അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡിന് 50 കോടി രൂപ ലാഭമുണ്ടായി എന്ന് പറഞ്ഞത് തള്ളല്ലെന്ന് പ്രൊഡ്യൂസര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍. സിനിമകളുടെ ബിസിനസ് ഇപ്പോള്‍ മാറിയിട്ടുണ്ടെന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്.
കൊറോണയുടെ സമയത്ത് ഉള്ളത് പോലെയല്ല ഇപ്പോഴത്തെ അവസ്ഥയെന്നും ആ അര്‍ത്ഥത്തിലാണ് ഗോള്‍ഡ് നല്ല ലാഭമാണെന്ന് പറഞ്ഞതെന്നുമാണ് അദ്ദേഹം പറഞ്ഞത്. 90 ശതമാനം സത്യവും ഒരു പത്ത് ശതമാനം പരസ്യത്തിന്റെ രീതിയിലും കൂടെ കൂട്ടി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രൊഡ്യൂസ് ചെയ്യുന്ന ‘എന്നാലും എന്റെ അളിയാ’ എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിലാണ് ലിസ്റ്റിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഗോള്‍ഡ് ഒ.ടി.ടിയില്‍ ഇന്നലെ മുതല്‍ വന്ന് തുടങ്ങിയിട്ടെയുള്ളു. ഒ.ടി.ടിയില്‍ ഹിറ്റാണോയെന്ന് പറയാന്‍ ആയിട്ടില്ല. ഗോള്‍ഡ് ഒരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണ്. ചെയ്ത സിനിമകളെല്ലാം ഹിറ്റാക്കിയ ഒരു സംവിധായകന്റെ സിനിമ.
ആ ഒരു കോണ്‍ഫിഡന്‍സ് സംവിധായകനിലും ഉണ്ട്. അവരുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ നമുക്ക് വേറെ ഒരു സ്വീകാര്യതയാണ് ലഭിക്കുക. വലിയ ഒരു ഹിറ്റ് നല്‍കിയ സംവിധായകന് വേറെ ഒരു കോണ്‍ഫിഡന്‍സ് അദ്ദേഹത്തിന്റെ അടുത്ത സിനിമയോടും ഉണ്ടാകും. അപ്പോള്‍ നമ്മള്‍ ആ വ്യക്തിയുടെ കൂടെ നില്‍ക്കും. അത് ശരിയല്ല, ഇത് ശരിയല്ലെന്ന് നമ്മള്‍ പറയുമ്പോള്‍ അദ്ദേഹത്തിനും അത് ഫീല്‍ ചെയ്യും.
50 കോടി, 25 കോടി ഗോള്‍ഡില്‍ നിന്ന് കിട്ടി എന്ന് പറയുന്നത് തള്ളലൊന്നും അല്ല. സിനിമകളുടെ ബിസിനസ് ഇപ്പോള്‍ മാറി. കൊവിഡിന്റെ സമയത്ത് ഉള്ളത് പോലെ അല്ല കോവിഡിന് ശേഷം. ആ ഒരു അര്‍ത്ഥത്തിലാണ് ഗോള്‍ഡ് നല്ല ലാഭമാണെന്ന് പറഞ്ഞത്. പിന്നെ 90 ശതമാനം സത്യവും ഒരു പത്ത് ശതമാനം പരസ്യത്തിന്റെ രീതിയില്‍ പറഞ്ഞതാണ്. കിട്ടിയ ലാഭത്തില്‍ നിന്നും കുറച്ച് കൂടെ കൂട്ടി പറഞ്ഞതാണ്,” ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.