വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിന് മുമ്പ് തന്റെ ആരോഗ്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി പി.എസ്.ജി സൂപ്പര്‍ താരവും അര്‍ജന്റീന ക്യാപ്റ്റനുമായ ലയണല്‍ മെസി. ലോകകപ്പ് അടുത്ത് വരവെ തന്റെ ആരോഗ്യത്തെ കുറിച്ചും വരാനിരിക്കുന്ന മത്സരങ്ങളെ കുറിച്ചുമാണ് മെസി പറയുന്നത്.
നവംബര്‍ 20നാണ് ലോകകപ്പിന്റെ കിക്ക് ഓഫ്. നവംബര്‍ 22നാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. സൗദി അറേബ്യയാണ് എതിരാളികള്‍.
എന്നാല്‍ ഖത്തറിലേക്ക് പറക്കും മുമ്പ് മെസിക്ക് ഇനിയും നിരവധി മത്സരങ്ങളാണ് കളിക്കാനുള്ളത്. ലോകകപ്പിന് മുമ്പ് ലീഗ് വണ്ണിലും ചാമ്പ്യന്‍സ് ലീഗിലുമായി പി.എസ്.ജിക്ക് വേണ്ടി മെസി ബൂട്ടുകെട്ടും.
ഈ മത്സരങ്ങളില്‍ ആശങ്കയില്ലാതെ കളിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ പരിക്കേല്‍ക്കാതെ നോക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നുമാണ് മെസി പറയുന്നത്.
ടി.വൈ.സി സ്‌പോര്‍ട്ടിന് (TyC Sport) നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം പറയുന്നത്.
‘അത് സങ്കീര്‍ണമാണെന്നാണ് എനിക്ക് തോന്നുന്നത്. ഒരുപാട് മത്സരങ്ങളാണ് എനിക്ക് കളിക്കാനുള്ളത്. എന്നാല്‍ വിശ്രമിക്കാനുള്ള സമയം വളരെ കുറവുമാണ്. ഇത് നിങ്ങള്‍ എല്ലായ്‌പ്പോഴും അഭിമുഖീകരിക്കേണ്ട ഒന്നാണ്.
ലോകകപ്പും മനസില്‍ വെച്ചുകൊണ്ടാണ് കളിക്കാന്‍ ഇറങ്ങുന്നതെങ്കില്‍ നിങ്ങള്‍ സ്വയം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കാര്യങ്ങളെല്ലാം അവതാളത്തിലാവും. ഒരുപക്ഷേ അവസാനം അത് എല്ലാത്തിനേക്കാളും മോശമാവാനും സാധ്യതയുണ്ട്,’ താരം പറയുന്നു.
‘ഒരു കാര്യം സംഭവിക്കണം എന്നുള്ളതുകൊണ്ട് അത് സംഭവിക്കുന്നു എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്തെങ്കിലും സംഭവിക്കാനുണ്ടെങ്കില്‍ അത് സംഭവിക്കുക തന്നെ ചെയ്യും.
ഒന്നും സംഭവിക്കേണ്ട എന്ന് ദൈവം ചിന്തിച്ചാല്‍ ആര്‍ക്കും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കാര്യങ്ങള്‍ ഇപ്പോഴുള്ളതുപോലെ അവസാനിക്കും,’ മെസി പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ഹോണ്ടുറാസിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീന വിജയിച്ചത്. അതില്‍ രണ്ട് ഗോളും മെസിയുടെ ബൂട്ടില്‍ നിന്നുമായിരുന്നു പിറന്നത്.
നിലവില്‍ തുടര്‍ച്ചയായ 34 മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിക്കുന്ന അര്‍ജന്റീനയുടെ അടുത്ത എതിരാളികള്‍ ജമൈക്കയാണ്. സെപ്റ്റംബര്‍ 27നാണ് മത്സരം.
അര്‍ജന്റീനക്ക് പുറമെ പി.എസ്.ജിയിലും അദ്ദേഹം മികച്ച ഫോമിലാണ് തുടരുന്നത്. 11 മത്സരത്തില്‍ നിന്നും ഇതുവരെ ആറ് ഗോളും എട്ട് അസിസ്റ്റുമാണ് അര്‍ജന്റൈന്‍ ടോര്‍പ്പിഡോ തന്റെ പേരിലാക്കിയത്.