Kerala News
വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 07, 10:24 am
Friday, 7th June 2024, 3:54 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത ഉണ്ടെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന രണ്ട് ദിവസം കൂടെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

24 മണിക്കൂറിനുള്ളില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Content Highlight: latest weather updates kerala, heavy rain alert