തോല്‍വിയിലും ചരിത്രനേട്ടം സ്വന്തമാക്കി മോഡ്രിച്ച്; അടിച്ചുകയറിയത് റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പം
Football
തോല്‍വിയിലും ചരിത്രനേട്ടം സ്വന്തമാക്കി മോഡ്രിച്ച്; അടിച്ചുകയറിയത് റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th June 2024, 3:33 pm

2024 യൂറോ കപ്പിലെ ആദ്യ മത്സരം വിജയത്തോടെ തുടങ്ങി സ്‌പെയ്ന്‍. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സ്പാനിഷ് പട പരാജയപ്പെടുത്തിയത്.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു അവിസ്മരണീയമായ നേട്ടമാണ് ക്രൊയേഷ്യന്‍ സൂപ്പര്‍താരം ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കിയത്. ബർലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ സ്പാനിഷ്‌ പടക്കെതിരെ മോഡ്രിച്ച് കളത്തിലിറങ്ങിയതോടുകൂടി ലോകകപ്പ്, യൂറോകപ്പ് എന്നീ ടൂര്‍ണമെന്റ്കളുടെ 9 വ്യത്യസ്ത പതിപ്പുകളില്‍ പങ്കാളിയായ ചരിത്രത്തിലെ മൂന്നാമത്തെ താരം എന്ന നേട്ടമാണ് റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ സ്വന്തമാക്കിയത്.

ഇതോടെ ജര്‍മന്‍ ഇതിഹാസം ലോദര്‍ മത്തയൂസ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്ത്യന്‍ റൊണാള്‍ഡോ എന്നിവരുടെ റെക്കോഡിനൊപ്പമെത്താനും മോഡ്രിച്ചിന് സാധിച്ചിരുന്നു.

യൂറോ കപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ക്രൊയേഷ്യ പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരത്തില്‍ മോഡ്രിച്ച് ക്രോയേഷ്യക്കായി ഗോള്‍ നേടിയിരുന്നു. സ്പാനിഷ് പടക്കെതിരെ ഈ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ക്രൊയേഷ്യയ്ക്ക് സാധിക്കാതെ പോയതാണ് മത്സരത്തില്‍ തിരിച്ചടിയായത്.

മത്സരത്തില്‍ അല്‍വാരോ മൊറാട്ട 29, ഫാബിയന്‍ റൂയിസ് 32, ഡാനി കാര്‍വാജല്‍ 45+2 എന്നിവരാണ് സ്‌പെയിനിന് വേണ്ടി ഗോള്‍ നേടിയത്.

മത്സരത്തില്‍ 54 ശതമാനവും ബോള്‍ പൊസഷനും ക്രൊയേഷ്യയുടെ അടുത്തായിരുന്നു. 16 ഷോട്ടുകളാണ് സ്‌പെയിനിന്റെ പോസ്റ്റിലേക്ക് മോഡ്രിച്ചും കൂട്ടരും ഉതിര്‍ത്തത്. ഇതില്‍ അഞ്ചെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 11 ഷോട്ടുകളാണ് സ്‌പെയ്ന്‍ ഉന്നം വെച്ചത്. അഞ്ചെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ സ്പാനിഷ് പടക്ക് സാധിച്ചു.

ജയത്തോടെ ഗ്രൂപ്പ് ബിയില്‍ മൂന്ന് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സ്‌പെയിന്‍. മറുഭാഗത്ത് പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്തുമാണ് ക്രൊയേഷ്യ. ജൂണ്‍ 19ന് അല്‍ബാനിക്കെതിരെയാണ് ക്രൊയേഷ്യയുടെ അടുത്ത മത്സരം. അതേസമയം ജൂണ്‍ 21ന് നടക്കുന്ന മത്സരത്തില്‍ ഇറ്റലിയാണ് സ്‌പെയിനിന്റെ എതിരാളികള്‍.

 

Content Highlight: Luka Modric create a new record in Football