ഫ്രഞ്ച് വമ്പന് ക്ലബ്ബായ പി.എസ്.ജിയുടെ പുതിയ പരിശീലകനായി ലൂയിസ് എൻറിക്വ് ചുമതലയേല്ക്കാന് ഒരുങ്ങുകയാണ്. ഈ സീസണിന്റെ അവസാനത്തോടെ കോച്ച് ക്രിസ്റ്റഫ് ഗാള്ട്ടിയര് പി.എസ്.ജിയുമായി പിരിയുകയാണെന്ന വിവരം നേരത്തെ അറിയിച്ചിരുന്നു.
ഗാള്ട്ടിയറിന് പകരക്കാരനായി മുന് ബയേണ് മ്യൂണിക്ക് കോച്ച് ജൂലിയന് നഗല്സ്മാനെ ക്ലബ്ബിലെത്തിക്കാന് പി.എസ്.ജി ശ്രമം നടത്തിയിരുന്നെങ്കിലും സാധ്യമായില്ല. തുടര്ന്നാണ് എന്റിക്വിനെ പാരീസിയന് ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തേക്ക് ക്ഷണിച്ചത്. പി.എസ്.ജിയില് ചെൽസിയുടെ പോർച്ചുഗൽ സൂപ്പർതാരം ജോവാ ഫെലിക്സ് ഉണ്ടായിരിക്കണമെന്ന് എൻറിക്വ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായാണ് ഇപ്പോള് പുറത്തുവരുന്ന റിപ്പോര്ട്ടുകള്.
അത്ലെറ്റികോ മാഡ്രിഡില് നിന്ന് ആറ് മാസത്തെ ലോണ് അടിസ്ഥാനത്തില് കഴിഞ്ഞ ജനുവരിയിലാണ് ജാവോ ഫെലിക്സ് ചെല്സിയിലെത്തുന്നത്. ചെല്സിക്കായി ഈ സീസണില് കളിച്ച 16 മത്സരങ്ങളില് നിന്ന് രണ്ട് തവണ മാത്രമെ പോര്ച്ചുഗീസ് താരത്തിന് സ്‌കോര് ചെയ്യാന് സാധിച്ചിരുന്നുള്ളൂ. എന്നാല് 23കാരനായ താരത്തെ വേണ്ട വിധം പി.എസ്.ജിയിൽ ഉപയോഗിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻറിക്വ്.
2014 മുതല് 2017 വരെ ബാഴ്‌സലോണക്കായി മികച്ച പ്രകടനം കാഴ്ച വെക്കാന് കഴിഞ്ഞതോടെയാണ് എന്റിക്വിനെ സ്‌പെയ്ന് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് ഫുട്‌ബോള് അസോസിയേഷന് കൊണ്ട് വരുന്നത്. കഴിഞ്ഞ ലോക കപ്പിൽ സ്പെയിൻ ടൂർണമെന്റിൽ നിന്ന് പുറത്തായോടെ എൻറിക്വ് സ്പെയിൻ പരിശീലക സ്ഥാനമൊഴിയുകയായിരുന്നു. സൂപ്പർ കോച്ചിനായി നിരവധി ക്ലബ്ബുകൾ രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്.