Film News
ഇന്ത ലുക്ക് പോതുമാ തലൈവരേ, സോഷ്യല്‍മീഡിയക്ക് തീയിട്ട് ലോകേഷും സൂപ്പര്‍സ്റ്റാറും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 26, 01:34 pm
Wednesday, 26th June 2024, 7:04 pm

തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് കൂലി. കമല്‍ ഹാസന്റെ കടുത്ത ആരാധകനായ ലകേഷ് രജിനികാന്തിനൊപ്പം സിനിമ ചെയ്യുന്നു എന്നതാണ് കൂലിയുടെ ഏറ്റവും വലിയ ആകര്‍ഷണഘടകം. രജിനികാന്തിന്റെ 171ാമത് ചിത്രമാണ് കൂലി. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ജയിലറിന് ശേഷം സണ്‍ പിക്‌ചേഴ്‌സും രജിനികാന്തും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും കൂലിക്കുണ്ട്.

തലൈവര്‍ 171 എന്ന് ആദ്യം പേരിട്ടിരുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ഏപ്രില്‍ മാസത്തില്‍ പുറത്തുവിട്ടിരുന്നു. ലോകേഷിന്റെ സ്ഥിരം ശൈലിയിലായിരുന്നു കൂലിയുടെയും ടീസര്‍. രജിനികാന്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ രംഗയിലെ ‘അപ്പാവും താത്താവും’ എന്ന് തുടങ്ങുന്ന ഡയലോഗ് ടീസറില്‍ ഉപയോഗിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ, സിനിമയില്‍ രജിനികാന്തിന്റെ ലുക്ക് ടെസ്റ്റ് നടത്തുന്നചിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാിരിക്കുകയാണ്. കണ്ണാടി നോക്കി ഇരിക്കുന്ന രജിനിയുടെ പിന്നില്‍ നിന്ന് മിറര്‍ സെല്‍ഫിയെടുക്കുന്ന ലോകേഷിനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. കറുത്ത ഷര്‍ട്ട് ധരിച്ച്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടിയിലാണ് സൂപ്പര്‍സ്റ്റാര്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ ഷൂട്ട് ജൂലൈ ആദ്യവാരം തുടങ്ങുമെന്നും ലോകേഷ് ക്യാപ്ഷനില്‍ കുറിച്ചു.

കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രമും വിജയ്‌യെ നായകനാക്കി ഒരുക്കിയ ലിയോയും തമിഴിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറി. ആദ്യമായാണ് തമിഴില്‍ ഒരു സംവിധായകന്റെ രണ്ട് സിനിമകള്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറുന്നത്. ഈ രണ്ട് ചിത്രങ്ങളോടുകൂടി ലോകേഷ് ഒരു ബ്രാന്‍ഡ് സംവിധായകനായി മാറി. ജയിലറിന് ശേഷം രജിനികാന്ത് അതിഥിവേഷത്തിലെത്തിയ ലാല്‍ സലാം ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി മാറിയിരുന്നു. ജയ് ഭീമിന്റെ സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനാണ് രജിനിയുടെ അടുത്ത തിയേറ്റര്‍ റിലീസ്.

Content Highlight: Lokesh Kanagaraj posted the look test photos of Coolie movie