'നീറ്റ് ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റം'; പ്രതിപക്ഷ വിദ്യാര്‍ത്ഥി നേതാക്കള്‍ സംസാരിക്കുന്നു
DISCOURSE
'നീറ്റ് ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റം'; പ്രതിപക്ഷ വിദ്യാര്‍ത്ഥി നേതാക്കള്‍ സംസാരിക്കുന്നു
രാഗേന്ദു. പി.ആര്‍
Friday, 19th July 2024, 6:41 pm

രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ ഭാവിയെ അട്ടിമറിക്കും വിധത്തില്‍ പുറത്തുവന്ന വാര്‍ത്തയാണ് നീറ്റ് പരീക്ഷയിലെ ക്രമക്കേട്. പരീക്ഷയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ദേശീയ പരീക്ഷ ഏജന്‍സി (എന്‍.ടി.എ)ക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.

ദേശീയ പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രധാനപ്പെട്ട വിദ്യാര്‍ത്ഥി സംഘടനകളുടെ നേതാക്കള്‍ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു. വി.പി.  സാനു ( എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്), ഡോ. മുലായം സിങ് ( ഛത്രസഭ ദല്‍ഹി അധ്യക്ഷന്‍, സമാജ്‌വാദി പാര്‍ട്ടി), സി.വി.എം.പി. ഏഴിലരശന്‍ (ഡി.എം.കെ എം.എല്‍.എ) എന്നിവരാണ് ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും, വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ മൗനം പാലിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് വിദ്യാര്‍ത്ഥി നേതാക്കളുടെ പ്രതികരണം.

നീറ്റ് പരീക്ഷ ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റം- വി.പി. സാനു (എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്)

വി.പി. സാനു

നീറ്റ് പരീക്ഷയെ തുടക്കം മുതല്‍ ശക്തമായി എതിര്‍ത്ത വിദ്യാര്‍ത്ഥി സംഘടനയാണ് എസ്.എഫ്.ഐ. മധ്യപ്രദേശിലെ വ്യാപം അഴിമതി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ദേശീയ മത്സര പരീക്ഷകളില്‍ നടക്കുന്നുണ്ട്. ഇതിനെതിരെ ഒരു കേന്ദ്രീകൃത സംവിധാനം വേണമെന്ന് പറഞ്ഞുകൊണ്ടാണ് ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നീറ്റ് നടപ്പിലാക്കിയത്. അക്കാദമിക് ബോഡിയല്ലാത്ത ദേശീയ പരീക്ഷ ഏജന്‍സി (എന്‍.ടി.എ)യെ കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷ തുടങ്ങിവെച്ചത്. ഈ ഘട്ടത്തില്‍ തന്നെ കേന്ദ്രത്തിന്റെ നീക്കത്തെ ശക്തമായി എതിര്‍ത്ത സംഘടനയാണ് എസ്.എഫ്.ഐ.

നീറ്റിനെ ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റമായാണ് എസ്.എഫ്.ഐ കാണുന്നത്. അതുവരെ സംസ്ഥാനം നടത്തിയിരുന്ന പരീക്ഷകളുടെ മേലുള്ള അവകാശം യൂണിയന്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുന്നത് നമ്മള്‍ കണ്ടു. മാത്രമല്ല, പ്രാദേശിക സിലബസുകളെ പൂര്‍ണമായി അവഗണിച്ചുകൊണ്ട് സി.ബി.എസ്.ഇ, ഐ.സി.എസ്.സി സിലബസുകളെ മാത്രം പരിഗണിക്കുന്ന രീതിയാണ് നീറ്റിന്റേത്.

പരീക്ഷയുടെ ആദ്യഘട്ടത്തില്‍ ഭാഷാപരമായ പ്രശ്‌നങ്ങളും നീറ്റിലുണ്ടായിരുന്നു. ഇംഗ്ലീഷിനും ഹിന്ദിക്കും മാത്രമായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. ഇതിനെതിരെയും എസ്.എഫ്.ഐ ശബ്ദമുയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് യു.ജി.സി നടത്തിയിരുന്ന നെറ്റ്-ജെ.ആര്‍.എഫ് പരീക്ഷകളുടെ നിയന്ത്രണവും എന്‍.ടി.എയ്ക്ക് നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ഈ നടപടിക്കെതിരെയും എസ്.എഫ്.ഐ ശക്തമായി പോരാടി.

