2020ൽ സി.എ.എക്കെതിരെ സമരം ചെയ്ത സ്ത്രീകളെ വീട്ടുതടങ്കലിലാക്കി യു.പി പൊലീസ്
national news
2020ൽ സി.എ.എക്കെതിരെ സമരം ചെയ്ത സ്ത്രീകളെ വീട്ടുതടങ്കലിലാക്കി യു.പി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th March 2024, 3:59 pm

ലഖ്‌നൗ: 2020ൽ ലഖ്‌നൗവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ച സ്ത്രീകളെ യു.പി പൊലീസ് വീട്ടുതടങ്കലിലാക്കിയതായി റിപ്പോർട്ട്. സി.എ.എ നടപ്പാക്കുമെന്ന വിജ്ഞാപനം പുറത്തുവന്ന പശ്ചാത്തലത്തിൽ തങ്ങൾ ശബ്ദമുയർത്താതിരിക്കാൻ അവർക്ക് മേൽ സമ്മർദം ചെലുത്തുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

2020ൽ ലഖ്‌നൗവിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ കേന്ദ്രമായിരുന്ന ഹുസൈനാബാദിലെ ഘന്ത ഘറിൽ വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചതായി ദി വയർ റിപ്പോർട്ട് ചെയ്തു.

സി.എ.എ വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം പൊലീസ് തന്റെ ഫ്ലാറ്റിൽ വരികയും അപാർട്മെന്റിലേക്ക് വരുന്ന ഒരു അതിഥിയെയും ചോദ്യം ചെയ്യുകയാണെന്നും 2020ലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയവരിൽ ഒരാളായ ഇറം ഫാത്തിമ പറഞ്ഞു.

‘എന്റെ അപാർട്മെന്റിന്റെ പുറത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. അപാർട്മെന്റിലേക്ക് വരുന്ന ഒരോ അതിഥിയെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇത് എന്നെ സംബന്ധിച്ച് വളരെ അപമാനകരമാണ്. എന്റെ അയൽവാസികൾക്ക് വളരെയധികം പ്രയാസം സൃഷ്ടിക്കുന്നുണ്ട്,’ ഇറം പറഞ്ഞു.

പ്രതിഷേധക്കാരായ സ്ത്രീകളിൽ ചിലരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവെന്നും ഇറം ദി വയറിനോട് പറഞ്ഞു.

റമദാൻ മാസം വ്രതമനുഷ്ഠിക്കുകയും പ്രാർത്ഥനകൾക്കായി സമയം മാറ്റിവെക്കുകയും ചെയ്ത തങ്ങളെ പൊലീസുകാർ അപമാനിക്കുന്നത് അങ്ങേയറ്റം ലജ്ജകരമാണെന്ന് ലഖ്‌നൗവിലെ ഝാൻസി റാണി എന്നറിയപ്പെടുന്ന ഉസ്മ പർവീൻ പറഞ്ഞു.

പ്രശസ്ത ഉർദു കവി മുനവ്വർ റാണയുടെ മകളും സമാജ്‌വാദി പാർട്ടി വക്താവുമായ സുമയ്യ റാണയെയും പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു.

അതേസമയം അന്നും ഇന്നും സി.എ.എ അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ നിയമം പിൻവലിക്കുന്നത് വരെ ജനാധിപത്യപരമായ പ്രതിഷേധങ്ങൾ തുടരുമെന്നും സുമയ്യ പറഞ്ഞു.

എന്നാൽ പ്രതിഷേധക്കാരുടെ വീട്ടിൽ പൊലീസുകാർ പോയിരുന്നെന്നും ആരെയും വീട്ടുതടങ്കലിൽ ആക്കിയിട്ടില്ലെന്നും യു.പി പൊലീസ് പറയുന്നു. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായാണ് ചില പ്രതിഷേധക്കാരുടെ വീട്ടിനു പുറത്ത് പൊലീസുകാരെ നിയോഗിച്ചതെന്ന് ഡി.വൈ.എസ്.പി രവീണ ത്യാഗി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികളുടെയും മനുഷ്യാവകാശ സംഘടനകളുടെയും സമരാഹ്വാനത്തെ തുടർന്ന് 2019 ഡിസംബർ 19ന് യു.പിയിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. പൊലീസ് വെടിവെപ്പിൽ 20ലധികം പ്രതിഷേധക്കാർ സംസ്ഥാനത്ത് കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ യു.പി പൊലീസ് ഇത് അംഗീകരിച്ചിട്ടില്ല.

ദൽഹിയിലെ ഷഹീൻബാഗിലെ സ്ത്രീ സമരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2020 ജനുവരിക്കും മാർച്ചിനുമിടയിലാണ് ലഖ്‌നൗവിലെ ഘന്ത ഘറിൽ സ്ത്രീകൾ രണ്ട് മാസത്തോളം സമരം നടത്തിയത്. കൊവിഡ് മഹാമാരിയെ തുടർന്നാണ് സമരം പിൻവലിച്ചത്.

Content Highlight: Lucknow: Women Who Had Protested Against CAA in 2020 Put Under ‘House Arrest’