വേണമെങ്കില്‍ ശുപാര്‍ശ കൊണ്ടും മാപ്പ് അപേക്ഷ കൊണ്ടും വധശിക്ഷയില്‍ നിന്നും വിടുതല്‍ നേടാവുന്ന സാഹചര്യം. പക്ഷേ, ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ നിലകൊണ്ട ആ ധീരനെ തൂക്കിലേറ്റുമ്പോള്‍ അദ്ദേഹത്തിന്റെ വയസ്സ് കേവലം 26
‘ആരാണ് എന്റെ കാല്പാടുകളെ മായ്ച്ച് കളയുന്നത്’
– സ്വാതന്ത്ര്യ സമര സേനാനി കൂടിയായ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മിപ്പിച്ചു.
ഈ വാക്യം ഹൃദയത്തില്‍ മുഴക്കമുണ്ടാക്കുന്ന ചോദ്യമായും വൈദ്യുത ശക്തിയുള്ള കവിതയായും നമ്മുടെ ഉള്ളില്‍ ജീവിക്കുന്നു; ഉത്തരത്തെ തേടാന്‍ ആഹ്വാനം ചെയ്യുന്നു.
ബഷീര്‍സാഹിത്യം പോലെ അനേകം ഇടങ്ങളില്‍ വ്യത്യസ്ത ശബ്ദം മുഴക്കുന്ന ധ്വനികളായി അത് കാലങ്ങള്‍ കടന്ന് നമ്മിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു. സാന്ദര്‍ഭികമായി പറയട്ടെ, ഇപ്പോള്‍ വക്കം അബ്ദുല്‍ ഖാദറിന്റെ ചോദ്യമായിട്ടാണ് ഞാനത് കേള്‍ക്കുന്നത്.
ആരാണ് വക്കം ഖാദര്‍ എന്ന് ചോദിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക സൈബര്‍കേന്ദ്രമായ ഗൂഗിളിന് പോലും കൃത്യം മറുപടി തരാനില്ല. (വേണമെങ്കില്‍, അദ്ദേഹത്തിന്റേതല്ലാത്ത ഒരു ഫോട്ടോ കൂടി നമുക്ക് ഫ്രീ ആയി തരികയും ചെയ്യും!)
ഗൂഗിളിനെയല്ല ഞാന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്; ഇതൊക്കെ വായിച്ച് നിര്‍ഗുണ പരബ്രഹ്മമായി കടന്നു പോകുന്ന, ആത്മാവില്‍ ദരിദ്രരായിപ്പോയ ഞാനടക്കമുള്ള മനുഷ്യരെയാണ്.
വക്കം ഖാദര്‍
ഹൈസ്‌കൂളില്‍ ചരിത്രം പഠിപ്പിക്കുന്ന സുഹൃത്തിനോട് ഞാന്‍ ഒരു കൗതുകം കൊണ്ട് ഇങ്ങനെയൊരു പേരിനെപ്പറ്റി ഫോണില്‍ ചോദിച്ചു. കുറച്ചൊക്കെ മന:പൂര്‍വ്വമാണെന്ന് വെച്ചോളൂ. എന്തോ ഓര്‍ത്ത് കുറച്ച് സമയം കഴിഞ്ഞ് അദ്ദേഹം വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ചരിത്രമാണ് പറഞ്ഞത്! എനിക്കതില്‍ അത്ഭുതം തോന്നിയില്ല. തീര്‍ച്ചയായും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും അദ്ദേഹത്തിന്റെ മകന്‍ വക്കം അബ്ദുല്‍ ഖാദറും അവരുടെതായ നിലയില്‍ സാമൂഹ്യ മാറ്റത്തിന് തിരികൊളുത്തിയ ആദരണീയ വ്യക്തികള്‍ തന്നെയാണ്.
