മലയാള സിനിമക്ക് വേറിട്ടൊരു രൂപം നൽകാൻ ശ്രമിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്താരാഷ്ട്ര തലത്തിൽ വരെ ലിജോയുടെ സിനിമകൾ ചർച്ചയായിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ തിളങ്ങിയിട്ടും ഉണ്ട്. കുറഞ്ഞ സിനിമകളിലൂടെത്തന്നെ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ എന്ന ബ്രാൻഡ് ആയി മാറാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ടു മടുത്ത ശൈലിയിൽ നിന്നും മാറിയുള്ള ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാറുള്ളത്.
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ഏറെ ഹൈപ്പിൽ ഈ വർഷം തിയേറ്ററിൽ എത്തിയ ചിത്രത്തെ എന്നാൽ വേണ്ടവിധം പ്രേക്ഷകർ സ്വീകരിച്ചിരുന്നില്ല. തന്റെ സിനിമ ശൈലിയെ കുറിച്ച് സംസാരിക്കുകയാണ് ഗലാട്ട പ്ലസ് ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളിൽ ലിജോ ജോസ് പെല്ലിശ്ശേരി.
മലൈക്കോട്ടൈ വാലിബന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചതെന്നും എന്നാൽ അതിനെക്കുറിച്ചോർത്ത് സങ്കടപ്പെട്ടത് വെറും മൂന്ന് ആഴ്ചകളാണെന്നും അദ്ദേഹം പറയുന്നു. പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ചുള്ള സിനിമകളല്ല ചെയ്യേണ്ടതെന്നും മറിച്ച് പ്രേക്ഷകരുടെ അഭിരുചിയെ മാറ്റുന്ന രീതിയിലുള്ള സിനിമകൾ ചെയ്യണം എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടിച്ചേർത്തു.
‘മലൈക്കോട്ടൈ വാലിബന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. അതിനെക്കുറിച്ചോർത്ത് സങ്കടപ്പെട്ടത് വെറും മൂന്ന് ആഴ്ചകളാണ്. ആളുകളുടെയോ പ്രേക്ഷകരുടെയോ ഇഷ്ടത്തിനനുസരിച്ചാണ് നമ്മൾ സിനിമ ചെയ്യേണ്ടത് എന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. മറിച്ച് എന്താണോ ആളുകൾ കാണേണ്ടതെന്ന അവരുടെ അഭിരുചിയെ മാറ്റി മറക്കുന്നതായിരിക്കണം നമ്മൾ ചെയ്യുന്ന സിനിമകൾ.
പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമകളാണോ നമ്മൾ ചെയ്യേണ്ടതെന്നും അതോ അവരുടെ ടേസ്റ്റ് മാറുന്ന രീതിയിലുള്ള സിനിമകളാണോ നമ്മൾ ചെയ്യേണ്ടതെന്നത് ഇപ്പോഴും ഒരു ചോദ്യമായി നിൽക്കുന്നവയാണ്. എനിക്ക് തോന്നുന്നത് രണ്ടു രീതിയിലും ഇത് നടക്കും എന്നാണ്.
എന്റെ രീതിയെന്ന് പറയുന്നത് പ്രേക്ഷകന്റെ അഭിരുചി മാറ്റുന്നതാണ്. ആളുകൾ കാണേണ്ട വ്യത്യസ്തമായ സിനിമയുടെ തലങ്ങളിലേക്ക് അവരെ ഗൈഡ് ചെയ്യുന്നതും കൂടെ സംവിധാനത്തിന്റെ ഒരു ഭാഗമാണെന്ന് ഞാൻ വിശ്വസിക്കുന്നു,’ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.