ഗോവ രാജ്യാന്തര ചലച്ചിത്രമേള: മികച്ച സംവിധായകനായി വീണ്ടും ലിജോ ജോസ് പെല്ലിശ്ശേരി
Mollywood
ഗോവ രാജ്യാന്തര ചലച്ചിത്രമേള: മികച്ച സംവിധായകനായി വീണ്ടും ലിജോ ജോസ് പെല്ലിശ്ശേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th November 2019, 5:55 pm

പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള രജത മയൂരം പുരസ്‌ക്കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്. രണ്ടാം തവണയാണ് ലിജോ ജോസ് ഗോവ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെടുന്നത്.

ജല്ലിക്കട്ടാണ് ലിജോയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. കഴിഞ്ഞ വര്‍ഷം ഈ മാ യൗവിനാണ് പുരസ്‌കാരം ലഭിച്ചത്. പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് രജത മയൂരത്തിന് ലഭിക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്രഞ്ച്-സ്വിസ് സിനിമ പാര്‍ട്ടിക്കിള്‍സാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം സ്വന്തമാക്കിയത്. ബ്ലെയ്സ് ഹാരിസനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നാല്‍പത് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

വാഗ്നര്‍ മൗര സംവിധാനം ചെയ്ത മാരിഗെല്ലയിലെ അഭിനയത്തിന് സ്യു ഷോര്‍ഷിയെ മികച്ച നടനായി തെരഞ്ഞെടുത്തു. ഗറില്ല രാഷ്ട്രീയ തടവുകാരനായ കാര്‍ലോസ് മാരിഗെല്ല എന്ന കഥാപാത്രമാണ് ഷോര്‍ഷിയെ മികച്ച നടനാക്കിയത്.

മായി ഘട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ഉഷ ജാദവിനാണ് മികച്ച നടിക്കുള്ള രജത മയൂരം. കേരളത്തില്‍ നടന്ന ഉദയകുമാര്‍ ഉരുട്ടിക്കൊലയെ പശ്ചാത്തലമാക്കി നിര്‍മിച്ച സിനിമയാണ് മായി ഘട്ട്. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ വേഷമാണ് ഉഷ ജാദവിനു പുരസ്‌ക്കാരം നേടിക്കൊടുത്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം രണ്ടു പേര്‍ പങ്കിട്ടു. മരിയസ് ഒട്ട്ലേനു സംവിധാനം ചെയ്ത മോണ്‍സ്റ്റേഴ്സിനും അമിന്‍ സിദി ബൗമെദ്ദീന്‍ സംവിധാനം ചെയ്ത അബൂലൈലയ്ക്കുമാണ് പുരസ്‌കാരം. പെമ സെഡെന്റെ ബലൂണ്‍ പ്രത്യേക ജൂറി അവാര്‍ഡും ഹെല്ലാരൊ പ്രത്യേക ജൂറി പരാമര്‍ശവും കരസ്ഥമാക്കി.