കഴിഞ്ഞ മാസമാണ് ലൂയിസ് എന്റിക്വ് ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുടെ പരിശീലകനായി ചുമതലയേറ്റത്. മുന്‍ പരിശീലകന്‍ ക്രിസ്റ്റഫ്
ഗാള്‍ട്ടിയറിന് പകരക്കാരനായി മുന്‍ ബയേണ്‍ മ്യൂണിക്ക് കോച്ച് ജൂലിയന്‍ നഗല്‍സ്മാനെ ക്ലബ്ബിലെത്തിക്കാന്‍ പി.എസ്.ജി ശ്രമം നടത്തിയിരുന്നെങ്കിലും സാധ്യമായില്ല. തുടര്‍ന്നാണ് എന്റിക്വിനെ പാരീസിയന്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തേക്ക് ക്ഷണിച്ചത്.
എന്റിക്വ് പി.എസ്.ജിയിത്തിയിലെത്തിയതോടെ ബാഴ്‌സലോണക്ക് വലിയ തിരിച്ചടിയായിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം പെഡ്രിയെ എന്റിക്വ് പാരീസിയന്‍ ക്ലബ്ബിലെത്തിക്കുമോ എന്നാണ് ബാഴ്‌സയുടെ ആശങ്ക.
പി.എസ്.ജി കമ്മ്യൂണിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ പാരീസിയന്‍സ് പെഡ്രിയെ സൈന്‍ ചെയ്യാനൊരുങ്ങുകയാണ്. 20കാരനായ പെഡ്രി നിലവില്‍ ബ്ലൂഗ്രാനയിലെ നിര്‍ണായക താരമാണ്. താരത്തെ പ്രശംസിച്ച് എന്റിക്വ് പറഞ്ഞ വാചകങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
‘ലോക കപ്പിലോ ഒളിമ്പിക് ഗെയിംസിലോ യൂറോയിലോ ഈ പ്രായത്തില്‍ ഇതുപോലെ കളിക്കുന്ന ഒരു താരത്തെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. വളരെ മികച്ച കളിക്കാരനാണവന്‍,’ എന്റിക്വ് പറഞ്ഞു.
അതേസമയം, 2014 മുതല്‍ 2017 വരെ ബാഴ്‌സലോണക്കായി മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞതോടെയാണ് എന്റിക്വിനെ സ്‌പെയ്ന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ കൊണ്ട് വരുന്നത്. കഴിഞ്ഞ ലോക കപ്പില്‍ സ്പെയിന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായോടെ എന്റിക്വ് സ്പെയിന്‍ പരിശീലക സ്ഥാനമൊഴിയുകയായിരുന്നു. സൂപ്പര്‍ കോച്ചിനായി നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.