യുവേഫ ചാമ്പ്യന്‍ ലീഗില്‍ എ.സി മിലാനെതിരെ നടന്ന മത്സരത്തില്‍ ഇന്റര്‍ മിലാന്‍ വിജയിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്റര്‍ മിലാന്റെ ജയം.
സൂപ്പര്‍താരം ലൗട്ടാരോ മാര്‍ട്ടിനെസ് ആണ് ക്ലബ്ബിനായി ഗോള്‍ നേടിയത്. മത്സരത്തിന് ശേഷം തന്റെ ദേശീയ ടീമായ അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് കൃതജ്ഞതയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.
മത്സരത്തില്‍ ലൗട്ടാരോ മാര്‍ട്ടിനെസാണ് തന്റെ ടീമിന്റെ ക്യാപ്റ്റന്‍സി ചുമതല വഹിച്ചിരുന്നത്. ലോകകപ്പില്‍ അസാധ്യ പ്രകടനം കാഴ്ചവെച്ച് തങ്ങള്‍ക്ക് ചാമ്പ്യന്‍ഷിപ്പ് നേടിത്തന്ന ലയണല്‍ മെസിയില്‍ നിന്നാണ് താന്‍ ലീഡര്‍ഷിപ്പ് പഠിച്ചതെന്നാണ് മാര്‍ട്ടിനെസ് പറഞ്ഞത്.
യു.സി.എല്ലില്‍ മികച്ച പെര്‍ഫോമന്‍സ് പുറത്തെടുത്ത് ടീമിനെ ജയത്തിലേക്ക് നയിക്കാനായതില്‍ മെസിക്കും തന്റെ സഹതാരങ്ങള്‍ക്കും നന്ദിയറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഈ സീസണില്‍ മാനസികമായി ഞാന്‍ ഒത്തിരി വളര്‍ന്നിട്ടുണ്ട്. എന്റെ സഹതാരങ്ങള്‍ എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്. ഞാന്‍ മെസിയോടും കൃതജ്ഞത അറിയിക്കുന്നു. അദ്ദേഹത്തില്‍ നിന്ന് ഞാനൊരുപാട് പഠിച്ചിട്ടുണ്ട്. അദ്ദേഹത്തോട് സംസാരിക്കുന്നതിലൂടെയും അല്ലാതെയുമൊക്കെ ഒരുപാട് പഠിക്കാന്‍ പറ്റി.
ലോകചാമ്പ്യന്‍ഷിപ്പ് പട്ടം കൂടെയുണ്ടായിരിക്കുന്നത് വലിയ കാര്യമാണ്. ലോകകപ്പ് ടൂര്‍ണമെന്റിലൂടെ ലീഡര്‍ഷിപ്പിനെ കുറിച്ച് മെസിയില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. ഒരു ക്യാപ്റ്റനാവുകയെന്നത് വളരെ പ്രത്യേകത നിറഞ്ഞ കാര്യമാണ്. ഇന്നത്തെ സായാഹ്നം ജീവിതത്തിലുടനീളം എന്നോടൊപ്പമുണ്ടാകും,’ മാര്‍ട്ടിനെസ് പറഞ്ഞു.
അതേസമയം, യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയെയോ റയല്‍ മാഡ്രിഡിനെയോ നേരിടും. മെയ് 17ന് ഇതിഹാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ സിറ്റിസെന്‍സ് ലോസ് ബ്ലാങ്കോസുമായി കൊമ്പുകോര്‍ക്കും.
ജൂണ്‍ 10ന് തുര്‍ക്കി ഇസ്താന്‍ബുളിലെ അറ്റാത്തുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തിലാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടം നടത്തുക.