കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപിലെ ഏക എം. പി മുഹമ്മദ് ഫൈസല്‍. ജനദ്രോഹ നയങ്ങള്‍ മുന്നോട്ട് വെക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാണ് ലക്ഷദ്വീപ് എം. പി ആവശ്യപ്പെട്ടിരിക്കുന്നത്.
പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപില്‍ ചുമതലയേറ്റപ്പോള്‍ മുതല്‍ പ്രത്യേക രീതിയിലുള്ള നിയമനിര്‍മാണത്തിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് എം. പി പ്രതികരിച്ചു.
കൊവിഡ് തുടങ്ങിയപ്പോള്‍ മുതല്‍ അഡ്മിനിസ്‌ട്രേഷന്‍ ഒരുക്കിയ ക്വാറന്റീന്‍ സംവിധാനത്തില്‍ ഇളവ് വരുത്തിയതായിരുന്നു ആദ്യം ചെയ്ത നടപടി. ഇതുമൂലം കഴിഞ്ഞ ജനുവരി മുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ആദ്യ ഒരു വര്‍ഷം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത നിയന്ത്രണങ്ങളായിരുന്നു നടത്തിയിരുന്നതെങ്കില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ കൊവിഡ് കേസുകളും വര്‍ധിച്ചതായി എം. പി പറഞ്ഞു.
ക്രൈം റേറ്റ് ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്ത ലക്ഷദ്വീപില്‍ ജനപ്രതിനിധിയോടോ ജനാധിപത്യ സംവിധാനങ്ങളോടോ ആലോചിക്കാതെ ഗുണ്ടാ ആക്ട് നടപ്പാക്കാന്‍ തീരുമാനിച്ചു. നാഷണല്‍ ക്രൈം ബ്യൂറോ ഓഫ് റെക്കോര്‍ഡില്‍ തട്ടിക്കൊണ്ടു പോകലോ തീവ്രവാദ ആക്രമണമോ പൂജ്യമായിട്ടുള്ള സ്ഥലത്താണ് ഇത്തരത്തിലുള്ള നിയമ നിര്‍മാണം നടത്താന്‍ തീരുമാനച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താനാണ് ഈ നിയമം നടപ്പാക്കാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫാം അടച്ചു പൂട്ടാനും ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനമെടുത്ത് അമൂല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്നും എം. പി പറഞ്ഞു.
സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ ലക്ഷദ്വീപില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.
ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭാ എം.പി എളമരം കരീം, നടന്‍ പൃഥ്വിരാജ്, നടി റിമ കല്ലിങ്കല്‍, ഫുട്‌ബോള്‍ താരം സി. കെ വിനീത് തുടങ്ങി നിരവധി പേരാണ് ലക്ഷദ്വീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്.