മെസി കേരളത്തില്‍ വരും; സര്‍ക്കാരിന്റെയും അര്‍ജന്റീനയുടെയും സംയുക്ത പ്രഖ്യാപനം ഒന്നര മാസത്തില്‍
Sports News
മെസി കേരളത്തില്‍ വരും; സര്‍ക്കാരിന്റെയും അര്‍ജന്റീനയുടെയും സംയുക്ത പ്രഖ്യാപനം ഒന്നര മാസത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th November 2024, 10:18 am

അര്‍ജന്റൈന്‍ ദേശീയ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സന്നാഹ മത്സരങ്ങള്‍ക്കായാണ് ലോകചാമ്പ്യന്‍മാര്‍ കേരളത്തിലെത്തുന്നത്.

‘സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് ഈ മത്സരം നടക്കുക. ഇതിനുള്ള മുഴുവന്‍ സാമ്പത്തിക സഹായവും കേരളത്തിലെ വ്യാപരാ സമൂഹം ചെയ്യാമെന്നാണ് പറഞ്ഞിട്ടുള്ളത്. ജനകീയമായി തന്നെ ഈ മത്സരം നടത്തണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം അര്‍ജന്റീനയാണ് നടത്തേണ്ടത്. അടുത്ത ഒന്നര മാസത്തിനകം അവര്‍ കേരളത്തിലെത്തും. ഇവിടെ വെച്ച് അര്‍ജന്റൈന്‍ ദേശീയ ടീമും സര്‍ക്കാരും സംയുക്തമായി ഒരു പ്രഖ്യാപനം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്,’ മന്ത്രി പറഞ്ഞു.

ലയണല്‍ മെസിയടക്കമുള്ള താരങ്ങള്‍ കേരളത്തിലെത്തുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

അടുത്ത വര്‍ഷമാണ് മെസിപ്പട കേരളത്തിലെത്തുക. രണ്ട് സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഈ മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും.

നേരത്തെ മഞ്ചേരിയില്‍ വെച്ച് അര്‍ജന്റീനയുടെ മത്സരം നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതിയാണ് വേദി കൊച്ചിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

അര്‍ജന്റൈന്‍ ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തിലെത്തിയാല്‍ എതിരാളികള്‍ മറ്റൊരു ഏഷ്യന്‍ ടീമാകുമെന്നാണ് സൂചന. റാങ്കിങില്‍ രണ്ട് അറ്റത്ത് കിടക്കുന്ന ഇന്ത്യയും അര്‍ജന്റീനയും പരസ്പരം മത്സരിക്കില്ല.

ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീന ലോക ഒന്നാം നമ്പറും ഇന്ത്യ 125ാം സ്ഥാനത്തുമാണ്. അര്‍ജന്റീനയും നേരിടാനുള്ള ടീമും കേരളത്തില്‍ മത്സരിക്കുന്നതിന്റെ ചെലവ് മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനാണ് തീരുമാനം.

 

Content Highlight: Lionel Messi and Argentina will travel to play warmup matches