കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ വോട്ടിന് പ്രതിഫലം വാഗ്ദാനം ചെയ്ത പ്രവാസി സംഘടന ഇന്‍കാസ് യൂത്ത് വിംഗിനെതിരെ പരാതി നല്‍കി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ എം. സ്വരാജ്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് പരാതി നല്‍കിയത്.
ഉമാ തോമസിന് ഏറ്റവും വലിയ ലീഡ് യു.ഡി.എഫിന് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മറ്റിയ്ക്ക് 25,001 രൂപാ സമ്മാനം നല്‍കുന്നു എന്നതായിരുന്നു പരസ്യം. ഉമാ തോമസിന്റെ ചിത്രം സഹിതമായിരുന്നു പരസ്യം. ഇത് സമൂഹ മാധ്യമങ്ങളിലും വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.
ബൂത്ത് കമ്മറ്റി അംഗങ്ങള്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ കൂടിയായതിനാല്‍ ഈ പരസ്യം വോട്ടിന് പണം വാഗ്ദാനം ചെയ്യുന്നത് തന്നെയാണെന്നാണ് സ്വരാജ് ചൂണ്ടിക്കാണിക്കുന്നത്.
സ്നേഹ സമ്മാനമെന്ന പേരിലുള്ള വാഗ്ദാനം കഴിഞ്ഞദിവസങ്ങളിലാണ് കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടത്.
സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ബോസ്‌കോ കളമശേരി രംഗത്തെത്തിയിരുന്നു. പണം കൊടുത്ത് വോട്ടര്‍മാരുടെ വോട്ട് വാങ്ങാനുള്ള നീക്കമാണിതെന്നാണ് ബോസ്‌കോയുടെ പരാതി.
ഉമ തോമസിനെതിരെ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാതി നല്‍കിയിരുന്നത്. ഉമയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എം. സ്വരാജും പരാതിയുമായി എത്തുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരം പരസ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തൃത്താലയില്‍ വി.ടി ബല്‍റാമിന് കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്തിന് 21,001 രൂപയാണ് അന്ന് ഇന്‍കാസ് വാഗ്ദാനം ചെയ്തത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു.
Content Highlights: LDF files complaint against Inkas youth wing of Thrikkakara constituency