ക്യാമ്പസ് സൗഹൃദവും, പ്രണയവും, രാഷ്ട്രീയവുമെല്ലാം വിഷയമാക്കി മലയാളത്തിൽ ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ട്.
ക്യാമ്പസ് സൗഹൃദവും, പ്രണയവും, രാഷ്ട്രീയവുമെല്ലാം വിഷയമാക്കി മലയാളത്തിൽ ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ട്.
അക്കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എൻട്രിയാണ് എൽ. എൽ. ബി. ലൈഫ് ലൈൻ ഓഫ് ബാച്ച്ലേർസ് എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിൽ ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
സൗഹൃദത്തിന് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫറോക്ക് എ.സി.പി കൂടിയായ എം.എം. സിദ്ധിക്കാണ്.മുമ്പ് മലയാളത്തിൽ കണ്ടിട്ടുള്ള കോളേജ് പടങ്ങളിലെ എല്ലാ ചേരുവകളും കോർത്തിണക്കി തന്നെയാണ് എൽ.എൽ.ബിയും കഥ പറയുന്നത്. എന്നാൽ ചിത്രത്തിൽ ക്യാമ്പസ് രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രീയ പ്രശ്നങ്ങൾ ഏതുതരത്തിലാണ് കുടുംബങ്ങളെ ബാധിക്കുന്നതെന്നും ചർച്ച ചെയ്യുന്നുണ്ട്.
ഒരു പുതുമുഖ സംവിധായകന്റെ അപാകതകൾ ചില ഭാഗങ്ങളിൽ പ്രകടമാകുമ്പോഴും മേക്കിങ്ങിലും തിരക്കഥയിലും ആവറേജായ ചിത്രത്തെ വാച്ചബിൾ ആക്കുന്നത് ശ്രീനാഥ് ഭാസി, അശ്വത് എന്നിവരുടെ പ്രകടനങ്ങളാണ്. ഇമോഷണൽ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ അത് കയ്യടക്കത്തോടെ ചെയ്യുന്നതിൽ ഇരുവരും വിജയിച്ചിട്ടുണ്ട്.
ഹൃദയം എന്ന ചിത്രത്തിലെ പ്രകടനത്തിന് ശേഷം ശ്രദ്ധ നേടാൻ പോവുന്ന അശ്വതിന്റെ കഥാപാത്രമാണ് എൽ.എൽ. ബിയിലെ സഞ്ജു. എന്നാൽ ഹൃദയത്തിലെ പോലെ ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന വേഷമല്ല അശ്വതിന്റെത്. ശ്രീനാഥ് ഭാസിയുടെ സിബി എന്ന കഥാപാത്രവും സിനിമയോട് നീതി പുലർത്തുന്നതാണ്. പ്രത്യേകിച്ച് ക്ലൈമാക്സ് ഭാഗങ്ങളിലെ ശ്രീനാഥ് ഭാസിയുടെ പ്രകടനം മികച്ചതാണ്.
വിശാഖ് നായരും ശ്രീനാഥ് ഭാസിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകളിലെ ചില തമാശകൾ വർക്ക് ആവാതെ പോവുമ്പോഴും ഇരുവരും തമ്മിലുള്ള കെമിസ്ട്രി നന്നായി തന്നെ വന്നിട്ടുണ്ട്. ക്യാമ്പസ് കഥ പറയുന്ന ചിത്രം ആയതുകൊണ്ട് തന്നെ നിരവധി പുതുമുഖങ്ങളെയും ചിത്രത്തിൽ കാണാം. രണ്ടാം പകുതിയിലേക്ക് വരുമ്പോൾ മറ്റൊരു ട്രാക്കിലേക്ക് കയറുന്ന ചിത്രം ചില സസ്പെൻസുകളും ഒളിപ്പിച്ചു കൊണ്ടാണ് മുന്നോട്ടുപോകുന്നത്.
പാട്ടും ഡാൻസും പ്രണയവും സൗഹൃദവുമെല്ലാം കോർത്തിണക്കി ഒരു പക്കാ ക്യാമ്പസ് പടത്തിന്റെ എല്ലാം രുചി കൂട്ടുകളും ചേർക്കുമ്പോഴും അതിനപ്പുറം ചില കാര്യങ്ങൾ സംസാരിക്കാനാണ് സിനിമ ശ്രമിക്കുന്നത്. അത് ഒരു പരിധി വരെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് പ്രധാന താരങ്ങളുടെ പ്രകടനങ്ങൾ തന്നെയാണ്.
Content Highlight: LLB Movie Analysis