ലണ്ടന്‍: കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രൂക്ഷമായി വിമര്‍ശിച്ച് അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണലായ ദി ലാന്‍സെറ്റ്. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തേയും എഡിറ്റോറിയലില്‍ ലാന്‍സെറ്റ് വിമര്‍ശിക്കുന്നുണ്ട്.
കൊവിഡിനെ പ്രതിരോധിക്കേണ്ട സമയത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ ഇല്ലാതാക്കാനാണ് മോദി ശ്രമിച്ചതെന്ന് ലാന്‍സെറ്റ് പറയുന്നു. ഇത് അംഗീകരിക്കാനാകില്ലെന്നും എഡിറ്റോറിയലില്‍ പറയുന്നു.
വൈറസിന്റെ രണ്ടാം തരംഗമുണ്ടാകുമെന്നും ജനിതകമാറ്റങ്ങളുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുകളെ കേന്ദ്രം അവഗണിച്ചു. രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയപ്പോഴേക്ക് രാജ്യം കൊവിഡിനെ പിടിച്ചുകെട്ടി എന്ന് അവകാശപ്പെട്ട് ആരോഗ്യമന്ത്രി രംഗത്തെത്തിയെന്നും ജേര്‍ണലില്‍ പറയുന്നു.
‘രാഷ്ട്രീയമായ ഒത്തുചേരലുകള്‍ക്കും മതപരമായ ആഘോഷങ്ങള്‍ക്കും സര്‍ക്കാര്‍ യഥേഷ്ടം അനുമതി നല്‍കി. കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങാന്‍ വൈകി. തുടങ്ങിയ ശേഷവും വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തിയില്ല’, ജേര്‍ണലില്‍ പറയുന്നു.