പക്ഷേ, അവരെ സ്മരിക്കാന്‍ മുജാഹിദ് സംഘടനകളെങ്കിലും ഉണ്ട്. പാവം വക്കം അബ്ദുല്‍ ഖാദറിന് അത്തരം മത സംഘടനകളുടെ പിന്‍ബലവുമില്ല! മാത്രമല്ല, വൈജ്ഞാനികമായി നാം ആ ആദരണീയ രക്തസാക്ഷിയെ തെറ്റായി രേഖപ്പെടുത്തുകയും ചെയ്യുന്നു.! അതെ, ഗൂഗിള്‍ സര്‍ച്ചില്‍ വക്കം അബ്ദുല്‍ ഖാദര്‍ എന്നോ വക്കം ഖാദര്‍ എന്നോ ടൈപ്പ് ചെയ്താല്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി എന്നാണ് വരിക!
ധര്‍മ്മസങ്കടമാണിത്. എന്റെ ഉപ്പയുടെ പേര് ഇബ്രാഹിം കുട്ടി എന്നാണ്. എന്നാല്‍ അത് ഭഗീരഥന്‍ പിള്ളയാണ് എന്ന് പറഞ്ഞാല്‍തീര്‍ച്ചയായും എന്റെ പേര് ശശിയെന്നല്ലാതെ മറ്റൊന്നുമല്ല. ശശിയുടെ വിധിയിലും ഇത് തന്നെ സ്ഥിതി!
സ്വദേശാഭിമാനി പത്രത്തിന്റെ ഉടമയും നവോത്ഥാന ചിന്തകനുമായിരുന്ന വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, അദ്ദേഹത്തിന്റെ മകനും നിരൂപകനും ഗ്രന്ഥകാരനും സ്വതന്ത്രചിന്തകനുമായിരുന്ന വക്കം അബ്ദുല്‍ ഖാദര്‍ എന്നിവര്‍
ഇനി ആരാണ് വക്കം അബ്ദുല്‍ ഖാദര്‍ എന്ന് സാമാന്യമായി നോക്കാം:
1917 മെയ് 25 ന്ജനിച്ചു. പ്രതിഭാധനനായ ഗായകന്‍, കൗമാരം കടന്ന കാലത്ത് തന്നെ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ആവേശകരമായ ഗാനങ്ങള്‍ അദ്ദേഹം പാടി നടന്നു. കായികരംഗങ്ങളില്‍ മിടുക്കനായിരുന്നു. ശരിക്കും ഒരു ഹീറോ തന്നെ. ഗാന്ധിജിയുടെ കേരള സന്ദര്‍ശനവേളയില്‍ഒരു റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ വമ്പിച്ച ജനാവലികള്‍ക്കിടയിലൂടെ തിക്കിക്കയറി ഗാന്ധിജിയുടെ കൈകള്‍ വാരിപ്പുണര്‍ന്ന് മുത്തമിട്ടു.
പിതാവിന്റെ താല്പര്യ പ്രകാരം ഇരുപത്തിയൊന്നാം വയസ്സില്‍ മലേഷ്യയില്‍ പ്രവാസിയായി, ഖാദര്‍. അവിടെ പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനീയറിങ്ങ് സെക്ഷനില്‍ കുറച്ച് കാലം ജോലി ചെയ്തു. മലേഷ്യയില്‍ ഒരു ജോലിക്കാരനായി ഒതുങ്ങിക്കൂടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അവിടത്തെ ഇന്ത്യക്കാരുമായി കൂട്ടുചേര്‍ന്ന് ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരായി അവിടത്തെ ഇന്ത്യക്കാരെ ഉദ്‌ബോധിതരാക്കുകയും സംഘടിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ്
സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ഖാദര്‍ എത്തുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആവേശം വക്കം അബ്ദുല്‍ ഖാദറിന്റെ മനസ്സിനെ ഇളക്കിമറിച്ചു. അന്ന് മലേഷ്യയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയിരുന്ന ഇന്ത്യ ഇന്‍ഡിപെന്‍ഡന്റ് ലീഗില്‍ ചേര്‍ന്ന വക്കം അബ്ദുല്‍ ഖാദര്‍ പിന്നീട് അതിന്റെ നേതൃനിരയിലേക്കുയര്‍ന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് സ്വാതന്ത്ര്യ പോരാട്ടത്തിന്നായി രൂപവത്കരിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേര്‍ന്ന ഖാദര്‍ തന്ത്രപ്രധാനമായ വിഭാഗത്തിന്റെ ചുമതലക്കാരനായി.
