Advertisement
Kerala News
ഹണി റോസിനെതിരായ അപകീര്‍ത്തി പരാമര്‍ശം; നിലവിലെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 18, 03:23 am
Saturday, 18th January 2025, 8:53 am

കൊച്ചി: അപകീര്‍ത്തി പരാമര്‍ശത്തില്‍ വലതുപക്ഷ നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ് കോടതി മുഖേന പരാതി നല്‍കണമെന്ന് പൊലീസ്. നിലവിലെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പുകള്‍ ഇല്ലെന്ന് പൊലീസ് പറഞ്ഞു.

ഹണി റോസിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിക്കാതെ കോടതി പൊലീസിനോട് വിശദീകരണം തേടുകയായിരുന്നു.

കൊച്ചി സെന്‍ട്രല്‍ പൊലീസിനോടാണ് കോടതി വിശദീകരണം തേടിയത്. ഹണി റോസിന്റെ പരാതിയില്‍ കേസെടുക്കുന്നുണ്ടോ കേസില്‍ രാഹുല്‍ ഈശ്വര്‍ പ്രതിയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

ഇതിന് മറുപടിയായാണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ വകുപ്പുകളില്ലെന്നും രാഹുല്‍ പ്രതിയല്ലെന്നും പൊലീസ് കോടതിയെ അറിയിച്ചത്.

കോടതി വഴി ക്രിമിനല്‍/സിവില്‍ കേസ് നല്‍കിയാല്‍ മാത്രമേ തുടര്‍നടപടികള്‍ സാധ്യമാകുള്ളുവെന്നും പൊലീസ് പറഞ്ഞു. നേരത്തെ രാഹുൽ ഈശ്വറിന്റെ അറസ്റ്റിനെ കോടതി തടഞ്ഞിരുന്നില്ല.

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഹണി രംഗത്തെത്തിയത്.

തന്ത്രി കുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായെന്നും പൂജാരി ആയിരുന്നുവെങ്കില്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെയെന്നും ഹണി വിമര്‍ശിച്ചിരുന്നു.

പിന്നാലെ പൊലീസില്‍ പരാതി നല്‍കിയതായി ഹണി റോസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

ഇന്നലെ (വെള്ളിയാഴ്ച) സംസ്ഥാന യുവജന കമ്മീഷന്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിരുന്നു. ദിശ എന്ന സംഘടന നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് കേസ്. പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

നടി ഹണി റോസിന്റെ വസ്ത്രധാരണം സംബന്ധിച്ച് ചാനല്‍ ചര്‍ച്ചകളിലും സമൂഹ മാധ്യമങ്ങളിലും രാഹുല്‍ ഈശ്വര്‍ നടത്തിയ പ്രതികരണങ്ങള്‍ക്കെതിരെയാണ് പരാതി.

Content Highlight: libel statement against Honey Rose; Police said that no case can be filed against Rahul Easwar in the current complaint