കുവൈത്ത് തീപിടിത്തം; ഞങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ല, എങ്കിലും ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കും: എന്‍.ബി.ടി.സി എം.ഡി കെ.ജി. എബ്രഹാം
Kerala News
കുവൈത്ത് തീപിടിത്തം; ഞങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ല, എങ്കിലും ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കും: എന്‍.ബി.ടി.സി എം.ഡി കെ.ജി. എബ്രഹാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th June 2024, 5:27 pm

തിരുവനന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ പ്രതികരണവുമായി എന്‍.ബി.ടി.സി എം.ഡി കെ.ജി. എബ്രഹാം. തീപിടിത്തം ഉണ്ടായത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വികാരനിര്‍ഭരനായാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. കുവൈത്ത് സര്‍ക്കാരിനും ഇന്ത്യൻ സര്‍ക്കാരിനും ഇന്ത്യന്‍ എംബസിക്കും അപകടം ഉണ്ടായതിന് ശേഷം കൂടെ നിന്നതിന് അദ്ദേഹം നന്ദി പറഞ്ഞു.

അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കെ.ജി. എബ്രഹാം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ വീഴ്ച കൊണ്ടല്ല തീപിടിത്തം ഉണ്ടായതെങ്കിലും അപകടത്തിന്റെ ഉത്തരവാദിത്തം കമ്പനിക്കുണ്ട്. മരിച്ചവരുടെ നാല് വര്‍ഷത്തെ ശമ്പളം ഇന്‍ഷുറന്‍സ് തുകയായി കുടുംബങ്ങള്‍ക്ക് നല്‍കുമെന്നും കെ.ജി. എബ്രഹാം പറഞ്ഞു.

‘അപകടം ഉണ്ടായപ്പോള്‍ ഞാന്‍ തിരുവനന്തപുരത്തായിരുന്നു. അവിടെ വെച്ചാണ് ഈ വാര്‍ത്ത അറിഞ്ഞത്. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. സ്വന്തം കുടുംബാംഗത്തെ പോലെയാണ് ഞങ്ങള്‍ ഓരോ തൊഴിലാളികളെയും കണ്ടിരുന്നത്. എല്ലാവരുടെയും സുരക്ഷക്ക് കമ്പനി വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഇന്ത്യനെന്നോ പാകിസ്താനിയെന്നോ വ്യത്യാസമില്ലാതെയാണ് ഓരോ തൊഴിലാളിയെയും ഞങ്ങള്‍ സമീപിച്ചിരുന്നത്. അപകടം ഉണ്ടായപ്പോള്‍ വളരെ പെട്ടെന്ന് തന്നെ കുവൈത്ത് സര്‍ക്കാരും ഇന്ത്യന്‍ സര്‍ക്കാരും എല്ലാ സഹായങ്ങളും ചെയ്ത് തന്നു. അതിന് കമ്പനിയുടെ പേരില്‍ ഇരു സര്‍ക്കാരുകള്‍ക്കും ഇന്ത്യന്‍ എംബസിക്കും നന്ദി പറയുന്നു,’ കെ.ജി. എബ്രഹാം പറഞ്ഞു.

അപകടം നടന്ന സമയത്ത് 80ല്‍ കൂടുതല്‍ ആളുകള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈത്തിലെ മംഗേഫിലെ എന്‍.ബി.ടി.സി തൊഴിലാളി ക്യാമ്പില്‍ ബുധനാഴ്ച ആയിരുന്നു തീപിടിത്തം ഉണ്ടായത്. മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെയാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്.

അതിനിടെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന 14 മലയാളികള്‍ അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Content Highlight: kuwait fire, The company will protect the families; NBTC MD KG Abraham