മുകളിൽ എല്ലാവർക്കും മുന്നിൽ ഈ തൊപ്പി വെച്ച ആളുണ്ട്. അതൊരു മിറാക്കിലാണ്. ഒരു ഡയറക്ടറിനെ സംബന്ധിച്ച് ഷോട്ട് വെച്ച് ആക്ഷൻ പറയുമ്പോൾ അയാൾ വരുമ്പോൾ നമുക്ക് ടെൻഷൻ അടിക്കേണ്ട കാര്യമില്ല. പിന്നെ അയാൾ എവിടെ പോകുന്നു എന്ന് നമ്മൾ അറിയേണ്ട,’ എം.എം. നിഷാദ് പറഞ്ഞു.
Content Highlight: M.M Nishad about shine tom chakko