ഐ.എന്‍.എ. ഭടന്മാര്‍ക്ക് വേണ്ടിരൂപവത്കരിച്ച സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ വക്കം അബ്ദുല്‍ ഖാദര്‍ അതീവ ധീരന്മാരുടെ കോര്‍ യൂനിറ്റായ ചാവേര്‍ സ്‌ക്വാഡില്‍ പ്രമുഖ സ്ഥാനത്തേക്ക് ഉയര്‍ന്നു. ബ്രിട്ടീഷ് ഭരണം തകര്‍ക്കാന്‍ രഹസ്യനീക്കത്തിന് ഐ.എന്‍.എ. നിയോഗിച്ച അഞ്ചംഗ സംഘത്തിലെ പ്രധാനിയായി ഇന്ത്യയിലെത്തി.
വക്കം ഖാദറിന്റെ സ്മരണാര്‍ത്ഥം ഇറങ്ങിയ സ്റ്റാമ്പ്
1942 സെപ്റ്റംബര്‍ 18ന് രാത്രി 10 നാണ് അവര്‍ മലേഷ്യയിലെ പെനാങ്ക് തുറമുഖത്തുനിന്ന് ഒരു അന്തര്‍വാഹിനി കപ്പലില്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഒമ്പത് ദിവസത്തെ ഭീതിജനകവും സാഹസികവുമായ കടലിനടിയിലെ അനുഭവങ്ങള്‍ക്കും കഠിനത്യാഗങ്ങള്‍ക്കും ശേഷം മലബാറിലെ താനൂര്‍ കടപ്പുറത്ത് എത്തി. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഉടന്‍ ബ്രിട്ടീഷ് പൊലീസിന്റെ പിടിയിലായി.
തുടര്‍ന്ന്, മദ്രാസിലെ സെന്റ് ജോര്‍ജ് ഫോര്‍ട്ട് ജയിലില്‍ അടച്ചു. അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമായിട്ടും ഖാദര്‍ ഐ.എന്‍.എയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയില്ല. പക്ഷേ, ഒപ്പമുണ്ടായിരുന്ന സുകുമാരന്‍ നായര്‍ക്ക് മര്‍ദ്ദനങ്ങളുടെ കാഠിന്യം സഹിക്കാനാവാതെ പലതും പറയേണ്ടി വന്നു. ജയില്‍വാസം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതോടെ വക്കം അബ്ദുല്‍ ഖാദര്‍ എന്ന വക്കം ഖാദറിനെ ബ്രിട്ടീഷ് പട്ടാളക്കോടതി വിചാരണ നടത്തി വധശിക്ഷ വിധിച്ചു. അങ്ങനെ 1943 സെപ്റ്റംബര്‍ 10ന് വക്കം അബ്ദുല്‍ ഖാദറിനെയും സംഘത്തെയും തൂക്കിലേറ്റി.
വേണമെങ്കില്‍ ശുപാര്‍ശ കൊണ്ടും മാപ്പ് അപേക്ഷ കൊണ്ടും വധശിക്ഷയില്‍ നിന്നും വിടുതല്‍ നേടാവുന്ന സാഹചര്യം. പക്ഷേ, ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ നിലകൊണ്ട ആ ധീരനെ തൂക്കിലേറ്റുമ്പോള്‍ അദ്ദേഹത്തിന്റെ വയസ്സ് കേവലം 26. യാതൊരു മന:ശ്ചാഞ്ചല്യവുമില്ലാതെ തൂക്കുമരത്തിലേക്ക് ഖാദര്‍ നടന്നു നീങ്ങി. തലേന്ന് രാത്രി അദ്ദേഹം തന്റെ പിതാവിന് അയച്ചു കൊടുക്കാന്‍ ഏല്പിച്ച പ്രോജ്വലമായ കത്തുംഅതില്‍ കടല്‍ പോലെ തുടിക്കുന്ന ദേശസ്‌നേഹത്തിന്റെ അപാരത നിറഞ്ഞ വരികളും ചരിത്ര പ്രസിദ്ധമാണ്.
