എംബാപ്പെ മികച്ച കളിക്കാരനാണെന്നത് അവൻ അടുത്ത കളിയിൽ തെളിയിക്കട്ടെ: മെസിക്ക് മുന്നറിയിപ്പുമായി ഫ്രാന്‍സ് താരം
2022 FIFA World Cup
എംബാപ്പെ മികച്ച കളിക്കാരനാണെന്നത് അവൻ അടുത്ത കളിയിൽ തെളിയിക്കട്ടെ: മെസിക്ക് മുന്നറിയിപ്പുമായി ഫ്രാന്‍സ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th December 2022, 9:15 am

ലോകകപ്പ് സെമി ഫൈനൽ പോരാട്ടങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഡിസംബർ 18ന് ഇന്ത്യൻ സമയം രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് ലാറ്റിൻ അമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീനയും കഴിഞ്ഞ വർഷത്തെ ലോകചാമ്പ്യൻമാരായ ഫ്രാൻസും തമ്മിലാണ് കിരീടധാരണത്തിനായി പരസ്പരം ഏറ്റുമുട്ടുന്നത്.

ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും ജയിച്ച് കയറുന്നവരായിരിക്കും ഇനിയൊരു നാല് വർഷത്തേക്ക് ഫുട്ബോളിലെ വിശ്വജേതാക്കൾക്കുള്ള കിരീടം ശിരസ്സിലണിയുന്നത്.

അർജന്റീന-ഫ്രാൻസ് എന്നതിനൊപ്പം മെസി-എംബാപ്പെ പോരാട്ടം കൂടിയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
നിലവിൽ അഞ്ച് ഗോളുകൾ വീതം നേടി എംബാപ്പെ, മെസി എന്നിവർ ഗോൾഡൻ ബൂട്ടിന് വേണ്ടിയുള്ള മത്സരത്തിൽ കഠിനമായ മത്സരം കാഴ്ചവയ്ക്കുന്നുണ്ട്.

നാല് ഗോളുകളുമായി ഫ്രഞ്ച് താരം ഒലിവർ ജിറൂദ് തൊട്ട് പിന്നിലുണ്ട്.
എന്നാൽ മത്സരം തുടങ്ങുന്നതിന് മുമ്പുള്ള പത്രസമ്മേളനത്തിൽ മെസിക്ക് മുന്നിൽ എംബാപ്പെ തന്റെ മികവ് തെളിയിക്കും എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഫ്രഞ്ച് താരം എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

“എന്നെ സംബന്ധിച്ച് എംബാപ്പെ ലോകത്തിലെ ഏറ്റവും മികച്ച താരമാണ്.പക്ഷെ അവൻ നാളത്തെ മത്സരത്തിൽ അത് തെളിയിക്കണം,’ ടച്ചോമിനായി പറഞ്ഞു.

2018ലെ റഷ്യൻ ലോകകപ്പിൽ അർജന്റീനയെ മൂന്നിനെതിരെ നാല് ഗോളുകൾ സ്കോർ ചെയ്ത് ഫ്രാൻസ് തകർത്തപ്പോൾ രണ്ട് ഗോളുകളാണ് എംബാപ്പെ സ്കോർ ചെയ്തിരുന്നത്.

അതിനാൽ തന്നെ എംബാപ്പയെ പൂട്ടിയുള്ള മത്സര തന്ത്രങ്ങളായിരിക്കും അർജന്റീനയുടെ പ്രതിരോധ നിര പുറത്തെടുക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം മെസിയെ ഫലപ്രദമായി തടയാനുള്ള മാർഗങ്ങൾ തങ്ങൾ ഒരുക്കിയതായി ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സ് മാധ്യമങ്ങളോട് പറഞ്ഞു.

“അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച പ്ലെയെഴ്സിൽ ഒരാളാണ്. അത് അയാൾ തെളിയിച്ചിട്ടുമുണ്ട്. അത്കൊണ്ട് തീർച്ചയായും മെസി വിതയ്ക്കുന്ന അപകടങ്ങളെ തടയാനുള്ള മാർഗങ്ങൾ ഞങ്ങൾ സ്വീകരിക്കും. അത് പോലെ ഞങ്ങളെ തടയാനുള്ള മാർഗങ്ങൾ അവരും പ്ലാൻ ചെയ്യുകയാവാം,’ ദെഷാംപ്സ് പറഞ്ഞു.

“നിലവിലെ അർജന്റീന ടീം ഞങ്ങൾ നാല് കൊല്ലം മുമ്പ് എതിരിട്ട ടീമിൽ നിന്നും തികച്ചും വ്യത്യസ്തരാണ്. ഞങ്ങൾക്കിരു കൂട്ടർക്കും മികച്ച ക്വാളിറ്റി പ്ലെയെഴ്സും കളിയെ തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള കീ പ്ലെയെഴ്സും കയ്യിലുണ്ട്. ചിലപ്പോൾ ഏറ്റവും കുറച്ച് തെറ്റുകൾ മാത്രം മൈതാനത്ത് സംഭവിക്കുന്ന ടീമാവാം ഫൈനലിൽ വിജയിക്കുക,’ അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വ്യാഴാഴ്ച നടന്ന സെമി ഫൈനൽ മത്സരത്തിൽ ആഫ്രിക്കൻ വമ്പമ്മാരായ മൊറൊക്കൊയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് ലോകകപ്പ് ഫൈനലിലേക്ക് കടന്നത്.

ഫ്രാൻസിനായി തിയോ ഹെർണാണ്ടസ്, കോളോ മുവാനി എന്നിവർ വിജയ ഗോളുകൾ സ്വന്തമാക്കി.

Content Highlights: Let him prove that Mbappe is the best player in the next game: Messi