കവരത്തി: ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ലക്ഷദ്വീപിലെ ബി.ജെ.പി. അഡ്മിനിസ്‌ട്രേറ്ററുടെ കാര്യത്തില്‍ പുനരാലോചന വേണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറി എച്ച്. കെ മുഹമ്മദ് കാസിമാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. മീഡിയാ വണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപിലെ ക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കിയെന്നും ദ്വീപിലെ ദുരിത സാഹചര്യം കണക്കിലെടുക്കാതെ ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുന്നുവെന്നും കത്തില്‍ പറയുന്നു.
അഡ്മിനിസ്‌ട്രേറ്റര്‍ തങ്ങളോട് സഹകരിക്കുന്നില്ലെന്നും ക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കിയെന്നും ദ്വീപിലെ ദുരിത സാഹചര്യം കണക്കിലെടുക്കാതെ ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുകയാണെന്നും കത്തില്‍ പറയുന്നു.
കര്‍ഷകര്‍ക്കുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി. വിവിധ പദ്ധതികള്‍ നിര്‍ത്തലാക്കി. 500 താത്കാലിക തദ്ദേശീയ ജീവനക്കാരെ പിരിച്ചുവിട്ടു.15 സ്‌കൂളുകള്‍ അടച്ചുപൂട്ടിയെന്നും കാസിം കത്തില്‍ പറയുന്നു.
അഡ്മിനിസ്‌ട്രേറ്റര്‍ കുറച്ച് ദിവസം മാത്രമേ എത്താറുള്ളുവെന്നും കാസിം പറയുന്നു.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.
മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് പെട്ടെന്ന് മരിച്ചതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേല്‍ നിയമിക്കപ്പെട്ടത്. മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയാണ് പ്രഫുല്‍ പട്ടേല്‍.
ലക്ഷദ്വീപില്‍ പ്രതിഷേധം പുകയുന്നതിനിടെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിത്ര, അഗത്തി ദ്വീപുകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഫ്രഫൂല്‍ പട്ടേലിന്റെ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചതിനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
അഗതി ദ്വീപില്‍ നിന്ന് മൂന്ന് കുട്ടികളെയും ബിത്ര ദീപില്‍ നിന്നും ഇലക്ട്രിസിറ്റി ജീവനക്കാരനായ ഷെഫീഖിനെയുമാണ് കവരത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. വെറും ഹായ് എന്നുമാത്രമാണ് ഷെഫീഖ്, അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് അയച്ച സന്ദേശം.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്.