ഇതൊക്കെ മഹത്തായ യാഥാര്‍ത്ഥ്യമാണെന്നിരിക്കേ വക്കം അബ്ദുല്‍ ഖാദറിനെപ്പറ്റി ഒരു വിക്കിപീഡിയയോ അദ്ദേഹത്തോടൊപ്പം തൂക്കിലേറ്റപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രമോസൈബറിടത്ത് എവിടെയും കാണാനില്ല! വക്കം അബ്ദുല്‍ ഖാദറിനെക്കുറിച്ചുള്ള പുസ്തകവും വിപണിയില്‍ കിട്ടാനുണ്ടോ എന്ന അന്വേഷണവും എങ്ങുമെത്തിയില്ല. ശ്രീ. വക്കം സുകുമാരന്‍ എഴുതിയ ചെറിയൊരു പുസ്തകം മുമ്പ് ശ്രദ്ധിച്ചിട്ടുണ്ട്.
വക്കം സുകുമാരന്‍ എഴുതി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കവര്‍
കേരളത്തിന്റെ സ്വാതന്ത്ര ചരിത്രത്തിലെ ആവേശകരമായ ഒരേടാണ് വക്കം അബ്ദുല്‍ ഖാദറിന്റെ ജീവിതം. എന്നിട്ടും സംഭവബഹുലമായ ആ ധീരജീവിതത്തിന്റെ ചരിത്രം നമ്മോട് ചോദിക്കുന്നു: ആരാണ് എന്റെ കാല്പാടുകള്‍ മായ്ച്ച് കളയുന്നത്?
ചരിത്ര സ്മരണയാണ് ഒരു ജനതയെ ലക്ഷ്യബോധത്തോടെ മുന്നോട്ട് നയിക്കാന്‍ പ്രേരിപ്പിക്കുന്ന ചാലക ശക്തി. ചരിത്രബോധത്തിന് പ്രാധാന്യം കല്പിക്കാത്ത മനുഷ്യസമൂഹം മൂഢ ജനതയായിരിക്കും. വന്ന വഴി അറിയാത്ത ഏതൊരു ജനതയും പോകേണ്ട വഴി അറിയാത്തവരായിരിക്കും.
ഞാന്‍ പറഞ്ഞു വരുന്നതിന്റെരത്‌നച്ചുരുക്കം ഇതാണ്: നമ്മുടെ രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച, അപൂര്‍വ്വ ജനുസ്സില്‍പ്പെട്ട വീരനായകന്‍ വക്കം അബ്ദുല്‍ ഖാദറിനെ സാമാന്യമായിട്ടെങ്കിലും അറിയാന്‍ ഒരു വിക്കിപീഡിയ പോലും ഇല്ല എന്നത് വലിയ നാണക്കേടാണ്. കേരളത്തില്‍ നൂറ് കണക്കിന് ചരിത്രാധ്യാപകരുണ്ട്. അവരുടെ കൂട്ടായ്മയെങ്കിലും ഈ ദൗത്യത്തിന് തയ്യാറാവേണ്ടതുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അനശ്വരവും ഐതിഹാസികവുമായഅധ്യായമാണ് വക്കം അബ്ദുല്‍ ഖാദറിന്റേതെന്ന് പുതുതലമുറയെ ഓര്‍മിപ്പിക്കാനുള്ള ബാധ്യതയെ അവരെങ്കിലും ഏറ്റെടുക്കേണ്ടതുണ്ട്.
തൂക്കിലേറാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായ ശേഷം സെപ്റ്റംബര്‍ 9 ന് രാത്രി വക്കം ഖാദര്‍ തന്റെ പിതാവിനും സുഹൃത്ത് ബോണിഫെയ്‌സിനും രണ്ട് കത്തുകള്‍ എഴുതി വെച്ചു.
