ബി.ജെ.പി മുന്നൂറിനടുത്ത് സീറ്റുകള്‍ നേടുമെന്ന് പ്രവചനം; അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
D' Election 2019
ബി.ജെ.പി മുന്നൂറിനടുത്ത് സീറ്റുകള്‍ നേടുമെന്ന് പ്രവചനം; അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2019, 12:52 pm

ഭോപാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് പ്രവചിച്ച സംസ്‌കൃത അധ്യാപകന്‍ രാജേശ്വര്‍ മുസല്‍ഗവോന്‍കറിന് നേരെ അച്ചടക്കനടപടി. ഉജ്ജയ്‌നിലെ വിക്രം സര്‍വകലാശാലയിലെ അധ്യാപകനെയാണ് എം.പി സര്‍വകലാശാല ആക്ട് 1973 പ്രകാരം സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചത്.

ഏപ്രില്‍ 29ന് ഫേസ്ബുക്കിാണ് രാജേശ്വര്‍ തെരഞ്ഞെടുപ്പ് പ്രവചനം നടത്തിയത്. ബി.ജെ.പി 300 സീറ്റിനടുത്തും, എന്‍.ഡി.എ മുന്നൂറിന് മേല്‍ സീറ്റുകളും എന്നായിരുന്നു പോസ്റ്റ്. താന്‍ രാഷ്ട്രീയമായി പക്ഷം ഉള്ളയാള്‍ തന്നെയാണെന്നും, എന്നാല്‍ തന്റെ പ്രവചനം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മെച്ചമുണ്ടാവണം എന്നുദ്ദേശിച്ചല്ല താന്‍ പ്രവചനം നടത്തിയതെന്നും രാജേശ്വര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പാര്‍ട്ടു ചെയ്യുന്നു.

താന്‍ നിലവിലെ രാഷ്ട്രീയ സാഹചര്യവും, വിവിധ ഗ്രഹങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിളെ എങ്ങനെ സ്വാധീനിക്കും എന്നും വിശകലനം ചെയ്തതിന് ശേഷമാണ് പ്രവചനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഉജ്ജയ്‌നിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജില്ലയിലെ റിട്ടേണിങ്ങ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏതെങ്കിലും പാര്‍ട്ടിയെ പരസ്യമായി പിന്തുണക്കുന്നത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

വിക്രം സര്‍വകലാശാലയിലെ സംസ്‌കൃത് വേദ് ജ്യോതിര്‍വിജ്ഞാന്‍ വകുപ്പിന്റെ തലവനാണ് രാജേശ്വര്‍. ജ്യോതിശാസ്ത്രം അവസരങ്ങളുടെ ശാസ്ത്രമാണെന്നും, ഒരു വിദ്യാര്‍ഥി ആവശ്യപ്പെട്ടതു പ്രകാരമാണ് താന്‍ പ്രവചനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ ഫേസ്ബുക്കില്‍ ഇത് പോസ്റ്റു ചെയ്തത് തന്റെ വിദ്യാര്‍ഥിയാണെന്നും, ശ്രദ്ധയില്‍ പെട്ടയുടന്‍ താനിത് നീക്കം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും, ഇത് സംബന്ധിച്ച് താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും രാജേശ്വര്‍ കൂട്ടിച്ചേര്‍ത്തു.