Kerala News
വിശ്രമം ആവശ്യപ്പെട്ട ലോക്കോ പൈലറ്റിനെ പിരിച്ചുവിട്ട സംഭവം; 36 മണിക്കൂര്‍ നിരാഹാര സമരവുമായി തൊഴിലാളികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 17, 04:59 am
Monday, 17th February 2025, 10:29 am

പാലക്കാട്: തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ തീവണ്ടി ഓടിച്ചതിന് ശേഷം വിശ്രമം ആവശ്യപ്പെട്ട ലോക്കോ പൈലറ്റിനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് റെയില്‍വേ തൊഴിലാളികള്‍ 36 മണിക്കൂര്‍ നിരാഹാര സമരം നടത്തും. ആള്‍ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 21,22 തീയതികളിലായി റെയില്‍വെ കേന്ദ്രങ്ങളില്‍ 36 മണിക്കൂര്‍ നിരാഹാര സമരമിരിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

2023ല്‍ നടന്ന സംഭവത്തിന്റെ പേരിലാണ് തിരുവനന്തപുരം ഡിവിഷനിലെ ലോക്കോ പൈലറ്റ് (ഗുഡ്സ്) എസ്. ദീപുരാജിനെ റെയില്‍വേ നിര്‍ബന്ധിത വിരമിക്കലിനയച്ചത്. ചൊവ്വാഴ്ചയാണ് റെയില്‍വേ ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍ ദീപുരാജ് ഉത്തരവ് കൈപ്പറ്റിയിട്ടില്ല. 45 ദിവസത്തിനകം തിരുവനന്തപുരം അഡീഷണല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.

2023ലാണ് ദീപുരാജിനെതിരായ നടപടിയെടുക്കാന്‍ കാരണമായ സംഭവമുണ്ടായത്. എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി ട്രെയിന്‍ ഓടിച്ച് തിരികെ കൊല്ലം ജംങ്ഷനിലെത്തിയ ലോക്കോ പൈലറ്റിനോട് വീണ്ടും എറണാകുളം വരെ ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വെ ആവശ്യപ്പെടുകയായിരുന്നു.

തിരുനെല്‍വേലിയില്‍ നിന്നായിരുന്നു ഗുഡ്‌സ് ട്രെയിനുമായി ദീപു കൊല്ലത്തെത്തിയത്. നിയമപ്രകാരം ഇവിടെ നിന്നും ദീപുവിന് വിടുതല്‍ നല്‍കേണ്ടതായിരുന്നു. എന്നാല്‍ അതിനു പകരം ആദ്യം പെരുനാട് വരെയും പെരുനാട്ടില്‍ നിന്ന് എറണാകുളം ഭാഗത്തേക്കും ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വെ നിര്‍ബന്ധിച്ചു. പെരുനാട്ടില്‍ നിന്നും പകരം ലോക്കോ പൈലറ്റിനെ മാറ്റാതിരുന്നതോടെ ദീപു ഈ നിര്‍ദേശം വിസമ്മതിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ പേരിലാണ് റെയില്‍വേ ദീപുവിനെതിരെ നടപടിയെടുത്തത്.

അന്യായവും നിയമവിരുദ്ധവുമായ ഈ പിരിച്ചുവിടലിനെ ചോദ്യം ചെയ്ത് കൊണ്ടാണ് തൊഴിലാളികള്‍ അടുത്ത ദിവസം സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ തൊഴില്‍ സുരക്ഷയും കരാര്‍ തൊഴിലാളികളുടെ അവകാശ സംരക്ഷണവും സമരത്തിന്റെ മുദ്രാവാക്യങ്ങളാണ്. സി.ഐ.ടി.യുവിന് കീഴിലുള്ള റെയില്‍വെ കോണ്‍ട്രാക്ട് കാറ്ററിങ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിച്ചുണ്ട്.

content highlights: Loco pilot sacked for asking for rest; Workers on hunger strike for 36 hours