കത്തുകളുടെ പൂര്‍ണ്ണ രൂപം
എന്റെ പ്രിയപ്പെട്ട ബോണി,
എന്റെ അന്ത്യയാത്രയിലെ അവസാന വാക്കുകള്‍ ഇതാ! മങ്ങലേല്‍ക്കാത്ത നിന്റെ സ്‌നേഹത്തിനും ഹൃദയംഗമമായ ആത്മാര്‍ത്ഥതയ്ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഊറി വരുന്ന വാക്കുകള്‍ കൊണ്ട് ഞാന്‍ നന്ദി പ്രകാശിപ്പിക്കട്ടെ. നിന്റെ വിലപ്പെട്ട ഗുണങ്ങളെയും മഹത്തായ വ്യക്തിത്വത്തെയും പറ്റി ഞാന്‍ നിന്നോട് പറയുന്നത് വെറും പുകഴ്ത്തലായിരിക്കും. ഞാനല്‍പം പറഞ്ഞ് പോയതില്‍ ക്ഷമിക്കണം.
ഒരു ഭീകര ദുരന്തമാണ് വരാന്‍ പോകുന്നത് എന്ന് കരുതരുത്. ഇത് ലോകത്ത് സംഭവിക്കാറുള്ള നിസ്സാര കാര്യങ്ങളില്‍ ഒന്നുമാത്രം. നിങ്ങളുടെ കണ്‍മുമ്പില്‍ നടന്നിട്ടുള്ള മറ്റു പല സംഭവങ്ങളുമായി തട്ടിച്ചാല്‍ നമ്മുടെ മരണം നമ്മുടെ എളിയ ത്യാഗം. എഴുതിക്കൊണ്ടിരിക്കുന്ന വാചകത്തില്‍ നിന്ന് ഒരു വാക്ക് വെട്ടിക്കളയുന്നത് പോലെ മാത്രമാണ്.
നമ്മുടെ മരണം മറ്റ് അനേകം പേരുടെ ജനനത്തിന് വഴിയൊരുക്കും. എണ്ണമറ്റ വീരന്മാര്‍, മഹാത്മാക്കളായ ഭാരത പുത്രന്മാര്‍, മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി സര്‍വവ്വും ത്യജിച്ചവര്‍, ഇതിനകം ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ട്. അവരോട് താരതമ്യപ്പെടുത്തിയാല്‍ നമ്മള്‍ പൂര്‍ണ്ണചന്ദ്രന്റെ മുമ്പില്‍ വെറും മെഴുകുതിരികള്‍.
നമ്മുടെ ലക്ഷ്യത്തില്‍ പുറപ്പാടിലേ തന്നെ നാം പരാജയപ്പെട്ടു. നമുക്കൊന്നും ചെയ്യാന്‍കഴിയാതെ പോയതും വെറും ദൗര്‍ഭാഗ്യമായിപ്പോയി. നിങ്ങളുടെ യാതനകളും നമ്മുടെ മരണവും കൊണ്ട് ഏതെങ്കിലും നല്ലത് ചെയ്യാനാകും മുമ്പേ കൈവന്ന അവസരവും നല്ല സമയവും നഷ്ടപ്പെട്ട് പോയതില്‍ നമ്മുടെ കാലക്കേടിനെ ശപിക്കാനേ എനിക്ക് കഴിയൂ. സ്വാര്‍ത്ഥതയുടെ ലേശമില്ലാതെ ആത്മാര്‍ത്ഥമായി തന്നെ ചിലത് ചെയ്യാന്‍ നാം തീരുമാനിച്ചിരുന്നു. പക്ഷേ ആദ്യപടി ചിന്തിക്കും മുമ്പേ നാം പരാജയത്തിലേക്ക് എറിയപ്പെട്ടു പോയി.
