Football
ഫുട്ബോളിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കരുത്തനായ എതിരാളി അവനാണ്: മെസി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 13, 08:18 am
Tuesday, 13th August 2024, 1:48 pm

ഫുട്‌ബോളില്‍ ഐതിഹാസികമായ ഒരു കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തിയ താരമാണ് ലയണല്‍ മെസി. രണ്ട് പതിറ്റാണ്ടിലേറെക്കാലമായി മെസി വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ക്ലബ്ബുകള്‍ക്ക് വേണ്ടി ഒരുപിടി മികച്ച താരങ്ങള്‍ക്കെതിരെ കളിച്ചിട്ടുണ്ട്.

താന്‍ കളിക്കളത്തില്‍ നേരിട്ടുള്ളതില്‍ വെച്ച് ഏറ്റവും കടുത്ത എതിരാളി ആരാണെന്ന് മെസി ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. സ്പാനിഷ് താരം പാബ്ലോ മാഫിയോയാണ് മെസി കളിക്കളത്തില്‍ നേരിട്ട ഏറ്റവും കഠിനമേറിയ താരമായി തെരഞ്ഞെടുത്തിരുന്നത്. 2020ല്‍ ഫോര്‍ ഫോര്‍ ടുവിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അര്‍ജന്റൈന്‍ ഇതിഹാസം ഇക്കാര്യം പറഞ്ഞത്. മെസിയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

‘കളിക്കളത്തില്‍ എപ്പോഴും കഠിനമായ മത്സരങ്ങള്‍ ഉണ്ടാകുമെന്ന് എനിക്കറിയാം. മത്സരങ്ങളില്‍ എപ്പോഴും താരങ്ങളുടെ ചുറ്റും ആരെങ്കിലും ഉണ്ടായിരിക്കും. എന്നാല്‍ ഇത്തരത്തില്‍ ഒരാള്‍ എനിക്ക് പല സമയത്തും കളിക്കളത്തില്‍ ഉണ്ടായിട്ടില്ല. പക്ഷേ ചില സമയത്ത് എനിക്ക് ഇങ്ങനെ തോന്നിയിട്ടുണ്ട്. പാബ്ലോ മാഫിയോ ആയിരുന്നു ഞാന്‍ നേരിട്ടതില്‍ ഏറ്റവും കരുത്തനായ മനുഷ്യന്‍, ‘ മെസി പറഞ്ഞു.

2015 മുതല്‍ 2019 വരെ സ്പാനിഷ് ക്ലബ്ബായ ജിറോണക്ക് വേണ്ടി പാബ്ലോ പന്തുതട്ടി. ഈ സമയങ്ങളില്‍ ബാഴ്‌സലോണക്കെതിരെയുള്ള പല മത്സരങ്ങളിലും മെസിക്കെതിരെ പാബ്ലോ കളിച്ചിരുന്നു. താരം നിലവില്‍ മല്ലോക്കക്ക് വേണ്ടിയാണ് കളിക്കുന്നത്.

ക്ലബ് തലത്തില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയറായിരുന്നു മെസി സൃഷ്ടിച്ചെടുത്തത്. പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും മെസി പന്തുതട്ടി.

നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്തത്തില്‍ നേടിയത്.

നിലവില്‍ പരിക്കിന്റെ പിടിയിലായതുകൊണ്ട് മെസിക്ക് ഇന്റര്‍മയാമിക്കൊപ്പമുള്ള കഴിഞ്ഞ കുറച്ചു മത്സരങ്ങള്‍ നഷ്ടമായിരുന്നു. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ആയിരുന്നു മെസിക്ക് പരിക്ക് പറ്റിയത്. കൊളംബിയക്കെതിരെയുള്ള കലാശ പോരാട്ടത്തില്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മെസി മത്സരം പൂര്‍ത്തിയാക്കാതെ കളം വിടുകയായിരുന്നു.

 

Content Highlight: Lionel Messi Reveals The Toughest Player He Faced in His Carrier