Kerala News
നീണ്ട പരിശ്രമം ഫലം കണ്ടു; അട്ടമലയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 31, 01:50 pm
Wednesday, 31st July 2024, 7:20 pm
കെ.എസ്‌.ഇ.ബി മേപ്പാടി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയറുടെ നേതൃത്വത്തിൽ രണ്ട് ടീമുകളായി തിരിഞ്ഞ് ഇന്ന് രാവിലെ മുതൽ തുടങ്ങിയ പരിശ്രമമാണ് ഇപ്പോൾ ഫലം കണ്ടത്.

മേപ്പാടി: ഉരുൾ പൊട്ടലിൽ തകർന്ന അട്ടമലയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ.വി വൈദ്യുതി ശൃംഖല പുനർനിർമിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതിയെത്തിച്ചത്. നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തിക്കാനായിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

കെ.എസ്‌.ഇ.ബി മേപ്പാടി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയറുടെ നേതൃത്വത്തിൽ രണ്ട് ടീമുകളായി തിരിഞ്ഞ് ഇന്ന് രാവിലെ മുതൽ തുടങ്ങിയ പരിശ്രമമാണ് ഇപ്പോൾ ഫലം കണ്ടത്.

ചൂരൽമലയിൽ നിന്ന് താത്കാലിക പാലത്തിലൂടെ  ജീവനക്കാരെയും അവശ്യ ഉപകരണങ്ങളും അട്ടമലയിൽ എത്തിച്ചായിരുന്നു പുനസ്ഥാപന പ്രവർത്തനം.

ചൂരൽമല ടൗണിലെ ഇലക്ട്രിക്കൽ സംവിധാനവും സജ്ജമാക്കിക്കഴിഞ്ഞിട്ടുണ്ട്. രാത്രിയിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിന് ഇത് വലിയൊരു ആശ്വാസം പകർന്നിട്ടുണ്ട്.

അതേസമയം മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 251 പേരാണ് മരിച്ചത്. മണരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചനകൾ. പൊത്തുകല്ലിൽ നിന്ന് 20 മൃതദേഹങ്ങളാണ് ഇന്ന് കിട്ടിയത്. നിരവധി പേരെ ഇനിയും തിരിച്ചറിയാനുണ്ട്.

Content Highlight: landslide in wayanad; electricity has been restored in attamala