കവരത്തി: ലക്ഷദ്വീപില്‍ ഹെല്‍ത്ത് ഡയറക്ടറെ സ്ഥലം മാറ്റി അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ്. കവരത്തിയിലെ ആരോഗ്യ ഡയറക്ടറായിരുന്ന ഡോക്ടര്‍ എം.കെ. സൗദാബിയെയാണ് മെഡിക്കല്‍ ഓഫീസറായി സ്ഥലം മാറ്റിയത്.
സേവ് ലക്ഷദ്വീപ് ഫോറവുമായി സഹകരിച്ച ബി.ജെ.പി. നേതാവ് ജാഫര്‍ ഷായുടെ ഭാര്യയാണ് എം.കെ. സൗദാബി. ഇവരെക്കാള്‍ ജൂനിയറായ ഡോ എം.കെ. ബഷീറിനാണ് പകരം ചുമതല നല്‍കിയത്.
നേരത്തെ ലക്ഷദ്വീപില്‍ തസ്തികകള്‍ വെട്ടിക്കുറക്കാന്‍ അഡ്മിനിസ്‌ട്രേഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഗ്രാമവികസന വകുപ്പും ഡി.ആര്‍.ഡി.ഐയും ലയിപ്പിക്കാനും മലയാളം, മഹല്‍ ഭാഷ പരിഭാഷയുടെ തസ്തിക വേണ്ടെന്നുവെക്കാനുമാണ് പുതിയ ശുപാര്‍ശ.
ഇതുപ്രകാരം 35 തസ്തികകള്‍ നീക്കം ചെയ്യാനാണ് അഡ്മിനിസ്ട്രേഷന്റെ തീരുമാനം. പുതിയ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരാനാണ് ദ്വീപ് ജനതയുടെ തീരുമാനം.
ഇതിനിടെ പ്രഫുല്‍ ഖോഡാ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി അധികാരമേറ്റതിന് ശേഷം ലക്ഷദ്വീപില്‍ ജോലി നഷ്ടപ്പെട്ടവരുടെ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്.വികസനത്തിന്റെ പേരില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരത്തിന്റെ മറവില്‍ അങ്കണവാടി ജീവനക്കാര്‍, വിദ്യാഭ്യാസ വകുപ്പ്, ടൂറിസം, മറൈന്‍ വാച്ചേഴ്‌സ്, കൃഷി വകുപ്പ്, മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് കൂട്ടപിരിച്ചുവിടല്‍ നടത്തിയത്.
ഇതുവരെയായി 2000ത്തോളം ജീവക്കാര്‍ക്കാണ് ജോലി നഷ്ടമായെന്നാണ് കണക്കുകള്‍ പറയുന്നത്. താല്‍ക്കാലിക ജീവനക്കാരും 10 വര്‍ഷത്തിലേറെ കരാര്‍, താല്‍ക്കാലിക, ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തവരും പിരിച്ചുവിടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്.
വിവിധ വകുപ്പുകളില്‍ നിന്നു പിരിച്ചുവിടപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ടവരുമായ നിരവധി പേര്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ വീടുകളിലും മറ്റും പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധം അറിയിച്ചു.
അതേസമയം, ചെലവ് ചുരുക്കലിന്റെ ഭാഗമെന്നും മറ്റും പറഞ്ഞാണ് പിരിച്ചുവിടലെങ്കിലും അഡ്മിനിസ്‌ട്രേറ്ററുടെ ഒറ്റ യാത്രയ്ക്കു മാത്രം 23 ലക്ഷം രൂപ ചെലവിട്ടതിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.