സാരമില്ല. വേണ്ടുവോളം ധീരന്മാരും ധാരാളം സമയവും നമുക്ക് മുമ്പിലുണ്ട്. ഇനിയുമുണ്ട് ഇന്ത്യന്‍ നാഷണലിസ്റ്റ് ടീമും ബ്രിട്ടീഷ് ബാരിയലിസ്റ്റ് ടീമും ആയുള്ള അവസാന കളിയില്‍ നാം തന്നെ ഗോളടിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഒരു സ്വതന്ത്ര ഭാരത പുരുഷനാകാന്‍, സ്വതന്ത്ര മാതാവിന്റെ കൈകളാല്‍ ആലിംഗനം ചെയ്യപ്പെടാന്‍ നിങ്ങള്‍ക്ക് ഇടവരട്ടെ! എനിക്കിതിനെ പറ്റി അധികമൊന്നും പറയാനില്ല. ഞങ്ങളെപ്പറ്റിയുള്ള ചിന്ത നിങ്ങളെ വേദനിപ്പിക്കരുത്.
നാമെടുത്തിട്ടുള്ള പ്രതിജ്ഞ ഓര്‍ക്കുക. മനസ്സ് ചാഞ്ചല്യം കൂടാതെ കടമ നിര്‍വഹിക്കുക. അതാണ് മനുഷ്യന്റെ കര്‍ത്തവ്യം. അതിനെയാണ് നാം ധര്‍മ്മമെന്ന് പറയുന്നത്. പരാജയം വിജയത്തിന്റെ ആരംഭമാണ്. എല്ലാ മംഗളങ്ങളും നേരുന്നു. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം നിങ്ങള്‍ മറക്കുകയില്ലെന്ന് വിശ്വസിക്കുന്നു.
-സ്വന്തം ഖാദര്‍
വക്കം ഖാദറിന്റെ സുഹൃത്ത് ബോണിഫെയ്‌സ്. ഇദ്ദേഹവും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ശിക്ഷ റദ്ദാക്കപ്പെട്ടു. എങ്കിലും 5 വര്‍ഷം തടവില്‍ കഴിഞ്ഞു.
പിതാവിനുള്ള കത്ത്
പ്രിയപ്പെട്ട വാപ്പ,
ഏതാണ്ട് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കത്തയക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ എന്റെ ഹൃദയം അന്നതിനെ മറ്റു ചില വിചാരങ്ങളാല്‍ തടഞ്ഞുനിര്‍ത്തി. ഇപ്പോള്‍ വീണ്ടും പ്രേരിതനായി. നാം ജീവിത യാത്രയില്‍ പലപ്പോഴും ആപത്തുകളെ നേരിടേണ്ടതായും ദുഃഖങ്ങളെ സഹിക്കേണ്ടതായും ഉള്ള ഘട്ടങ്ങള്‍ വരാറുണ്ട്. ചിലപ്പോള്‍ ഇങ്ങനെയുള്ള ആപത്തുകളും ദുഃഖങ്ങളും സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ പരീക്ഷണം മാത്രമാണ്. അതികഠിനമായ അനുഭവങ്ങള്‍ നമുക്കുണ്ടാവും. ഈ അവസ്ഥയില്‍ നമുക്ക് അല്ലാഹുവിനോട് ആവലാതിപ്പെടാന്‍ അവകാശമില്ല. നമ്മുടെ ധര്‍മം കാരുണ്യവാരിധിയായ റബ്ബിന്റെ പക്കല്‍ നിന്നും നമുക്ക് ലഭിച്ചിട്ടുള്ളതാണെന്നും ദൃഢമായി വിശ്വസിച്ചു സഹിക്കുകയാണ് വേണ്ടത്.