നീറ്റിനെതിരെ ആദ്യമായി പ്രതിഷേധം ആരംഭിച്ചത് എഫ്.എഫ്.ഐയാണ്. വലിയ പോരാട്ടങ്ങളാണ് നീറ്റിന്റെ ആദ്യഘട്ടത്തില്‍ എഫ്.എഫ്.ഐ നടത്തിയത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നീറ്റ് വിഷയത്തെ എസ്.എഫ്.ഐ അഭിസംബോധന ചെയ്തു. എസ്.എഫ്.ഐ സമരം ആരംഭിച്ചതിന് ശേഷമാണ് മറ്റു രാഷ്ട്രീയ കക്ഷികള്‍ നീറ്റിനെതിരെ പ്രതിഷേധിക്കുന്നത്.

നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് എസ്.എഫ്.ഐ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ക്രമക്കേട് നടന്നതിന്റെ തെളിവുകള്‍ ആദ്യമായി ഉയര്‍ന്നുവന്നത് ബീഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. ബീഹാറില്‍ ഇതിനുമുമ്പ് റെയില്‍വേ ബോര്‍ഡ് റിക്രൂട്ട് പരീക്ഷയില്‍ സമാനായ രീതിയില്‍ ക്രമക്കേട് നടന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നീറ്റ് ക്രമക്കേടും പുറത്തുവരുന്നത്.

കൂടാതെ, സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്കിടെ ഉത്തരം പറഞ്ഞുകൊടുക്കുന്നതിനായി സ്‌കൂള്‍ കെട്ടിടത്തിന്റെ സെന്‍സൈഡുകളില്‍ കേറിനില്‍ക്കുന്ന രക്ഷിതാക്കളുടെ ചിത്രങ്ങളും ബീഹാറില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. ഇതിനെല്ലാം കാരണമാകുന്നത് വിദ്യാഭ്യാസ മേഖലയെ ചിട്ടയായി നയിക്കാതിരിക്കുന്നതും അഴിമതിയെ തുടച്ചുനീക്കാത്തതുമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പണംകൊണ്ട് ഏത് മത്സര പരീക്ഷയിലും വിജയിക്കാമെന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഒപ്പം പണം നല്‍കിയാല്‍ ഏത് അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളൂം കിട്ടുമെന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍.

എന്നാല്‍ കേരളത്തെ സംബന്ധിച്ച്, സാക്ഷരരായ സമൂഹമാണ് സംസ്ഥാനത്തുള്ളത്. മുമ്പ് പരീക്ഷ പേപ്പര്‍ ചോര്‍ന്നതും ചോദ്യപേപ്പര്‍ റോഡില്‍ കിടന്നുകിട്ടിയതുമായ സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിനെല്ലാം തകര്‍ക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ എല്ലാ പരീക്ഷകളും കൃത്യമായി നടത്താന്‍ ഇടതുപക്ഷ സര്‍ക്കാരിന് സാധിച്ചു.

നീറ്റ് ക്രമക്കേട് വിദ്യാഭ്യാസ മേഖലയെ മാത്രം ബാധിക്കുന്നതല്ല, ആരോഗ്യ മേഖലയെയും കൂടിയാണ്. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയ ഒരാള്‍ക്ക് എം.ബി.ബി.എസ് പരീക്ഷയിലും ക്രമക്കേട് നടത്താന്‍ അനായാസം കഴിയും. അങ്ങനെ സംഭവിച്ചാല്‍, നമ്മുടെ ആശുപത്രികളിലേക്ക് അള്‍സറുമായി എത്തുന്ന രോഗിക്ക് കാന്‍സറാണെന്ന് പറയുന്ന അവസ്ഥയിലേക്കെത്തും കാര്യങ്ങള്‍. ഒരാളുടെ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന ഗുരുതര പ്രശ്‌നങ്ങളിലേക്കാണ് നീറ്റ് പരീക്ഷ നീങ്ങുന്നത്.

