ലിസ് കേസ് അട്ടിമറി: ജഡ്ജിക്കെതിരായി സാക്ഷിയുടെ പരാതി
Discourse
ലിസ് കേസ് അട്ടിമറി: ജഡ്ജിക്കെതിരായി സാക്ഷിയുടെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd August 2011, 9:36 pm

LIS Case subotage

ഹരീഷ് വാസുദേവന്‍

ലിസ് തട്ടിപ്പ് കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്.
ലിസ് കേസിന്റെ വിചാരണ നടക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ ജഡ്ജിക്കെതിരായി കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയുടെ പരാതി. കേസ് അട്ടിമറിക്കുന്നുവെന്ന തന്റെ മൊഴി രേഖപ്പെടുത്താതെ അപമാനിച്ചു വിട്ടു എന്നാണ് സാക്ഷിയുടെ പരാതി. ലിസ് കേസ് വിചാരണ അട്ടിമറിക്കുന്നതിനായി പ്രതിഭാഗം തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായും പ്രോസിക്യൂഷന്‍ സാക്ഷി പറഞ്ഞു.

കോടതിയില്‍ മൊഴി കൊടുക്കുന്നതിനു മുമ്പ് ലിസിന്റെ വക്കീലായ അഡ്വ. എം.കെ ദാമോദരന്റെ ആളുകള്‍ എന്ന പേരില്‍ രണ്ടുപേര്‍ തന്നെ വന്നു കണ്ടിരുന്നു. അവര്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും പ്രസ്തുത സാക്ഷി വിചാരണവേളയില്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്യാതെ ജഡ്ജി തന്നെ അപമാനിച്ചു ഇറക്കിവിട്ടു എന്നാണ് ജഡ്ജിക്കെതിരായ പരാതിയില്‍ സാക്ഷി പറയുന്നത്. പ്രോസിക്യൂഷന്‍ സാക്ഷിയാണ് വിചാരണക്കോടതി ജഡ്ജി ബി.വിജയനെതിരെ ഗുരുതരമായ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

“ലിസില്‍ ഞാന്‍ ഡെപ്പോസിറ്റ് ചെയ്ത പണം തിരിച്ചു തരാതെ ചതി ചെയ്‌തെന്നു പറഞ്ഞപ്പോള്‍ മജിസ്‌ട്രേറ്റ് അത് രേഖപ്പെടുത്താതെ “പ്രായമായ ആളായതുകൊണ്ടാണ്, അല്ലെങ്കില്‍…” എന്ന് പറഞ്ഞു ഇറങ്ങിപ്പോവാന്‍ ആംഗ്യം കാട്ടി”യെന്നാണ് സാക്ഷി തന്റെ പരാതിയില്‍ പറയുന്നത്. ജഡ്ജിക്കെതിരായ പരാതി മേല്‍നടപടിക്കായി ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന് അയച്ചിട്ടുണ്ട്. പ്രതികള്‍ പണക്കാരും ഉന്നത സ്വാധീനമുള്ളവരും ആണെന്നും അതിനാല്‍ തന്റെ പേര് വെളിപ്പെടുത്താന്‍ ധൈര്യമില്ലെന്നുമാണ് സാക്ഷി “ഡൂള്‍ ന്യൂസി”നോട് പറഞ്ഞത്.

സാക്ഷിയെ സ്വാധീനിച്ചു കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭകേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്തിട്ടുള്ളത് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ്. ലിസ് കേസില്‍ പ്രതിഭാഗം വക്കീലായ അഡ്വ.എം.കെ ദാമോദരന്റെ നേതൃത്വത്തിലാണ് കേസ് അട്ടിമറിക്കപ്പെടുന്നത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭകേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചുവെന്ന ആരോപണം നേരിട്ട വ്യക്തിയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറലായ അഡ്വ.എം.കെ ദാമോദരന്‍.

പ്രതിഭാഗം തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ജഡ്ജിയോട് പരാതിപ്പെട്ട സാക്ഷിയുടെ മൊഴി രേഖപ്പെടുത്തുകയോ അതില്‍ നടപടിയെടുക്കുകയോ ചെയ്യാതെ കോടതിമുറിയില്‍ സാക്ഷിയെ അപമാനിച്ചു എന്ന ജഡ്ജിക്കെതിരായ പരാതി ഏറെ ഗൗരവമുള്ളതാണ്. ലിസ് തട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടുന്നത് ജഡ്ജിയുടെ അറിവോടെയാണ് എന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ പരാതി.

LIS Case affidavit and LIS Witness statement against Judge

എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബി.വിജയനെതിരെ ഇതിന് മുമ്പും ഹൈക്കോടതിക്ക് ചില പരാതികള്‍ ലഭിച്ചിരുന്നതായും വിജിലന്‍സ് വിഭാഗം അദ്ദേഹത്തിനെതിരായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതായും വിവരമുണ്ട്. ജില്ലാ ജഡ്ജിയായി പ്രമോഷന്‍ ലഭിക്കേണ്ടവരുടെ ലിസ്റ്റില്‍ നിന്നും പലവിധ കാരണങ്ങളാല്‍ ബി.വിജയനെ ഹൈക്കോടതി ഇടപെടു നീക്കം ചെയ്തതായും സൂചനയുണ്ട്. ഗുരുതരമായ ഈ പരാതിയും ഉയരുന്നതോടെ ഈ കേസില്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത തന്നേ ചോദ്യം ചെയ്യപ്പെടുകയാണ്.

കോടതിയുടെ അറിവോടെ ലിസ് തട്ടിപ്പ് കേസ് വിചാരണ അട്ടിമറിക്കപ്പെടുന്നു എന്ന ഡൂള്‍ ന്യൂസിന്റെ മുന്‍ വാര്‍ത്ത ശരിവെക്കുന്ന തെളിവുകളാണ് ഇതോടെ പുറത്തുവരുന്നത്.

ലിസ് കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായ ജഡ്ജിയുടെ ഇടപെടല്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ വരുംദിവസങ്ങളില്‍ “ഡൂള്‍ ന്യൂസ്” പുറത്തുവിടും.

ലിസ്: കോടികളുടെ തട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടുന്നു !!

മുന്‍ ഡി.ജി.പി പരസ്യ മോഡലായി; ജസ്റ്റിസ് തങ്കപ്പനെതിരെയും ആരോപണം

ലിസ് കേസ് അട്ടിമറിക്കുന്നു; മുഖ്യമന്ത്രിക്ക് എ.ഡി.ജി.പി സെന്‍കുമാറിന്റെ കത്ത്

ലിസ് തട്ടിപ്പ് കേസില്‍ തുടരന്വേഷണം

ലിസ് തട്ടിപ്പ് കേസ്: തുടരന്വേഷണമാവശ്യപ്പെട്ട് പോലീസ് കോടതിയില്‍