38ാം വയസിലും എന്താ പവർ! മോഡ്രിച്ച് മടങ്ങുന്നത് ചരിത്രനേട്ടത്തിന്റെ തലയെടുപ്പോടെ
Cricket
38ാം വയസിലും എന്താ പവർ! മോഡ്രിച്ച് മടങ്ങുന്നത് ചരിത്രനേട്ടത്തിന്റെ തലയെടുപ്പോടെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th June 2024, 9:26 am

യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന ആവേശകരമായ ഇറ്റലി-ക്രോയേഷ്യ മത്സരം സമനിലയില്‍ പിരിഞ്ഞു. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിക്കൊണ്ട് പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

സമനിലയോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറാനും അസൂറിപ്പടക്ക് സാധിച്ചു. മറുഭാഗത്ത് രണ്ട് സമനില മാത്രമായി രണ്ട് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ലൂക്ക മോഡ്രിച്ചും സംഘവും ഫിനിഷ് ചെയ്തത്.

മത്സരത്തില്‍ ക്രോയേഷ്യക്കായി ഗോള്‍ നേടിയത് സൂപ്പര്‍ താരം മോഡ്രിച്ച് ആയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 55ാം മിനിട്ടില്‍ ഇറ്റലിയുടെ പോസ്റ്റില്‍ നിന്നും ഒരു ഫസ്റ്റ് ടച്ചിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു റയല്‍ സൂപ്പര്‍ താരം.

ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് മോഡ്രിച്ച് സ്വന്തമാക്കിയത്. യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടമാണ് മോഡ്രിച്ച് സ്വന്തമാക്കിയത്. തമന്റെ 38ാം വയസിലാണ് മോഡ്രിച്ച് ഈ ചരിത്രനേട്ടം കൈപ്പിടിയിലാക്കിയത്.

ഇതോടെ യൂറോകപ്പില്‍ ക്രോയേഷ്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മാറാനും മോഡ്രിച്ചിന് സാധിച്ചിരുന്നു. നാല് ഗോളുകളാണ് ക്രോയേഷ്യക്ക് വേണ്ടി താരം നേടിയത്. ഇത്രതന്നെ ഗോളുകള്‍ നേടിയ ഇവാന്‍ പെരിസിച്ചിന്റെ റെക്കോഡിനൊപ്പമെത്താനും മോഡ്രിച്ചിന് സാധിച്ചു.

അതേസമയം മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളില്‍ ക്രൊയേഷ്യയുടെ വിജയ പ്രതീക്ഷകള്‍ അവസാനിപ്പിച്ചുകൊണ്ട് ഇറ്റലി താരം മാറ്റിയ സാക്കോഗ്‌നി ഗോള്‍ നേടുകയായിരുന്നു. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ഒരു തകര്‍പ്പന്‍ വോളിയിലൂടെ താരം ഗോള്‍ നേടുകയായിരുന്നു.

മത്സരത്തില്‍ 13 ഷോട്ടുകളാണ് ക്രൊയേഷ്യയുടെ പോസ്റ്റിലേക്ക് ഇറ്റലി അടിച്ചത്. ഇതില്‍ മൂന്നെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് ആറ് ഷോട്ടുകളില്‍ നാലെണ്ണവും ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ മോഡ്രിച്ചിനും സംഘത്തിനും സാധിച്ചു.

Also Read: ബാച്ചിലര് പാര്ട്ടിയില് വിശ്വാസമില്ലെന്ന് അമലിനോട് പറഞ്ഞു; അവന് എനിക്ക് ഒരു മറുപടി നല്കി: റഹ്‌മാന്

Also Read: മൂന്ന് സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയും; ഇവർ തിരുത്തിക്കുറിച്ചത് ടി-20 ലോകകപ്പിന്റെ ചരിത്രം

 

Content Highlight: Luka Modric create a new Record in Euro Cup