ന്യൂദല്‍ഹി: പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിയ്ക്ക് കത്തയച്ചത് ഉത്തമമായ ബോധ്യത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള താല്‍പ്പര്യത്താലുമാണെന്ന് ആനന്ദ് ശര്‍മ്മ. രാജ്യത്തിന്റെ നിലവിലെ അന്തരീക്ഷത്തില്‍ ഭരണഘടനാമൂല്യങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് കത്തിനാധാരമെന്നും അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധിയ്ക്ക് അയച്ച കത്ത് തന്റെ സഹപ്രവര്‍ത്തകരും വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയ്‌ക്കെതിരെ പോരാടാന്‍ ശക്തമായ പ്രതിപക്ഷം ഇന്ത്യയ്ക്ക് വേണമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.
പാര്‍ട്ടിയില്‍ നവീകരണം വേണമെന്ന് ആവശ്യപ്പെടുന്നത് ആത്മാര്‍ത്ഥത കൊണ്ടാണെന്നും വിയോജിപ്പ് കൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോണിയയ്ക്ക് കത്തയച്ച 23 പേരില്‍ ഒരാളായ രാജ്യസഭാ എം.പി വിവേക് തങ്കയുടെ ട്വീറ്റ്, റീ ട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിങ്കളാഴ്ച ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ആറ് മാസത്തേക്ക് കൂടി അധ്യക്ഷയായി തെരഞ്ഞെടുത്തിരുന്നു. 20 ലേറെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന് മുഴുനീള അധ്യക്ഷനെ വേണമെന്ന ആവശ്യമുന്നയിച്ച് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു.
ഇതേതുടര്‍ന്ന് താന്‍ രാജിവെക്കുകയാണെന്ന് സോണിയാ ഗാന്ധി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ക്ക് ബി.ജെ.പിയുമായി സഖ്യമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ കോണ്‍ഗ്രസ് സ്ഥാനത്തു നിന്ന് മാറി നിന്നത്.
പിന്നീട് ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സോണിയ ഗാന്ധി എത്തിയെങ്കിലും പൂര്‍ണസമയ നേതൃത്വം ഇല്ലാത്തത് പാര്‍ട്ടിയിലെ ഒരുപക്ഷത്തിനിടയില്‍ അതൃപ്തിക്കിടയാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\