'പ്രണയം ശക്തമാകുന്നു', ഇഷ്ട ക്ലബ്ബിലേക്ക് പോകാനൊരുങ്ങി എംബാപ്പെ
Football
'പ്രണയം ശക്തമാകുന്നു', ഇഷ്ട ക്ലബ്ബിലേക്ക് പോകാനൊരുങ്ങി എംബാപ്പെ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th December 2022, 12:35 pm

ഖത്തര്‍ ലോകകപ്പിലെ ശക്തമായ പോരാട്ടത്തിനൊടുവില്‍ വിശ്വകിരീടം അര്‍ജന്റീനക്ക് കൈമാറേണ്ടി വന്നെങ്കിലും ഉജ്വല പ്രകടനം കാഴ്ചവെച്ച് കയ്യടി നേടിയ താരമാണ് ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ.

ഫൈനലിലെ ഹാട്രിക് അടക്കം എട്ട് ഗോളുകള്‍ അക്കൗണ്ടിലാക്കിയ എംബാപ്പെ ഫിഫ ലോകകപ്പ് 2022ലെ ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കി. അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ പിന്തള്ളിയാണ് 24കാരനായ എംബാപ്പെയുടെ നേട്ടം.

നിലവില്‍ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിനായി ബൂട്ടുകെട്ടുന്ന താരത്തെ സ്വന്തമാക്കാന്‍ പല വമ്പന്‍ ക്ലബ്ബുകളും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചെങ്കിലും ലോക ഫുട്‌ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ വേതനം നല്‍കിയാണ് ക്ലബ്ബ് താരത്തെ നിലനിര്‍ത്തിയത്.

എന്നാല്‍ റയല്‍ മാഡ്രിഡിനോട് തനിക്ക് പ്രണയമാണെന്നും ക്ലബ്ബിലേക്ക് ചേക്കേറാന്‍ അതിയായ ആഗ്രഹമുണ്ടെന്നും എംബാപ്പെ പലപ്പോഴായി തുറന്നു പറഞ്ഞിരുന്നു. എംബാപ്പെയെ പോലൊരു ഗോള്‍ മെഷീന്‍ ടീമിലുള്ളത് എക്കാലവും ഗുണകരമാണെന്ന് തിരിച്ചറിഞ്ഞ പി.എസ്.ജി താരത്തെ വിടാന്‍ ഒരുക്കമായിരുന്നില്ല.

എന്നിരുന്നാലും, ജനുവരിയില്‍ ആരംഭിക്കാനിരിക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ താരം മാഡ്രിഡിലേക്ക് കൂടുമാറ്റം നടത്തുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറെന്റിനൊ പെരെസിന്റെ സ്വപ്ന ട്രാന്‍സ്ഫര്‍ ആണ് എംബാപ്പെയെ ക്ലബ്ബില്‍ എത്തിക്കുക എന്നത്. കഴിഞ്ഞ സീസണില്‍ തന്നെ ഇക്കാര്യത്തില്‍ ഫ്‌ളോറെന്റീനൊ പെരെസ് നീക്കം നടത്തിയിരുന്നെങ്കിലും അത് നടന്നില്ല. എന്നാല്‍ വീണ്ടും താരത്തിനായി രംഗത്തെത്തിയ പെരെസ് 150 മില്യണ്‍ യൂറോ ( 1320 കോടി രൂപ ) യൂറോയാണ് വാഗ്ദാനം ചെയ്തത്.

അതേസമയം പി.എസ്.ജിയില്‍ തിരിച്ചെത്തി എംബാപ്പെ പരിശീലനം ആരംഭിച്ച റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലോകകപ്പിന് ശേഷം പത്ത് ദിവസത്തെ അവധിയില്‍ പോകുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നുവെങ്കിലും തീരുമാനം മാറ്റി ക്ലബിനൊപ്പം ചേരുകയായിരുന്നു.

ഫൈനലിലെ തോല്‍വിയില്‍ നിന്ന് താന്‍ മോചിതനായെന്നാണ് എംബാപ്പെ പ്രതികരിച്ചത്. ഇതോടെ 28ന് സ്‌ട്രോസ്ബര്‍ഗിനെതിരായ മത്സരത്തില്‍ താരം കളിച്ചേക്കും.

Content Highlights: Kylian Mbappe’s signing with Real Madrid