രാജ്യത്തെ ഗവേഷണ മേഖലയെയും ഉന്നത വിദ്യാഭ്യാസത്തെയും കൂടിയാണ് എന്‍.ടി.എ തകര്‍ക്കുന്നത്. ഇത് ബീഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലുള്ള ചില ആളുകളുമായി മാത്രം ബന്ധപ്പെട്ടതല്ല, വലിയ രാഷ്ട്രീയ സ്വാധീനമാണ് നീറ്റ് പരീക്ഷയ്ക്ക് മേല്‍ നടന്നിരിക്കുന്നത്. അതിന് ഉദാഹരണമാണ്, ജൂണ്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ നീറ്റ് പരീക്ഷയുടെ ഫലം ജൂണ്‍ ആദ്യവാരത്തില്‍ തന്നെ പുറത്തുവന്നത്.

നീറ്റിന് പിന്നില്‍ വലിയ രാഷ്ട്രീയ അട്ടിമറി നടന്നിട്ടുണ്ടെന്ന് മനസിലാക്കിയതിനാലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടത്. എന്‍.ടി.എ പിരിച്ചുവിടണം, പരീക്ഷകള്‍ നടത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശം പുനഃസ്ഥാപിക്കണം, നെറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ യു.ജി.സിയോ മറ്റു അക്കാദമിക് സമിതികളോ നടത്തുക, ഗവേഷണത്തിനുളള പ്രവേശന മാനദണ്ഡമായി നെറ്റിനെ പരിഗണിക്കരുത് തുടങ്ങിയവയാണ് എസ്.എഫ്.ഐ ഉയര്‍ത്തിയ മറ്റു പ്രധാന വിഷയങ്ങള്‍.

നീറ്റ് സമരങ്ങളെ രാജ്യവ്യാപകമായി എസ്.എഫ്.ഐ ഏറ്റെടുത്തു. ജൂലൈ നാലിന് നടന്ന വിദ്യാഭ്യാസ ബന്ദ് അതിനൊരു ഉദാഹരണമാണ്. ചോദ്യപേപ്പര്‍ ചോര്‍ന്നതുമുതല്‍ കേരളത്തിലടക്കം എസ്.എഫ്.ഐ സമര രംഗത്തുണ്ട്. നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും എസ്.എഫ്.ഐ ഏറ്റെടുക്കുകയാണ് ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാജ് ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ എസ്.എഫ്.ഐ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയുമുണ്ടായി. കേന്ദ്ര സര്‍ക്കാരിനെതിരായ പോരാട്ടം ഇനിയും കടുപ്പിക്കും.

നീറ്റ് പരീക്ഷയ്ക്ക് പിന്നില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള ആര്‍.എസ്.എസ് അജണ്ട– ഡോ. മുലായം സിങ് (ഛത്രസഭ ദല്‍ഹി അധ്യക്ഷന്‍, സമാജ്‌വാദി പാര്‍ട്ടി)

ഡോ. മുലായം സിങ്

യു.ജി.സിയും ബി.ജെ.പി സര്‍ക്കാരും അംഗീകരിച്ച സ്വകാര്യ സ്ഥാപനമാണ് എന്‍.ടി.എ. നീറ്റ് പരീക്ഷയാണെങ്കില്‍ ഇപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും ക്രമക്കേടുകള്‍ക്കും പേരുകേട്ട ഒന്നായി മാറിയിരിക്കുകയാണ്. ബി.ജെ.പി.യും ആര്‍.എസ്.എസുമായും ബന്ധമുള്ള ആളുകള്‍ക്ക് ലാഭമുണ്ടാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഒരു തന്ത്രമാണ് നീറ്റ് പരീക്ഷ. ദേശീയ പരീക്ഷകളെ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്ക്കരിക്കുകയുമാണ്.

