ചെന്നൈ: കര്‍ണാടിക് സംഗീതജ്ഞന്‍ ടി.എം കൃഷ്ണക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മദ്രാസ് മ്യൂസിക് അക്കാദമി സംഗീത കലാനിധി പുരസ്‌കാരം പ്രഖ്യാപിച്ചതിനു പിന്നാലെ ടി.എം കൃഷ്ണയ്‌ക്കെതിരെ ധാരാളം പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി കൃഷ്ണക്ക് പിന്തുണ അറിയിച്ചത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് എം.കെ സ്റ്റാലിന്‍ പ്രതികരിച്ചത്.
‘ടി.എം കൃഷ്ണ പുരോഗമന ആശയങ്ങളുടെ വക്താവായതിനാലാണ് അദ്ദേഹത്തെ തല്പരകക്ഷികള്‍ ലക്ഷ്യം വെക്കുന്നത്. സാധാരണക്കാരന് വേണ്ടി എപ്പോഴും സംസാരിക്കുന്ന ഒരു കലാകാരനാണ് കൃഷ്ണ. ഒരു വിഭാഗം ആളുകള്‍ മാത്രം അദ്ദേഹത്തെ വെറുപ്പ് കൊണ്ട് നോക്കിക്കാണുന്നു. ഈ വിഷയത്തിലേക്ക് പെരിയാര്‍ ഇ.വി രാമസ്വാമിയെ വലിച്ചിഴക്കുന്നത് ശരിയല്ല,’ എം.കെ സ്റ്റാലിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കൃഷ്ണയെ സംഗീത കലാ നിധി പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത മ്യൂസിക് അക്കാദമി ഭാരവാഹികളെ തമിഴ്‌നാട് മുഖ്യമന്ത്രി അഭിനന്ദിക്കുകയും രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുന്നത് പോലെ സംഗീതത്തില്‍ അത് ചെയ്യരുതെന്നും സ്റ്റാലിന്‍ കൂട്ടിചേര്‍ത്തു.
എല്ലാവര്‍ഷവും ചെന്നൈയില്‍ നടക്കുന്ന സംഗീതോത്സവം കൃഷ്ണയുടെ പുരസ്‌കാരത്തിന്റെ പേരില്‍ ബവിഷ്‌കരിക്കണമെന്നും ഇത് കര്‍ണാടിക് സംഗീതജ്ഞരുടെ ഇടയില്‍ ചേരിതിരിവുണ്ടാക്കാന്‍ കാരണമായെന്നും സ്റ്റാലിന്‍ പറഞ്ഞു.