cow vigilantism
പശുവിനെ 'രാഷ്ട്രമാതാവ്' ആയി അംഗീകരിക്കുന്നത് വരെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടരുമെന്ന് ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 24, 12:43 pm
Tuesday, 24th July 2018, 6:13 pm

തെലങ്കാന: ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ചുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവന തുടരുന്നു. പശുക്കള്‍ക്ക് “രാഷ്ട്രമാത” പദവി കിട്ടുന്നത് വരെ ഗോരക്ഷയ്ക്കായുള്ള യുദ്ധം അവസാനിക്കില്ലെന്നും ഗോരക്ഷകരെ ജയിലിലിട്ടാലും വെടിവെച്ചിട്ടാലും ഇതുതുടരുമെന്നും ബി.ജെ.പി എം.എല്‍.എയായ ടി. രാജസിങ് ലോധ് പറഞ്ഞു. തെലങ്കാനയില്‍ നിന്നുള്ള എം.എല്‍.എയാണ് ഇയാള്‍.

എല്ലാ സംസ്ഥാനങ്ങളിലും പശുസംരക്ഷണത്തിനായി പ്രത്യേകമന്ത്രാലയം തുടങ്ങുകയും നിയമം കര്‍ക്കശമാക്കുകയും ചെയ്യുന്നത് വരെ പശുവിന്റെ പേരിലുള്ള അതിക്രമസംഭവങ്ങള്‍ അവസാനിക്കുകയില്ലെന്നും ലോധ് പറഞ്ഞു.

പശുക്കള്ളന്മാര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ ഇടപെടുന്നതെന്നും ഗോരക്ഷകരെ പശുക്കടത്തുകാര്‍ കൊല്ലുമ്പോള്‍ അവഗണിക്കുകയാണെന്നും എം.എല്‍.എ പറയുന്നു.

വീഡിയോ സന്ദേശത്തിലാണ് എം.എല്‍.എ പരസ്യമായി അക്രമത്തെ ന്യായീകരിച്ച് സംസാരിക്കുന്നത്.

റക്ബര്‍ ഖാന്‍ കൊല്ലപ്പെട്ട അതേ ദിവസം തന്നെ രാജസ്ഥാനില്‍ ഖേതാ രാം ഭീല്‍ എന്ന ദളിത് യുവാവിനെ മുസ്‌ലിം കുടുംബം പ്രണയിച്ചതിന്റെ പേരില്‍ അടിച്ചുകൊന്നു എന്നാല്‍ പ്രതികള്‍ മുസ്‌ലിംങ്ങളായത് കൊണ്ട് മാധ്യമങ്ങളും മതേതര കക്ഷികളും താത്പര്യം കാണിക്കുന്നില്ലെന്നും രാജസിങ് ലോധ് പറഞ്ഞു.