നീറ്റ് എന്ന സംവിധാനം മുന്നോട്ടുപോകുന്നത് ആര്‍.എസ്.എസിന് വേണ്ടിയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ആര്‍.എസ്.എസിന് ഒരു പ്രത്യേക അജണ്ടയുണ്ട്. ഈ ലക്ഷ്യത്തിലേക്ക് ആര്‍.എസ്.എസിന് വഴിവെട്ടി കൊടുക്കുന്നത് ദേശീയ പരീക്ഷ ഏജന്‍സിയാണ്. ഇതാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുള്ള മൂലകാരണം.

ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമത്തെയും എന്‍.ടി.എ പോലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന് ഏത് പരീക്ഷയും നടത്താനുള്ള അധികാരത്തെയും സമാജ്‌വാദി പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങളുടെ കണ്ണില്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും എന്‍.ടി.എയ്ക്കും വിശ്വാസ്യതയും സുതാര്യതയുമില്ലെന്ന കാര്യം ഉറപ്പാണ്.

പരീക്ഷയിലെ സുതാര്യത മെച്ചപ്പെടുത്തുന്നതിനും നീറ്റ് ഉള്‍പ്പെടെയുള്ള ദേശീയ പരീക്ഷകളുടെ സമഗ്രത വീണ്ടെടുക്കുന്നതിനുമായി, നിലവില്‍ പ്രസിദ്ധീകരിച്ച പരീക്ഷാ ഫലം റദ്ദാക്കണം. ശേഷം നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാണ് സമാജ്‌വാദി പാര്‍ട്ടി ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

നീറ്റ് പരീക്ഷയിലെ ക്രമക്കേടിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രൂക്ഷമായി പ്രതികരിച്ചത് നമ്മള്‍ കണ്ടതാണ്. ദേശീയ പരീക്ഷകള്‍ നടത്തുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടുവെന്ന് അഖിലേഷ് യാദവ് ജി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെ ഇക്കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ചോദ്യം ചെയ്യുകയുമുണ്ടായി. ഞാനടക്കമുള്ള സമാജ്‌വാദി നേതാക്കളും ജെ.എന്‍.യുവിലെ ഇടതുപക്ഷ സംഘടനകളിലെ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവരും കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമായി തുടരുകയാണ്.

ജനത പോരാടി നേടിയതിനെയെല്ലാം തകര്‍ക്കുകയാണ് നീറ്റ്; ഒരുനാള്‍ തമിഴ് മക്കള്‍ ഇതിനെ മാറ്റും– സി.വി.എം.പി. ഏഴിലരശന്‍ (ഡി.എം.കെ എം.എല്‍.എ

സി.വി.എം.പി. ഏഴിലരശന്‍

നീറ്റ് പരീക്ഷ രാജ്യത്തെ ഫെഡറലിസത്തിന് എതിരാണ്. നീറ്റ് യഥാര്‍ത്ഥ്യത്തില്‍ പണമുള്ളവന് മാത്രം അവസരം നല്‍കുകയും വിജയിപ്പിക്കുകയും ചെയ്യുന്ന ബിസിനസാണ്. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതും വിഷയത്തില്‍ അറിവുമുള്ളവരുമായ വിദ്യാര്‍ത്ഥികളെ കേന്ദ്ര സര്‍ക്കാര്‍ പുച്ഛിക്കുകയാണ്. സംവരണം ഉണ്ടെങ്കിലും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അത് കൃത്യമായി ലഭിക്കുന്നില്ല.

