Kerala
തെരഞ്ഞെടുപ്പിന് മുന്‍പ് ബെഹ്‌റയെ മാറ്റിയേക്കും; പരിഗണനയിലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 30, 08:06 am
Monday, 30th November 2020, 1:36 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്തു നിന്നും ലോക്നാഥ് ബെഹ്റയെ മാറ്റണോ എന്ന കാര്യം പരിശോധിക്കുന്നതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍. ചുമതലകളില്‍ നിന്നും മാറ്റുന്നത് സംബന്ധിച്ച് ജനുവരിയോടെ അന്തിമ തീരുമാനം ഉണ്ടാകും.

പൊലീസ് മേധാവി സ്ഥാനത്ത് ബെഹ്റ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം ആലോചിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ക്രമസമാധാന ചുമതലയില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റുന്നതാണ് കീഴ്വഴക്കം. സംസ്ഥാന സര്‍ക്കാരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.

ബെഹ്റയെ മാറ്റുന്ന കാര്യത്തില്‍ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ബെഹ്റയെ സംബന്ധിച്ച് നിലവില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചിപ്പിച്ചു.

2021 ജൂണിലാണ് ലോക്നാഥ് ബെഹ്റ സര്‍വീസില്‍ നിന്നു വിരമിക്കുന്നത്. ബെഹ്റ ഡി.ജി.പി പദവിയില്‍ നാല് വര്‍ഷത്തിലേറെയായി. പൊലീസ് മേധാവി പദവിയില്‍ മൂന്നു വര്‍ഷത്തിലേറെയായി തുടരുന്നവരെ തെരഞ്ഞെടുപ്പു സമയത്ത് മാറ്റുന്ന രീതി തെരഞ്ഞെടുപ്പു കമ്മിഷന്‍ സ്വീകരിക്കാറുണ്ട്.

ബെഹ്റ പൊലീസ് മേധാവി സ്ഥാനമൊഴിഞ്ഞാല്‍ ആ സ്ഥാനത്തേക്ക് അഞ്ചു പേരുടെ പട്ടിക യു.പി.എസ്.സിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കും. യു.പി.എസ്.സി മാനദണ്ഡങ്ങള്‍ പ്രകാരം സര്‍ക്കാരിന് നല്‍കുന്ന ചുരുക്കപ്പട്ടികയില്‍ നിന്നാണ് സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കുന്നത്.

ഡി.ജി.പി പദവിയിലുള്ള ഋഷിരാജ് സിങ്, ടോമിന്‍ തച്ചങ്കരി എന്നിവരെ കൂടാതെ മൂന്നു പേരുടെ പട്ടികയും ചേര്‍ത്താണ് യു.പി.എസ്.സിക്ക് നല്‍കേണ്ടത്.

അതേസമയം ഡി.ജി.പി തസ്തികയിലുള്ള ആര്‍ ശ്രീലേഖ ഡിസംബറില്‍ വിരമിക്കും. എ.ഡി.ജി.പിമാരായ സുദേഷ്‌കുമാര്‍, അനില്‍കാന്ത്, ഡോ.ബി സന്ധ്യ എന്നിവരാണ് പിന്നീട് സീനിയോറിറ്റിയില്‍ മുന്നിലുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Loknath Behra may Be replaced Before Election