2012ലാണ് ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി അയാളും ഞാനും തമ്മില്‍ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് അതിന് മുമ്പ് ചെയ്ത വേഷങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന കഥാപാത്രമായിരുന്നു ചിത്രത്തിലെ രവി തരകന്‍.
ഇപ്പോഴിതാ പൃഥിയുടെ ജീവിതത്തിലും സിനിമയിലും ഒരുപോലെ വെല്ലുവിളി നേരിടുന്ന സമയത്താണ് ആ ചിത്രം റിലീസായത് എന്ന് പറഞ്ഞിരിക്കുകയാണ് ലാല്‍ ജോസ്.
താന്‍ ഏറ്റവും പുതുതായി സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകള്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സെന്‍സേഷന്‍സ് ടി.വി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇക്കാര്യം പറഞ്ഞത്.
ഇപ്പോള്‍ പൃഥ്വിരാജിന്റെ ഒരു ചിത്രം തിയേറ്ററില്‍ എത്തിയാല്‍ ആളുകള്‍ പ്രശ്‌നം ഉണ്ടാക്കുമെന്നുവരെ തന്നോട് പറഞ്ഞവരുണ്ടെന്നും ഏതോ അഭിമുഖത്തില്‍ എന്തോ പറഞ്ഞു എന്നതിന്റെ പേരില്‍ അയാള്‍ക്കെതിരായി ഇന്‍സള്‍ട്ടിങ് കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ഇട്ടിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു.
‘സ്വകാര്യ ജീവിതത്തിലും സിനിമയിലും ഒരേ പോലെ പൃഥ്വിരാജ് വെല്ലുവിളി നേരിടുന്ന സമയത്താണ് അയാളും ഞാനും തമ്മില്‍ ചെയ്യുന്നത്. ഏതോ അഭിമുഖത്തില്‍ അയാള്‍ എന്തോ പറഞ്ഞു എന്ന പേരില്‍ പൃഥ്വിരാജിനെതിരെ വളരെ മോശം കമന്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ അയാളെ എടുത്ത് ഉടുക്കുന്ന സമയുമായിരുന്നു. എന്നോട് സിനിമ തുടങ്ങിയപ്പോള്‍ പലരും പറഞ്ഞു ഈ സമയത്ത് അയാളുടെ സിനിമ വന്നാല്‍ തിയേറ്ററില്‍ പ്രശ്‌നമുണ്ടാകുമെന്ന്. പക്ഷെ എനിക്ക് ഉറപ്പുണ്ടായിരുന്നു രവി തരകന്‍ പൃഥ്വിരാജില്‍ ഭദ്രമായിരിക്കുമെന്ന്,’ ലാല്‍ ജോസ് പറയുന്നു.
തന്റെ മുന്‍ കാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരുപാട് ലൊക്കേഷനില്‍ ഷൂട്ട് ചെയ്ത ചിത്രമാണ് അയാളും ഞാനും തമ്മില്‍ എന്നും ലാല്‍ ജോസ് പറയുന്നുണ്ട്.
‘ചിത്രത്തിലെ മെഡിക്കല്‍ കോളേജ് ഭാഗങ്ങള്‍ തന്നെ മൂന്ന് മെഡിക്കല്‍ കോളേജുകളില്‍ ആയിട്ടാണ് ഷൂട്ട് ചെയ്തത്. എന്റെ സിനിമകളില്‍ ഏറ്റവും കുടുതല്‍ ലൊക്കേഷനില്‍ ഷൂട്ട് ചെയ്ത ചിത്രമാണ് അയാളും ഞാനും തമ്മില്‍,’ ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ത്രില്ലര്‍ ജോണറില്‍ ഒരുങ്ങിയിരിക്കുന്ന സോളമന്റെ തേനീച്ചകള്‍ ഓഗസ്റ്റ് 18നാണ് റിലീസ് ചെയ്യുന്നത്. ഒരുപാട് പുതുമുഖങ്ങളെ ലാല്‍ജോസ് ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോജു ജോര്‍ജാണ്.
പുതുമുഖ താരങ്ങളായ ശംഭു മേനോന്‍, ആഡിസ് ആന്റണി, ദര്‍ശന എന്നിവര്‍ക്കൊപ്പം മലയാളികളുടെ പ്രിയതാരം വിന്‍സി അലോഷ്യസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
ബിനു പപ്പു, സുനില്‍ സുഗത, ജോണി ആന്റണി, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. വിദ്യാസാഗര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത് രഞ്ജന്‍ എബ്രഹാമാണ്.