സൂപ്പര്‍ താരം ലയണല്‍ മെസി, 21 കാരന്‍ എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരുടെ തകര്‍പ്പന്‍ ഗോളുകളിലൂടെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ പരാജയപ്പെടുത്തിയിരിക്കുകയാണ് അര്‍ജന്റീന.
WHO ELSE BUT LIONEL MESSI? 🐐 pic.twitter.com/lJHfUB3nbJ
— ESPN FC (@ESPNFC) November 26, 2022
നിര്‍ണായക മത്സരം വിജയിച്ചതോടെ അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. പുറത്താകാതിരിക്കാന്‍ വിജയം അനിവാര്യമായിരുന്ന അര്‍ജന്റീനക്ക് നിലവില്‍ പോളണ്ടിന് പിറകില്‍ സൗദിക്കൊപ്പം മൂന്ന് പോയിന്റായി. ഇതിനിടെ തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം ലയണല്‍ മെസി.
ഒന്നും അവസാനിച്ചിട്ടില്ലെന്നും ഗ്രൂപ്പ് ഘട്ടത്തില്‍ പോളണ്ടിനെതിരായി വരാനിരിക്കുന്നത് മറ്റൊരു ഫൈനലാണെന്നും മെസി പറഞ്ഞു.
‘ഇന്ന് ഞങ്ങള്‍ക്ക് ജയിക്കണമായിരുന്നു, ഞങ്ങള്‍ ജയിച്ചു. ബുധനാഴ്ച മറ്റൊരു ഫൈനല്‍ വരാനിരിക്കുന്നു, നമുക്കെല്ലാം ഒരുമിച്ച് മുന്നേറാം. ഈ പോരാട്ടം തുടര്‍ന്നേ മതിയാകൂ… ലെറ്റ്‌സ് ഗോ അര്‍ജന്റീന!,’ ലയണല്‍ മെസി കുറിച്ചു.
അതേസമയം, 64ാം മിനിട്ടിലായിരുന്നു മെസിയിലൂടെ അര്‍ജന്റീനയുടെ ആദ്യ ഗോള്‍. ഗ്രൗണ്ടിന് വലതു വിങ്ങില്‍ നിന്ന് ലഭിച്ച പന്ത് ബോക്‌സിന് പുറത്തു നിന്ന് അനായാസം വലയിലെത്തിക്കുകയായിരുന്നു മെസി. ഈ ലോകകപ്പിലെ മെസിയുടെ രണ്ടാമത്തെ ഗോളാണിത്.
മെസിയുടെ ഗോളിനൊടൊപ്പം ചേര്‍ത്തുവെക്കേണ്ട ഗോളായിരുന്നു 21 കാരനായ എന്‍സോ ഫെര്‍ണാണ്ടസിന്റേത്. മെക്സിക്കോയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ ഒച്ചാവോക്ക് ഒന്ന് തൊട്ടുനോക്കാന്‍ പോലും കഴിയാത്ത വേഗതയിലായിരുന്നു ഫെര്‍ണാണ്ടസ് തൊടുത്തുവിട്ട പന്തിന്റെ വേഗത.
ഇനി ഡിസംബര്‍ ഒന്നിന് പോളണ്ടുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. മത്സരത്തില്‍ വിജയിച്ചാല്‍ അര്‍ജന്റീനക്ക് പ്രീക്വാര്‍ട്ടര്‍ കളിക്കാം.
Content Highlight: Lionel Messi after the match against Mexico Nothing is over, the upcoming final, Let’s Go Argentina