Film News
സംവിധാനത്തില്‍ കമല്‍ തന്നെ മികച്ചത്, സ്വന്തം സിനിമകളില്‍ ഏറ്റവും ഇഷ്ടം....; തുറന്ന് പറഞ്ഞ് ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 01, 06:04 pm
Wednesday, 1st June 2022, 11:34 pm

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം എന്ന ചിത്രം ജൂണ്‍ മൂന്നിന് റിലീസ് ചെയ്യുകയാണ്. ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സൂര്യയും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

കമല്‍ ഹാസന്‍ ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രത്തെ പറ്റി പറയുകയാണ് ലോകേഷ്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഇഷ്ട കമല്‍ ഹാസന്‍ ചിത്രത്തെ പറ്റി ലോകേഷ് സംസാരിച്ചത്.

‘കമല്‍ ഹാസന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്ത ചിത്രത്തില്‍ വിരുമാണ്ടിയാണ് ഏറ്റവും ഇഷ്ടം. റൂറല്‍ ബാക്ക് ഡ്രോപ്പില്‍ നോണ്‍ ലീനിയറായി ചെയ്ത ചിത്രമാണത്. ഒരു സീന്‍ തന്നെ രണ്ട് തവണ പല ആങ്കിളില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.

അതില്‍ ഏറ്റവും ഇഷ്ടപ്പെട്ട രംഗം അദ്ദേഹം തലയുടെ ഒരു ഭാഗത്ത് നിന്നും മുടി വടിച്ചു കളയുന്ന രംഗമാണ്. അദ്ദേഹത്തിന്റെ ഒപ്പമുള്ളവരുടെ അഭിനയവും കൂടി നോക്കണം. അഭിനയത്തോടൊപ്പം സംവിധാനവും അദ്ദേഹം ചെ്തുവെന്നത് വലിയ കാര്യമാണ്. വിക്രവുമായി വിരുമാണ്ടിയെ കമ്പെയര്‍ ചെയ്യരുത്. സംവിധാനത്തിലേക്ക് വരുമ്പോള്‍ അദ്ദേഹം തന്നെയാണ് മികച്ചത്,’ ലോകേഷ് പറഞ്ഞു.

ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടം ഏത് ചിത്രത്തോടാണെന്ന ചോദ്യത്തിന് എല്ലാ സിനിമയും ഇഷ്ടമാണെന്നായിരുന്നു ലോകേഷിന്റെ മറുപടി.

‘എല്ലാ സിനിമയും ഇഷ്ടമാണ്, എല്ലാത്തിനും തുല്യമായ പ്രാധാന്യമുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ ഏതാണെന്ന് ചോദിച്ചാല്‍ സംവിധായകനായി ആദ്യമെടുത്ത ഷോട്ട്. മാഗനഗരത്തില്‍ ദീന മുനീശ്വരന്റെ കോള്‍ റെക്കോഡ് ചെയ്യുന്ന രംഗം,’ ലോകേഷ് പറഞ്ഞു.

നരേയ്ന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് എന്നീ മലയാളി താരങ്ങളും വിക്രത്തിലെത്തുന്നുണ്ട്.
പ്രീ റിലീസ് ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് എല്ലാ മാര്‍ക്കറ്റുകളിലും നിന്ന് ലഭിക്കുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്.

ഒ.ടി.ടി റൈറ്റ്‌സിലൂടെത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു എന്നാണ് വിവരം. ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒ.ടി.ടി, സാറ്റലൈറ്റ് അവകാശം ഡിസ്‌നിക്കാണ്.

വിജയ് നായകനായ മാസ്റ്ററിന്റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും വിക്രത്തെക്കുറിച്ചുള്ള ആകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മാണം.

Content Highlight: Lokesh kanagaraj talks about Kamal Haasan’s favorite movie