ഒരുപാട് കഷ്ടതകള്‍ നേരിട്ടുകൊണ്ടാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ കോളേജുകളില്‍ പ്രവേശനം നേടാനും പഠിക്കാനും കഴിയണം. തുല്യമായ അവസരങ്ങള്‍ ലഭിക്കാത്ത പക്ഷം എന്തിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ എല്ലാവര്‍ക്കും പൊതുവായ പരീക്ഷ നടത്തുന്നത്? സംസ്ഥാന സിലബസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു രീതിയിലും പരിഗണന നല്‍കുന്നില്ല. നമ്മളെല്ലാവരും പഠിക്കുന്ന ഫിസിക്‌സ്, ബോട്ടണി, സുവോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിലെ വിവരങ്ങളില്‍ എന്ത് മാറ്റങ്ങളാണ് പ്രാദേശികമായി ഉണ്ടാകുക?

മൃഗങ്ങള്‍, ചെടികള്‍, മൂലകങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള ഈ വിഷയങ്ങളിലെ പഠനങ്ങളില്‍ മാറ്റങ്ങള്‍ ഒന്നുമുണ്ടാവില്ല. ഒരുപക്ഷെ പരീക്ഷ എഴുതുന്ന നമ്മുടെയെല്ലാം ഉത്തരങ്ങളായിരിക്കാം മാറിപോകുന്നത്. അല്ലെങ്കില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവുകയും അത് അംഗീകരിക്കപ്പെടുകയും വേണം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും എന്‍.ടി.എയും പ്രാദേശിക സിലബസുകള്‍ ശരിയല്ലെന്നാണ് വാദിക്കുന്നത്. ഇതുപ്രകാരം എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ വരെ കീറിമുറിച്ചു.

തമിഴ്നാട്ടില്‍ ഗ്രാമത്തിലെയും നഗരത്തിലെയും വിദ്യാര്‍ത്ഥികള്‍ ഒരേപോലെ വിദ്യാഭ്യാസ മേഖലയില്‍ അവരുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ ഭൂരിഭാഗവും പഠിക്കുന്നത് സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്‌കൂളുകളിലാണ്. അതേസമയം സ്റ്റേറ്റ് സിലബസ് പഠിക്കുന്ന വിദ്യാര്‍ത്ഥികളും നഗരത്തിലുണ്ട്. പക്ഷെ നഗരമെന്നും ഗ്രാമമെന്നും വ്യത്യാസമില്ലാതെ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്നതിനായി ദുരിതമനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കേണ്ടതിന്റെ പ്രാധാന്യം പ്രസക്തമാകുന്നത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടിലൂടെ സാധാരണക്കാരന്റെ മക്കള്‍ക്ക് ലഭിക്കേണ്ട ഈ അവസരമാണ് കേന്ദ്രം നഷ്ടപ്പെടുത്തുന്നത്.

സി.ബി.എസ്.സി, ഐ.സി.എസ്.സി, സ്റ്റേറ്റ് ഏതുമാകട്ടെ വിദ്യാര്‍ത്ഥികള്‍ക്ക് തുല്യ പരിഗണനയാണ് ലഭിക്കേണ്ടത്. അത് നടക്കാത്തപക്ഷം നീറ്റ് പരീക്ഷ നടത്തുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം.

കോച്ചിങ് സെന്ററുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരുപക്ഷെ മൂന്നും നാലും ഘട്ടങ്ങളിലായിരിക്കും നീറ്റ് പരീക്ഷയില്‍ വിജയിക്കുന്നത്. ഓരോ ഘട്ടവും പിന്നിടാന്‍ എത്രമാത്രം പണം ഈ വിദ്യാര്‍ത്ഥികള്‍ ചെലവാക്കേണ്ടി വരുമെന്ന് നമുക്ക് ചിന്തക്കാവുന്നതേയുള്ളു. ഈ സാഹചര്യം കൂലിപ്പണി ചെയ്യുന്ന ഒരാളുടെ കുഞ്ഞിനാണ് വരുന്നതെങ്കിലോ? പക്ഷെ പാവപ്പെട്ടവന്റെ മക്കള്‍ പട്ടിണി കിടന്നിട്ടാണെങ്കിലും ആദ്യ ഘട്ടത്തില്‍ തന്നെ മത്സര പരീക്ഷകളില്‍ വിജയിക്കുന്നുണ്ട്. ഇനി അതിന് കഴിഞ്ഞില്ലെങ്കില്‍ ആ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചിന്തിക്കുന്നത് ആത്മഹത്യയെ കുറിച്ചായിക്കും. അത്തരം അവസ്ഥകള്‍ ഒരുപാട് കണ്ടിട്ടുള്ളതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ ഡി.എം.കെ ശക്തമായി പോരാടുന്നത്.

പഠിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയും നമ്മുടെ രാജ്യത്ത് ആത്മഹത്യ ചെയ്യരുത്. ചെലവാക്കിയ പണത്തിന്റെ ഭാരമോര്‍ത്ത് ഒരു രക്ഷിതാവും വേദനിക്കരുത്. ചെലവാക്കിയ പണത്തിന്റെ ഭാരം കൊണ്ടായിരിക്കില്ല, അംഗീകരിക്കപ്പെടാതെയും വിവേചനം നേരിടുമ്പോഴുമായിരിക്കും ആ മനുഷ്യര്‍ ജീവിക്കണ്ടായെന്ന് തീരുമാനിക്കുന്നത്. ഇവിടെയാണ് നീറ്റ് പരീക്ഷയും ക്രമക്കേടും സമൂഹത്തിന് ഭീഷണിയാണെന്ന് നമ്മള്‍ മനസിലാക്കേണ്ടത്.

സെക്കന്ററി തലത്തിലെ പരീക്ഷകളില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ഇംപ്രൂവ്മെന്റ് ചെയ്യാനുള്ള അവസരം ഓരോ വിദ്യാര്‍ത്ഥിക്കുമുണ്ട്. അതിന് പ്രത്യേകിച്ച് പണച്ചെലവില്ലായെന്ന് തന്നെ പറയാം. പരീക്ഷ ഫലം വന്നാല്‍ അതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാവി എങ്ങനെ വേണമെന്ന് തീരുമാനിക്കുകയും ചെയ്യാം. അഗ്രികള്‍ച്ചര്‍, വെറ്റിനറി കോഴ്‌സുകളും അല്ലാത്തപക്ഷം മറ്റു ബിരുദ കോഴ്‌സുകളും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാവുന്നതാണ്. ഇക്കാര്യത്തിലും നീറ്റ് പരീക്ഷ തടസമുണ്ടാക്കുകയാണ്. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ആദ്യമായി വാര്‍ത്തകള്‍ പുറത്തുവരുന്നത് 2024ല്‍ അല്ല. 2021 മുതല്‍ ദേശീയ പരീക്ഷയില്‍ ക്രമക്കേട് നടക്കുന്നുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നില്ല എന്ന് മാത്രം.

സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ ലക്ഷക്കണക്കിന് രൂപയായിരിക്കും പഠനത്തിനായി ചെലവാക്കേണ്ടി വരിക. ക്രമക്കേടിലൂടെ സാധാരണക്കാരുടെ മക്കള്‍ക്ക് മാര്‍ക്ക് കുറയുമ്പോള്‍ അവര്‍ എത്തിപ്പെടുന്നത് സ്വകാര്യ കോളേജുകളില്‍ ആയിരിക്കും. അതോടെ അവര്‍ പഠിക്കാനുള്ള ആഗ്രഹം പാതിവഴിയില്‍ ഉപേക്ഷിക്കും. ഇക്കാരണങ്ങള്‍ കൊണ്ടാണ് എന്‍.ടി.എയും കേന്ദ്ര സര്‍ക്കാരും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഡി.എം.കെ പറയുന്നത്.

തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ ആരോഗ്യ മേഖല വികസിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ മാറ്റങ്ങളാണ് സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് സംഭവിച്ചിരിക്കുന്നത്. ഗ്രാമങ്ങളില്‍ ഇടവിട്ട് ഓരോ പ്രദേശങ്ങളിലും ചെറിയ ഹെല്‍ത്ത് സെന്ററുകള്‍ വീതം തമിഴ്‌നാട്ടിലുണ്ട്. ഇവിടെയെല്ലാം ആര് ജോലി ചെയ്യുമെന്നാണ് ഞങ്ങള്‍ കേന്ദ്രത്തോട് ചോദിക്കുന്നത്.

