Football
മെസി ബാലണ്‍ ഡി ഓറിന് അര്‍ഹനല്ല, ഇത് വെറും പ്രഹസനം; പ്രതികരിച്ച് ജര്‍മന്‍ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Nov 01, 03:00 am
Wednesday, 1st November 2023, 8:30 am

അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മെസിയുടെ ഈ നേട്ടത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തെയൂസ്.

മെസി ബാലണ്‍ ഡി ഓര്‍ നേടാന്‍ അര്‍ഹനല്ലെന്നും ഇത് വെറുമൊരു പ്രഹസനം ആണെന്നും ഹാലണ്ടാണ് ബാലണ്‍ ഡി ഓര്‍ നേടാന്‍ അര്‍ഹനെന്നുമാണ് മത്തെയൂസ് പറഞ്ഞത്.

‘കഴിഞ്ഞ വര്‍ഷം ഹാലണ്ട് മെസിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മെസി ബാലണ്‍ ഡി ഓര്‍
വിജയിച്ചത് അംഗീകരിക്കാനാവില്ല. എന്നെ സംബന്ധിച്ചിടത്തോളം മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഏറ്റവും മികച്ച താരമാണ് ഹാലണ്ട്.
അവന്‍ ഗോള്‍ സ്‌കോറിങ്ങില്‍ പല റെക്കോഡുകളും തകര്‍ത്തു. അതുകൊണ്ട് ഹാലണ്ടിന് അവാര്‍ഡ് കിട്ടാതിരിക്കാന്‍ ഒരു വഴിയുമില്ല. ഞാന്‍ ഒരു മെസി ആരാധകനാണെങ്കിലും
ബാലണ്‍ ഡി ഓര്‍ തെരഞ്ഞെടുപ്പ് വെറും പ്രഹസനമാണ്,’ മത്തെയൂസ് സ്‌കൈ ജര്‍മ്മനിയോട് പറഞ്ഞു .

നോര്‍വീജിയന്‍ സൂപ്പര്‍ സ്റ്റാര്‍ ഏര്‍ലിങ് ഹാലണ്ടിനെയും ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെയും പിന്തള്ളികൊണ്ടായിരുന്നു മെസി തന്റെ എട്ടാമത്തെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്.

2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിക്കുകയും ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി ഗോള്‍ഡന്‍ ബൗള്‍ നേടിയിരുന്നു. അതേസമയം ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനൊപ്പം ലീഗ് വണ്‍ കിരീടവും ക്ലബ്ബിനായി 20 ഗോളുകളും 21 അസിസ്റ്റുകളും മെസി നേടി. ഈ മികച്ച പ്രകടനങ്ങളളെല്ലാമാണ് മെസിയെ ബാലണ്‍ ഡി ഓര്‍ നേട്ടത്തിലെത്തിച്ചത്.

നോര്‍വേ സൂപ്പര്‍ താരം ഹാലണ്ട് കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 52 ഗോളുകളും ഒന്‍പത് അസിസ്റ്റുകളും നേടി. സിറ്റിക്കൊപ്പം ട്രബിള്‍ കിരീടം നേട്ടത്തിലും ഹാലണ്ട് പങ്കാളിയായി.

Content Highlight: Lothar matthaus Criticize Lionel Messi win the Ballon d’ or award.