നമ്മള്‍ സ്‌ക്രീനില്‍ കാണുന്നത് പോലെയല്ല അദ്ദേഹം; ഒരുപാട് കഷ്ടപ്പെട്ടാണ് സിനിമയിലെത്തിച്ചത്: പൂരി ജഗന്നാഥ്
Entertainment news
നമ്മള്‍ സ്‌ക്രീനില്‍ കാണുന്നത് പോലെയല്ല അദ്ദേഹം; ഒരുപാട് കഷ്ടപ്പെട്ടാണ് സിനിമയിലെത്തിച്ചത്: പൂരി ജഗന്നാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th August 2022, 7:57 pm

വിജയ് ദേവരകൊണ്ടയെ നായകനാക്കി പൂരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗര്‍ കഴിഞ്ഞ ദിവസമാണ് 2500ഓളം തിയേറ്ററുകളിലായി റിലീസ് ചെയ്തത്. റിലീസിന് മുമ്പ് വലിയ ഹൈപ്പുമായെത്തിയ ചിത്രത്തിന് പക്ഷെ തിയേറ്ററുകളില്‍ പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിക്കുന്നത്.

കിക്ക് ബോക്സിങ് ആസ്പദമാക്കിയുള്ള ആക്ഷന്‍ ഡ്രാമ ചിത്രമാണ് ലൈഗര്‍. സിനിമയില്‍ ഗസ്റ്റ് റോളില്‍ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ എത്തിയിരുന്നു. ഏറെ പണിപ്പെട്ടാണ് മൈക്ക് ടൈസണെ സിനിമയില്‍ എത്തിച്ചത് എന്ന് പറയുകയാണ് എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പൂരി ജഗന്നാഥ്.

”സിനിമയില്‍ ഒരു പ്രധാന റോളില്‍ മൈക്ക് ടൈസണ്‍ വേഷമിട്ടിരുന്നു. മൈക്ക് ടൈസനെ ലൈഗറില്‍ അതിഥി വേഷത്തില്‍ അവതരിപ്പിക്കാന്‍ എത്തിച്ചത് ഒരു പ്രധാന വെല്ലുവിളിയായിരുന്നു.

സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് അവസാനം നിമിഷം വരെ താരം സിനിമയിലുണ്ടാകുമോ എന്ന് സംശയിച്ചിരുന്നു.

ഞാന്‍ മൈക്ക് ടൈസന്റെ വലിയ ഫാനാണ്. സിനിമയില്‍ കാണുന്നത് പോലെയല്ല മൈക്ക് ടൈസണ്‍. അദ്ദേഹം കുട്ടികളെ പോലെയാണ്. അനായാസമായാണ് അദ്ദേഹത്തിനൊപ്പം സിനിമയില്‍ ജോലി ചെയ്തത്,” പൂരി ജഗന്നാഥ് പറഞ്ഞു.

അതേസമയം, 33 കോടി രൂപയാണ് ലൈഗര്‍ ആദ്യദിനം തിയേറ്ററുകളില്‍ നിന്നും കളക്ട് ചെയ്തത്.

നേരത്തെ സിനിമയുടെ റിലീസിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിജയ് ദേവരകൊണ്ട മേശയ്ക്ക് മുകളില്‍ കാലുകയറ്റി വെച്ച സംഭവം വലിയ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് സിനിമക്കെതിരെ ബഹിഷ്‌കരണ ക്യാമ്പയിന്‍ ഉണ്ടായപ്പോള്‍ പടം ബഹിഷ്‌കരിച്ചോളൂ എന്നായിരുന്നു വിജയ് പറഞ്ഞത്.

അനന്യ പാണ്ഡെ, റോണിത് റോയ്, അലി, രമ്യ കൃഷ്ണന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉള്‍പ്പടെ മറ്റ് അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്.

കേരളത്തിലും വൈഡ് റിലീസ് ആണ് ചിത്രത്തിന്. മലയാളം പതിപ്പിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ക്കും കേരളത്തില്‍ പ്രദര്‍ശനമുണ്ട്.

Content Highlight:  Liger director Puri Jagannadh talks about getting Mike Tyson to act in the movie