ഒരു ഉദാഹരണം പറയുകയാണെങ്കില്‍, ഗ്രാമത്തില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരന്‍ കഷ്ടപ്പെട്ട് പഠിച്ച് ഡോക്ടറാകുന്നു. അദ്ദേഹം ഒരുപക്ഷേ തന്റെ സേവനത്തിനായി തെരഞ്ഞെടുക്കുക സ്വന്തം ഗ്രാമത്തെ ആയിരിക്കും, അല്ലെങ്കില്‍ മറ്റൊരു ഗ്രാമം. കാരണം അദേഹത്തിന്റെ കുടുംബവും സാധാരണക്കാരായ മനുഷ്യരും എങ്ങനെയാണ് ജീവിച്ചുപോകുന്നത് ആ ഡോക്ടറിന് അറിയാന്‍ സാധിക്കും. അതുകൊണ്ടാണ് ഗ്രാമത്തിലുള്ളവരും പാവപ്പെട്ടവരും വഞ്ചിക്കപ്പെടരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

തമിഴ്നാട്ടിലെ ഓരോ ജില്ലയിലും മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍. അത് സംസ്ഥാനത്തെ ജനങ്ങളുടെ പണം കൊണ്ടാണ് സര്‍ക്കാര്‍ നടപ്പിലാക്കുക. അങ്ങനെയുള്ള മെഡിക്കല്‍ കോളേജുകളില്‍ ആര് പണിയെടുക്കണമെന്ന് തീരുമാനിക്കേണ്ടത് ആരാണ്? മെഡിക്കല്‍ കോളേജുകള്‍ നിര്‍മിക്കുക എന്നത് സംസ്ഥാനത്തിന്റെ പോളിസിയാണ്. എന്നാല്‍ ഇവിടെയെല്ലാം ആര് പണിയെടുക്കുമെന്ന ചോദ്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ മുമ്പിലേക്ക് ഡി.എം.കെ വെക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ നടപടികളില്‍ ഭയവും കോപവുമുണ്ട്. സാമൂഹിക നീതിക്കായി തമിഴ്നാട്ടിലെ ജനത നൂറ്റാണ്ടുകളായി പോരാട്ടം നടത്തിവരികയാണ്. പല രീതിയിലും തങ്ങള്‍ അധിക്ഷേപിക്കപ്പെട്ടു. തമിഴ് സംസാരിക്കുന്നതിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, ജാതിയുടെ പേരില്‍ എല്ലാം. എന്നാല്‍ ഈ അധിക്ഷേപങ്ങളെയെല്ലാം തമിഴ് മക്കള്‍ തകര്‍ത്തുക്കളഞ്ഞു. ഈ പോരാട്ടം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഇതിനേക്കാള്‍ ശക്തമായി ഞങ്ങള്‍ ഈ പോരാട്ടം തുടരും.

ബി.ജെ.പി സര്‍ക്കാര്‍ നിയന്ത്രിക്കുന്ന നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കും പണമുള്ളവര്‍ക്കും വേണ്ടിയുള്ളതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കായിക-യുവജന ക്ഷേമമന്ത്രി ഉദയനിധി സ്റ്റാലിനും ശക്തമായി പ്രതിരോധിക്കുന്നുണ്ട്. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ബാധിക്കുന്ന നീറ്റ് ക്രമക്കേട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉദയനിധി നടത്തുന്ന പോരാട്ടം വളരെ ശക്തമാണ്. ഡി.എം.കെ ഇപ്പോള്‍, ബി.ജെ.പി സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം രാജ്യത്തെ പല മേഖലകളിലായി നടന്ന അഴിമതികളെയും അട്ടിമറികളെയും കുറിച്ച് അന്വേഷിക്കാനുള്ള നടപടിക്രമങ്ങളിലാണ്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Content Highlight: Leaders of prominent student organizations in the country have responded to Dool News regarding irregularities in national examinations

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.