പ്രിയപ്പെട്ട പിതാവേ, സമാധനപരവും അചഞ്ചലവുമായ ഒരു ഹൃദയം തന്നു പരമകാരുണികനായ അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുകയാണ്. എന്റെയും നിങ്ങളുടെയും ഈ നിസ്സഹായതയില്‍ മുറുമുറുക്കുവാനോ മനശ്ചാഞ്ചല്യം കാണിക്കുവാനോ പാടില്ല. ഇവിടെയാണ് അല്ലാഹുവിന്റെ അഭീഷ്ടത്തില്‍ സംതൃപ്തനായി ആത്മത്യാഗത്തിനുള്ള സന്ദര്‍ഭം. എന്നെ ജീവഹാനികൊണ്ടാണെങ്കില്‍ നിങ്ങളെ സന്താന നഷ്ടം കൊണ്ട് അല്ലാഹു പരീക്ഷിക്കുന്നു. ഞാന്‍ അധൈര്യപ്പെടുന്നില്ല.
ഏപ്രില്‍ മാസം ഒന്നാം തിയ്യതി എന്റെ കേസിന്റെ ജഡ്ജ്‌മെന്റ് പ്രസ്താവിച്ചു. ഇന്‍ഡ്യന്‍ പീനല്‍കോഡിനനുസരിച്ച് എന്നെ അഞ്ച് വര്‍ഷം കഠിന തടവും അതിന് ശേഷം തൂക്കിക്കൊല്ലാനും വിധിച്ചു. ഒരു യൂറോപ്യന്‍ സ്‌പെഷ്യല്‍ ജഡ്ജി ഔപചാരികമായി ഞങ്ങളുടെ കേസ് ഹൈക്കോടതിയില്‍ പുനഃപരിശോധന നടത്തി കീഴ്‌കോടതി വിധി ശരിവയ്ക്കുന്നതോടൊപ്പം മരണ ശിക്ഷ തന്നെ കിട്ടേണ്ടതുമാണ്. അതിന് ശേഷം നമ്മുടെ വക്കീലന്മാര്‍ തന്നെ തയ്യാര്‍ ചെയ്ത ഒരു ഹര്‍ജി വൈസ്രോയിക്ക് അയച്ചിരുന്നു.
തൂക്കിലേറ്റപ്പെടുന്നതിന്റെ തലേ ദിവസം വക്കം ഖാദര്‍ പിതാവിനെഴുതിയ കത്തിന്റെ ചിത്രം
പ്രിയപ്പെട്ട പിതാവെ, ഞാന്‍ എന്നെന്നേക്കുമായി നിങ്ങളെ വിട്ടുപിരിയുന്നു. നാളെ രാവിലെ ആറുമണിക്ക് മുമ്പായിരിക്കും എന്റെ എളിയ മരണം. ധൈര്യപ്പെടുക. അതെ! റമളാന്‍ മാസത്തിലെ 7-ാം തീയതി വെള്ളിയാഴ്ച രാവിലെ അഞ്ചുമണിക്കും ആറുമണിക്കും മധ്യേ ഞാന്‍ മരിക്കുന്നു.
വന്ദ്യനായപിതാവേ, വാത്സല്യനിധിയായ ഉമ്മാ, ഏറ്റവും പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ. എനിക്കൊരാശ്വാസ വചനവും നിങ്ങളോടു പറയാനില്ല. ഞാന്‍ നിങ്ങളെ വിട്ടുപിരിയുന്നു. നമുക്ക് മഹ്ശറയില്‍ വീണ്ടും കാണാം. എന്നെപറ്റി ദുഃഖിക്കരുതേ. എന്റെ ജീവിതത്തിന്റെ നാടകം അഭിനയിച്ചു തീരുവാന്‍ മണിക്കൂറുകള്‍ മാത്രമെയുള്ളൂ.
ഞാന്‍ എത്രത്തോളം ധൈര്യത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടി മരിച്ചതെന്ന് നിങ്ങള്‍ ഒരവസരത്തില്‍ ചില ദൃക്‌സാക്ഷികളില്‍ നിന്നും അറിയാന്‍ ഇടയാകുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ സന്തോഷിക്കാതിരിക്കുകയില്ല. തീര്‍ച്ചയായും അഭിമാനിക്കുക തന്നെ ചെയ്യും.
ഞാന്‍ നിര്‍ത്തട്ടെ,
അസ്സലാമു അലൈക്കും.
Content Highlight: Life of Vakkom Abdul Khader – Shihabudheen poithumkadavu writes